എന്റെ ഖസ്ബ, അവരുടെ ഖൽബ

Tuesday, May 25, 2010

ആയിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, അറേബ്യയുടെ തെക്കുഭാഗത്ത് ബുദ്ധിമാനായ ഒരു അറബി ജീവിച്ചിരുന്നു.

ടെഫാലിന്റെ പുത്തന്‍ നോണ്‍സ്റ്റിക്ക് ഫ്രയ്യിങ്ങ് പാനില്‍ ഡബിള്‍ ബുള്‍സായ് ഉണ്ടാക്കിയ പോലെ, ഏതോ ഒരു സ്ക്രാപ്പ് സ്വപ്നത്തില്‍ ഞാന്‍ മാനത്ത് കണ്ട ജ്വലിക്കുന്ന ഇരട്ട ചന്ദ്രബിംബങ്ങള്‍ പോലെ, അദ്ദേഹത്തിന് ഖസ്ബ എന്നും ഖല്‍ബ എന്നും പേരായ അതിസുന്ദരികളായ രണ്ട് പെണ്മക്കളുണ്ടായിരുന്നു. ഏതാണ്ട് വില്ല്യംസ് സഹോദരിമാരുടെ പോലെ വരും!

അന്ന് അറേബിയയില്‍ ഇവരെ വരിക്കാന്‍ പേഴ്സണാലിറ്റിയുള്ള ആരേയും കിട്ടാതെ ആ അറബി പിതാവ് തന്റെ മക്കള്‍ക്ക് ചേര്‍ന്ന ഭര്‍ത്താക്കള്‍ക്ക് വേണ്ടി ജി.സി.സി.മുഴുവന്‍ തിരഞ്ഞു. തിരച്ചിൽ ആഴ്ചകളും മാസങ്ങളും നീണ്ടു.

തേടി തേടി അദ്ദേഹമവസാനം, ഒരു മകളെ ഷാര്‍ജ്ജ അല്‍ഖാന്‍ ഭാഗത്തേക്കും മറ്റയാളെ ഷാര്‍ജ്ജ നാഷണല്‍ പെയിന്റ്സ് സിഗ്നലിന്റെ അവിടന്ന് നേരെ ഏകദേശം നൂറ് കിലോമീറ്റര്‍ പോയാല്‍ എത്തുന്ന സ്ഥലത്തേക്കും കെട്ടിച്ചുവിട്ടു. കാലാന്തരേ ഈ പ്രദേശങ്ങള്‍ ഇവരുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

ഷാർജ്ജ ഖസ്ബ കനാലിന്റെ തീരത്ത് താമസിക്കുന്ന ഞാന്‍ കഴിഞ്ഞയാഴ്ച ഖോർ ഖല്‍ബയിലേക്ക് വീണ്ടും ടൂര്‍ പോയി എന്ന് പറയാന്‍ വേണ്ടിയാണ് ഇത്രേം പറഞ്ഞത്. ക്ഷമിക്കണം.

ഞാന്‍ താമസിക്കുന്ന ഏരിയയായതുകൊണ്ട് വെറുതെ പൊക്കിപറയുകയാണെന്ന് തോന്നരുത് യു.എ.ഇ. യില്‍ താമസിക്കാന്‍ ഷാര്‍ജ്ജ ബുഹൈര കോര്‍ണിഷ് കഴിഞ്ഞേ ഏതുമുള്ളൂ! ;)

ഹോ! എന്താ ഒരു ഐശ്വര്യം? എന്താ ഒരു വൃത്തി? എന്താ ഒരു ഇത്? യു.എ.ഇ.ടെ മൊത്തം സൌന്ദര്യവും അടിച്ചുവാരി ടിപ്പറ് ലോറിയില്‍ കൊണ്ടുവന്നങ്ങ് തട്ടിയേക്കുവല്ലേ?!

പണ്ടിതൊന്നുമല്ലായിരുന്നു സ്ഥിതി. എന്നുവച്ചാല്‍ കഷ്ടി രണ്ടു വര്‍ഷം മുന്‍പ് മുതലാണ് പെട്ടെന്നിങ്ങിനെയായി മാറിയത്. അതിന് മുന്‍പ്, ബര്‍ദുബായ് ബസ്റ്റ് സ്റ്റാന്റിന്റെ ഏരിയയും, ഷാര്‍ജ്ജ റോളയിലെ ബാങ്ക് സ്ട്രീറ്റുമൊക്കെയായിരുന്നു.

ബുഹൈര കോർണിഷിനെ പറ്റി പറഞ്ഞാൽ തീരില്ല.

നല്ല ക്ലൈമറ്റാണേ വെള്ളിയാഴ്ചകളില്‍ സൂര്യൻ കെ.ജി.വണ്ണിൽ പോകും പ്രായത്തിൽ, ഒരാറുമണിക്ക് കോര്‍ണിഷിന്റെ ലേയ്ക്കിന്റെ ഭാഗത്ത് പോയാല്‍, തിരിച്ച് വീട്ടില്‍ പോകാന്‍ തോന്നില്ല.

