സ്നിക്കേഴ്സ്
Tuesday, July 10, 2007
രാവിലെ 5:30 ന് എണീറ്റു. പല്ലു തേച്ചു. കേശാമൃതം തേച്ച്, മെഡിമിക്സ് സോപ്പ് തേച്ചു കുളിച്ചു (സത്യം).
രാവിലെ കടി ഐറ്റംസ് ഒന്നും ഉണ്ടായിരുന്നില്ല. ദോശയും ചട്ട്ണിയും ഉണ്ടാക്കി “തിന്ന് ചേട്ടാ.. തിന്ന് ചേട്ടാ..” എന്നും വിളിച്ച് പിന്നാലെ നടക്കാറുള്ള സോനയെ സ്മരിച്ച്... ചായക്ക് ചക്ക ഉപ്പേരി വച്ചഡ്ജസ്റ്റ് ചെയ്തു.
റൂമിലെ ചേട്ടന്‍ കാലത്ത് ടിഫിനുവേണ്ടി പച്ചപ്പയറ് മെഴുക്കു പുരട്ടി വക്കുന്നതു കണ്ട്, മനസ്സില്‍ കുറ്റബോധം അലയടിച്ചു. പാവം. എനിക്കാവാമായിരുന്നു.
നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേന്‍ ഒരു ടീസ്പൂണ്‍ കഴിച്ചു. അത് സോനേടേ വീട്ടീന്ന് തന്ന് വിട്ടതാ. അവള്‍ടെ വീടിന്റെ പറമ്പില്‍ അഞ്ചാറ് തേനീച്ച കൂട് വച്ചിട്ടുണ്ടല്ലോ. അതീന്ന് കിട്ടിയതാത്രേ. നല്ല മദരം!
ഫാന്‍സിയില്‍ പോയിത്തുടങ്ങിയതിന് ശേഷം മനസ്സിനൊരു ഉന്മേഷം ഉണ്ട്. ദിവസവും കുറെ ആളുകളെ കാണുന്നു. ആരുമായും കമ്പനി ആയില്ല. മൂന്നാമത്തെ സ്റ്റോപ്പില്‍ നിന്ന് കയറി മീഡിയ സിറ്റിയില്‍ ഇറങ്ങുന്ന പെണ്ണും ജെബലിക്ക് വരുന്ന ചുള്ളത്തിയും ഭയങ്കര മേയക്കപ്പാണ്. എന്റെ നല്ല പ്രായത്തായിരുന്നെങ്കില്‍ ഞാന്‍ വെല്ലുവിളിച്ച് മേയ്ക്കപ്പിട്ടേനിരുന്നു. ഇത് ഇപ്പോള്‍ മൂഡില്ല. തന്നെയുമല്ല, ഡ്രസ്സിലൊന്നും പഴയ ഭ്രമമില്ല.
ഇന്ന് ജി.എം. ന്റെ വണ്ടിയുടെ ടയര്‍ പൊട്ടി. ലേയ്റ്റായാ വന്നത്. വെയില്‍ കൊണ്ട് പാവം തൃശ്ശൂപ്പൂരം കഴിഞ്ഞ് വന്ന റോളിലാണ് വന്നത്. സ്പെയര്‍ ടയര്‍ ഗഡി തന്നെ മാറ്റി ത്രേ... (പാകായൊള്ളോ!)
വന്ന വശം തന്നെ ഗഡി പൊതിക്കെട്ട് അഴിച്ചു. കമ്പ്ലയിന്റ് വര്‍ഷം. നമുക്കെന്ത് ചെയ്യാന്‍ പറ്റും. ആള്‍ടെ വണ്ടീടെ ടയര്‍ ആള്‍ എവിടെയോ കൊണ്ടിടിച്ച് പൊട്ടിച്ചിട്ട്... :)
ജെബല്‍ അലിയിലെ ബ്രിഡ്ജ് സ്റ്റോണിന്റെ ടയര്‍ ഷോപ്പില്‍ കൊണ്ടിട്ട്, മാറ്റി. 570 ദിറഹംസ് ആയി.
പോയ നിലക്ക് കെ.എഫ്.സിയില്‍ നിന്ന് ഒരു ട്വിസ്റ്റര്‍ വാങ്ങി കഴിച്ചു. സംഗതി കാണാന്‍ പോളിച്ചയില്ല. എന്നാലും കഴിച്ചാ പാമ്പ് പെരുച്ചാഴിയെ തിന്നപോലെ ആണ്. അതുകൊണ്ട് ടിഫിന്‍ 4 മണിക്കാ കഴിച്ചത്.
ഫുള്‍ ബിസിയായിരുന്നു ഇന്ന്. ഇറാന്റെ ഒരു എല്‍.സിയും (പ്ലസ്കോ) ബഹറിന്‍ ഒരെത്സിയും (മെഷീന്‍ റോള്‍) വന്നിട്ടുണ്ട്.
ഇന്ന് മൊത്തം 22 ഷിപ്മെന്റ് നടന്നു. ഫുജൈറയിലേക്ക് ഇട്ടിമാതിയുടെ മെഷിന്‍ ഷിഫ്റ്റിങ്ങും വിജയകരമായി പൂര്‍ത്തിയാക്കി. 5 ഫോര്‍ട്ടി ഫീറ്റ് കണ്ടെയനറും 3 ട്രൈലറും ഒരു 7 ടണ്‍ പിക്കപ്പും. അവസാന നിമിഷത്തില്‍ ഇട്ടിമാതിയെ ഞാന്‍ 10 തവണ മനസ്സില്‍ തെറി വിളിക്കേണ്ടി വന്നെങ്കിലും വെയിലത്ത് കുറച്ച് ഓപ്പറേഷന്‍ വേണ്ടി വന്നെങ്കിലും എല്ലാം ശുഭപര്യവസായി ആയിരുന്നു.
പിസിസിയിലെ പുതിയ ക്ടാവ് മൊനീറി കാണാന്‍ വല്യ ഗ്ലാമറില്ലെങ്കിലും നല്ല സ്വഭാവമാണ്. മുന്‍പ് ഒരു പിശാശായിരുന്നു അവിടത്തെ അസിസ്റ്റന്റ് മാനേജരി. ശരിക്കും ജംബോ ബാഗ് പോലെ ഒരു ഇടിമന്തി.
ഇങ്ങിനെ ആണുങ്ങളെ ബഹുമാനമില്ലാത്ത പെണ്ണുങ്ങളെ ഞാന്‍ കണ്ടിട്ടില്ല. എന്തായാലും അവള്‍ ട്രാന്‍സ്ഫര്‍ ആയി ഇറാനിലേക്ക് തന്നെ തിരിച്ച് പോയി. ഭാഗ്യം. ഈശോ മിശിഖായ്ക്ക് ആള്‍വേയ്സ് സ്തുതിയായിരിക്കട്ടെ. നമുക്കവളെ പേടിയുണ്ടായിട്ടൊന്നുമല്ല, പക്ഷെ ഒരു പെണ്ണിനെ ചീത്തപറയണ പാപം ചെയ്യേണ്ടല്ലോ എന്നുകരുതിയാണ്.
വൈകിട്ട് 5:30 തന്നെ പോന്നു. ഖസാക്കിന്റെ ഇതിഹാസം വീണ്ടും കുറച്ച് വായിച്ചു. എത്ര വായിച്ചാലും ബോറഡിക്കാത്തെ മറ്റൊന്നും ഞാന്‍ വായിച്ചിട്ടില്ല. ഹോ! ഒരു ഇതിഹാസം തന്നെ.
“ബോഡില്‍ കണക്കെഴുതാനായി രവി തിരിഞ്ഞപ്പോള്‍ കൊച്ചു സൊഹറ പതുക്കെ കിളിയുടെ അരികത്തേയ്ക്കു നീങ്ങി. ഒരിലന്തിപ്പഴം അവന്റെ കയ്യില്‍ വച്ചുകൊടുത്തിട്ട് അവള്‍ മെല്ലെ പറഞ്ഞു. “പേടിക്കണ്ടാ ട്ടോ!”
‘ഇതിലെ പേടിക്കണ്ടാ ട്ടോ‘ എന്നും എന്റെ മനസ്സിനെ ആര്‍ദ്രമാക്കി കളയും.
“അച്ഛാ ഈ കുഞ്ഞിപ്പുഴു പാവാ.. കടിക്കേല്ല്യ.. മാന്തൂല്ല്യ“ എന്ന് പൊന്നച്ചന്‍ പറഞ്ഞപ്പോള്‍ തോന്നിയ അതേ ഫീലിങ്ങ്!
വണ്ടിയില്‍ വച്ച് പുരാണം, സൈക്കിള്‍ ടൂറും പ്രേമലേഖനവും പകുതിയാക്കിയത് പുനരാരംഭിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.
8 മണിക്ക് ചേട്ടന്റെ കൂടെ നടക്കാന്‍ പോയി. അബ്രവഴി നടന്ന് ടണല്‍ വരെ. അവിടന്ന് കാര്‍ഫോര്‍ വഴി ബക്കര്‍ മൊഹീബിയില്‍ പോയി പച്ചക്കറിയും ചിക്കനുമെല്ലാം വാങ്ങി. വഴിക്ക് വച്ച് കഴിക്കാന്‍ ഞാന്‍ ഒരു സ്നിക്കേഴ്സും ചേട്ടന് ഒരു കിറ്റ് കാറ്റും എടുത്തു.
സ്നിക്കേഴ്സ് കഴിച്ചപ്പോള്‍ പൊന്നച്ചനുമായി ഫിഫ്റ്റി ഫിഫ്റ്റി ഷെയര്‍ ചെയ്ത് കഴിച്ചിരുന്നത് ഓര്ത്തപ്പോള്‍ സങ്കടം. ഇനി ആരെങ്കിലും നാട്ടില്‍ പോകുമ്പോള്‍ ഒരു പെട്ടി കൊടുത്തുവിടണം.
വൈകീട്ട് വന്ന് ചിക്കന്‍ വച്ചു. നാളേക്ക്. ഷോബിച്ചായന്‍ ചോറ് വച്ചിരുന്നു. അതും ചേട്ടന്റെ അയലക്കറിയും പയറ് മെഴുക്കുപുരട്ടിയും പിന്നെ ചെമ്മീന്‍ പൊടിയുമെല്ലാം കൂട്ടി പത്തരക്ക് ഡിന്നര്‍.
ബ്ലോഗ് വായന, മെയില്‍ ചെക്കിങ്ങ്, ഇത്, പന്ത്രണ്ട് മണിക്ക് കിടപ്പ്. ശുഭരാത്രി. എല്ലാവരും സന്തോഷമായിരിക്കട്ടേ!

17 comments:
ഹ്ഹ്! വിശാലേട്ടാ.
പുതിയ ബ്ലോഗാണല്ലെ.. ആശംസകള്‍..
ദുബായ് ഡേയ്സു് തുടരട്ടെ. ആശംസകള്‍.:)
ഹായ്.......ഡയറിക്കൊരു ഉപ്പേരി സുഖം.. സ്റ്റയിലന്‍ ടച്ച്...
ഒന്നു ഞാനും ശ്രമിച്ചു. ഞാനെഴുതിയാല്‍ ഒരിക്കല്‍ എഴുതിയാല്‍ മതി.. ദിവസവും ഫോട്ടോക്കോപ്പി എടുത്താല്‍ മതി
രാവിലെ ഒമ്പതിനു ഓഫീസിലെത്തി..ബോസി ചീത്തവിളിച്ചു..ഈമെയില്‍ ചെക്കി..ഫീമെയില്‍സ് എല്ലാമെത്തിയോന്നും ചെക്കി..ചായ കുടിച്ചു..ഇന്നലത്തെപ്പോലെ ഉണ്ടക്കറൊട്ടിയും കടലാക്രമണവും സഹിച്ചു. വൈകിട്ട് ശകടാം പിന്നെയും പഞ്ചറായി.. വീട്ടില്‍ ചെന്നു..അരിയും പയറും ഒന്നിച്ചിട്ട് വിസിലിനു കാത്തു. ആരെങ്കിലും വിളിച്ചു കാതു കുളിര്‍പ്പിക്കുമെന്നോര്‍ത്തപ്പോള്‍ "കാറ്റാടിത്തണലും..തണലൊത്തരമതിലും" ചിലച്ചു.."ദി വാളിഡിറ്റി ഓഫ് യുവര്‍ കാര്‍ഡ് ഈസ് ഗോയിംഗ് ടു എക്സ്‌പയര്‍... "കൊതുകുതിരി കൊളുത്തി കിടന്നു..
വന്നത് വെറുതെയായില്ല. വിശാല്‍ജിയുടെ പോസ്റ്റും ജി മനുന്റെ കമന്റും ഒരു പോലെ രസിച്ചു..
:)
വിമക്സൂ.. പൊന്നച്ചന്‍ അപ്പൊ ജേബലലാലീലില് (ഹൌ, ഒരു ലൈം ജൂസ് കുടിച്ചിട്ടു വാരാം) ഇല്ലേ? മോശാണ്. ആ അച്ഛന്‍റെ വികാരം മനസ്സില്‍ തട്ടി. പുതിയ ബ്ളോഗിന് ആശംസകള്‍.
ജി.മനൂ, ആ വാലിഡിറ്റി പാര്‍ട്ടിന് കൊടു കൈ!!!
വിശാല്‍ജി..ഈ വഴി വന്നത് വെറുതേയായില്ലാ. നമ്മള്‍ തുടങ്ങാം ന്ന് വെച്ചിരുന്ന പരിപാടിയാ വിശാല്‍ ജി തുടങ്ങിയത്. പിന്നെ, ആലോജിച്ചപ്പൊ മനു കമന്റില്‍ പറഞ്ഞത് പോലെ മാത്രമേ എനിക്കും എഴുതാന്‍ കാണൂ. പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും.
ഓ.ടോ. മഹാഭാരത പുരാണം ബ്ലോഗ് അപ്പാടെ നിറുത്തിയത് ശരിയായില്ലാ ട്ടാ..
nice
കാത്തിരിക്കുന്നു...
വിശാലാ.. ഇതു പുതിയ ബ്ലോഗാ.. പരിപാടി കൊള്ളാം.
ദുര്‍ബലന്റ്റെ പഴേ ഡയറിക്കുറിപ്പ് ബ്ലോഗ് ഓര്‍മ്മ വന്നു.
പച്ചേങ്കില് ഇദ്ച്ചിരി ബിശാലായിട്ട് എയുതീട്ട്‌ണ്ട്. നന്നാരിക്കുണൂ.
സാലിക്ക് പണി തന്നപ്പഴാണോ ഫാന്‍സ്യാക്ക്യേ? ഇമ്മള് വണ്ട്യെ കേറ്യെ കാലത്തൊക്കെ ഭയങ്കരവാനയേര്‍ന്ന്, ഇപ്പൊ തൊട്ടടുത്ത സീറ്റിലെ ‘ആന്റീടെ’ ചുമലില് ഉറങ്ങിപ്പരിശീലിക്ക്യാ, ഉറക്കത്തില്‍ ഞാന്‍ കാണണ സ്വപ്നമെന്താറിയ്യോ?
ഒരു സൂചിപ്പിന്ന്. ഹോ ഇത്രേം ഭീകരായൊരു വസ്തു ഞാന്‍ ഈ ജന്മത്തില് സ്വപ്നം കണ്ടിട്ടില്ല.
വിശാലന്‍ജി, ഇതും ചിന്തയില്‍ വരുന്നില്ലാലോ, കാണാന്‍ വൈകി, നല്ല ബ്ലോഗ് ആശംസകള്‍, മനുവിന്റെ കമന്റും രസികന്‍:)
ഡയറിയെഴുത്ത് ബ്ലോഗിലാക്കിയോ!!!
--
ഹഹ... ഈ പരിപാടി രസികന്‍ :)
അങ്കോം കാണാം താളിയും ഒടിക്കാം അല്ലേ :)
ഗുരോ!! നമസ്കാരം,
നന്നായിട്ടുണ്ട്, എന്റെ കയ്യികുള്ള എല്ലാ ആശം സകളും ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.
ആയിരം കോടി നന്നിയോടെ,
താമരക്കുട്ടന്‍..........
ഹായ് വിശാലേട്ടാ....
എല്ലാ ബ്ലോഗിനും കൂടി എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു...
nice ...i enjoyed your blog
Post a Comment