മോണിങ്ങ് വാക്കിനിറങ്ങിയ സിറിയക്കാരി പെണ്ണുങ്ങൾ തുള്ളി തുള്ളി പോകുന്നത് കണ്ടിട്ടല്ല,

ഇളം വെയിലില്‍ ഗ്ലാസ് ബില്‍ഡിങ്ങുകളെല്ലാം സ്വര്‍ണ്ണവർണ്ണമായി തിളങ്ങി നില്‍ക്കും. മഞ്ഞിൽ നനഞ്ഞ് കറുകറുത്ത റോഡും, പച്ചകാര്‍പെറ്റ് വിരിച്ചപോലെയുള്ള പുല്‍ത്തകിടിയും, ഡേയ്റ്റ്സ് മരങ്ങളും, ലേയ്ക്കും ലേയ്ക്കിന് നടുക്കിലുള്ള 24 ഹവേഴ്സും വെള്ളം ചൂറ്റുന്ന ഫൌണ്ടനും ചുറ്റിനും കാവൽ നിൽക്കുന്ന അംബരചുമ്പന്മാരും, ഹോ!!

“വൃശ്ചിക പൂങ്കാറ്റേ... വശ്യസുന്ദരമാം ബുഹൈര കോര്‍ണിഷിലെ ടൂ‍റിസ്റ്റ് ആണോ നീ?”“ എന്ന പാരഡി ഉണ്ടാക്കി പാടാൻ പോലും തോന്നിപ്പോവും.

കോർണിഷിലെ മജാസ് പാർക്ക്, ഷാർജ്ജയിലെ മറ്റേത് പാർക്കിനോടും കട്ടക്ക് നിൽക്കാൻ ഏപ്പയുള്ള പാർക്കാണ്. ആനന്ദപുരം സൈഡിലെ, കോന്തിലം പാടം പോലെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുൽത്തകിടി ഈ പാർക്കിന്റെ ഒരു ആകർഷണമാണ്. ക്ടാങ്ങൾക്ക് കളിക്കാൻ പാർക്കിന്റെ നാല് സൈഡിലും നിരവധി ഊഞ്ഞാലുകൾ, ഇഴുകിയിറങ്ങുന്ന സെറ്റപ്പ്, പിന്നെ പേരറിയാൻ പാടില്ലാത്ത ഒരുപാട് സാധനങ്ങൾ മുതലായവ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് പിള്ളേരെ കളിപ്പിക്കാൻ കൊണ്ടുപോകാൻ പറ്റിയ സ്ഥലമാണ്. ഇവിടത്തെ ചില കുട്ടികൾ ഒന്നൊന്നര സൈസായതുകൊണ്ട് ഊഞ്ഞാലുകളെല്ലാം ഒരു ആന കയറിയിരുന്നാലും പൊട്ടാത്തത്ര സ്ട്രോങ്ങ് ആയി ഉണ്ടാക്കിയിരിക്കുന്നതായി കാണാം. അതുകൊണ്ട് മുതിർന്നവർക്കും ഇരുന്ന് ആടാവുന്നതാണ്.

എക്സർസൈസ് ചെയ്യാൻ താല്പര്യമുള്ളവർക്കായി അത്യാവശ്യം ഒരു 200 കാലറി കൂളായി കത്തിക്കാൻ പറ്റിയ സെറ്റപ്പും അവിടെയുണ്ട്.

പാർക്കിന്റെ പടിഞ്ഞാറു ഭാഗത്തായി ആരുടെയോ പാസ് വേഡ് ഇല്ലാത്ത ഇന്റ‌ർനെറ്റ് കണക്ഷൻ കിട്ടുന്നതുകൊണ്ട് വൈഫൈ ഉള്ള മൊബൈലിൽ ബ്രൌസിങ്ങും നടക്കുമെന്നതിനാൽ സമയം പോകുന്നത് അറിയുകയേ ഇല്ല.

രാത്രി പത്തുമണി വരെ പ്രവേശനം അനുവദിക്കുന്ന ഈ പാർക്കിൽ, പ്രവേശനം ഫ്രീ ആണ് എന്നതാണ് ഞാൻ നോക്കിയിട്ട് ഏറ്റവും ബ്യൂട്ടി ആയ സംഗതി.

************

യാത്രാവിവരണം എഴുതാൻ വിചാരിച്ച് എഴുതി വന്നതാ... പക്ഷെ, പറഞ്ഞ് പറഞ്ഞ് മജാസ് പാർക്കിന്റെ മാർക്കറ്റിങ്ങിലെത്തി. ഇത് ഒന്ന് അവസാനിപ്പിച്ച് ഖൽബ റൂട്ടിലെത്തിക്കണമെങ്കിൽ വല്യ പാടാണ്. അതുകൊണ്ട് നിറുത്തുന്നു.

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP