ചില അഞ്ചുമണികള്‍

Sunday, September 23, 2007

കുറച്ച് ദിവസങ്ങളായി രാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഞാന്‍ എണീക്കും‍. അലാറമടിക്കും മുന്‍പേ തന്നെ.

‘നിലത്ത് വച്ചിട്ടില്ല‘ എന്ന വിത്സന്റെ കവിത വായിച്ചതില്‍ പിന്നെ, എനിക്ക് ഇപ്പോള്‍ പലത് ചെയ്യാനും പേടിയാണ്. കുടയുടെ സങ്കടം പോലെ ഇനിയിപ്പോള്‍ മൊബൈല്‍ പറയുമോ എന്തോ? ‘പുലരും വരെ സെക്കന്റ് വളരുന്നോ മണിക്കൂറ് വളരുന്നോ എന്ന് കരുതി കാത്തിരിക്കുകയായിരുന്നു, ദീനദയാലു പാടിയുണര്‍ത്താന്‍. പക്ഷെ മിന്നം മിന്നം വെളുക്കുമ്പോഴേക്കും ഈ തൊരപ്പന്‍ ദാണ്ടേ ചാടിയെണീറ്റ് അലാറം റീസെറ്റ് ചെയ്യണൂ!’ എന്ന്. അടിക്കാതെ പോകുന്ന ഈ അലാറങ്ങള്‍ ഭ്രൂണഹത്യയുടെ ക്യാറ്റഗറിയില്‍ പെടുമോ എന്തോ?

അഞ്ച് മണി എനിക്കൊരു നൊസ്റ്റാള്‍ജിക് ടൈമാണ്. പണ്ട് എരുമയെ കറക്കാന്‍ സ്ഥിരമായി എണീറ്റിരുന്നതും 5 മണിക്ക് തന്നെയായിരുന്നു. കറവ് കഴിഞ്ഞ് എരുമപ്പാലിന്റെ മണമുള്ള കയ്യും ചാണത്തിന്റെ മണവുമുള്ള മുണ്ടും പുതച്ച് വീണ്ടും കുറച്ച് നേരം കൂടി കിടന്നുറങ്ങിയിരുന്നു. ആഹഹ! ആ ഒരു ഉറക്കത്തിന്റെ ഒരു സുഖം വേറെ കിട്ടിയിട്ടുണ്ടോ? അറിയില്ല.

എരുമയെ ഞാന്‍ രണ്ടുകൈകൊണ്ടും കറക്കും. അമ്മക്കും ചേട്ടനുമതറിയില്ല. ഞാന്‍ മൂത്രത്തിക്കര മുകുന്ദന്‍ ചേട്ടനെ കണ്ട് പഠിച്ചതാണത്. ഒരു മുല പിടിച്ച് കറക്കുമ്പോള്‍ ‘ക്ര്‌ഷീം..............ക്ര്‌ഷീം.............. ’ എന്നാണ് ശബ്ദമുണ്ടാവുക. എനിക്കതിലും ഇഷ്ടം രണ്ടു കയ്യും കൊണ്ട് കറക്കുമ്പോള്‍ കേള്‍ക്കുന്ന ‘ക്രുഷിം ക്രുഷിം...ക്രുഷിം ക്രുഷിം...ക്രുഷിം ക്രുഷിം..‘ എന്ന ശബ്ദമാണ്. ചിലപ്പോള്‍ ഏതെങ്കിലും പാട്ടിന്റെ താളത്തിലും ഞാന്‍ കറക്കും. ‘അന്ത വീട്ടുക്ക് വീട്ടുക്ക് വാസപ്പടി വേണം’ എന്ന പാട്ടായിരുന്നു എന്റെ ഫേവറൈറ്റ്!

അതിഷ്ടമാവാണ്ടാണോ എന്തോ എരുമ ഇടക്ക് വാലുകൊണ്ട് ഒരടിയുണ്ട്. അതീന്നാവുന്നതാണ് ചാണകമൂത്രസമ്മിശ്രസങ്കലനം. കൈയും കാലും തേച്ച് കഴുകിയാലൊന്നും മണം പോകില്ല. കുളിച്ചാല്‍ ചിലപ്പോള്‍ പോകുമായിരിക്കും. പിന്നേയ്... രാവിലെ അഞ്ചുമണിക്ക് എന്റെ പട്ടി കുളിക്കും!

ഷാര്‍ജ്ജയില്‍ താമസിക്കുമ്പോള്‍ രാവിലെ 5 മണിക്ക് എണീറ്റ് ഞാനും സോനയും കൂടെ മ്യൂസിയത്തിന് ചുറ്റും ഓടാന്‍ പോകും. ആ നേരത്ത്, ആകെ രണ്ടോ മൂന്നോ പേരെയുണ്ടാകൂ ഓടാന്‍. ഒരു തടിയന്‍ പാക്കിസ്ഥാനിയും ആളുടെ ഭാര്യയും പിന്നൊരു സുഡാനിപ്പെണ്‍കുട്ടിയും. സുഡാനിയാണേലും നല്ല ഐശ്വര്യമുള്ള കുട്ടിയാണ്. സകൌട്ടിന് പോകുന്ന കുട്ടികള്‍ടെ പോലെയാണവള്‍ സ്കാഫ് കെട്ടുക. ആദ്യമൊക്കെ ഞാന്‍ തനിച്ച് ഓടിയിരുന്നതാ, സുഡാനിക്ക്ടാവിനെ പറ്റി കേട്ടതില്‍ പിന്നെയാ സോന കുടെ വന്നു തുടങ്ങിയത്!

നടക്കുമ്പോഴും ഫുള്‍ ടൈം വര്‍ത്താനം തന്നെയായിരിക്കും. എന്റെ വീരസാഹസിക സംഭവങ്ങളെ പറ്റിയും ഭൂതപ്രേതഭാവിവര്‍ത്തമാനങ്ങളെപ്പറ്റിയെല്ലാം പറയും. കുറെയൊക്കെ ആഡ് ചെയ്ത് ഒന്ന് പൊലിപ്പിച്ച് . കേള്‍ക്കുന്നോള്‍ക്ക് ഒരു രസം വേണ്ടേ?? പൊലിപ്പിക്കല്‍ വല്ലാണ്ട് ഓവര്‍ ആകുമ്പോള്‍, ഇടക്ക് ഞാനൊന്ന് നിര്‍ത്തും. അപ്പോള്‍ “ചേട്ടന്‍ പറ. ഒരു മുപ്പത് ശതമാനം ഞാനങ്ങ് കുറച്ചോളാം” എന്നവള്‍ പറയും.

ചിലപ്പോള്‍ എന്റെ അമ്മയെ പറ്റി പറയും. ആനന്ദപുരത്തെ അമ്മാവനെ പറ്റിയും പറയും. അമ്മയെ ശരിക്കും പരിചയപ്പെടാന്‍ സോനക്ക് പറ്റിയില്ല. അമ്മയുടെ ഒരു ട്രെയിനിങ്ങ് കിട്ടിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. അവള്‍ക്ക് കുറച്ച് കാര്യഗൌരവം വന്നേനിരുന്നു.

ഞാന്‍ ജാതകം നോക്കി കെട്ടാതിരുന്നതുകൊണ്ടാണ് കരിങ്കല്ല് പോലിരുന്ന അമ്മ തട്ടിപ്പോയതെന്ന് പറഞ്ഞിരുന്നു ചിലര്‍. അതിലൊന്നും ഒരു കാര്യവുമില്ല. ഒരിക്കല്‍ അതും പറഞ്ഞ് അവള്‍ ഒരു കരച്ചിലും കരഞ്ഞു. ഞാന്‍ പറഞ്ഞു, സംഗതി അമ്മ മരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമാണ്. പക്ഷെ, അമ്മ മരിച്ച് പോകും മുന്‍പ് എനിക്കിങ്ങനെയൊരു കൂട്ട് കണ്ടുപിടിച്ച് തന്നേല്പിച്ച് പോയില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം ഒരു ടി ജങ്ങ്ഷനിലെത്തി, ഇനി എങ്ങോട്ട് പോണം? എന്നൊരു പ്രതിസന്ധിയിലെത്തിയേനിരുന്നു. അവിടെയും ദൈവം കാത്തു. എന്ന് പറഞ്ഞ് സമാധാനിപ്പിക്കും. എനിക്ക് ജാതകത്തില്‍ അന്നും വിശ്വാസമില്ല, ഇന്നുമില്ല. ഓ പിന്നേയ്. ജാതകം ചേരാത്തതിന്റെ പേരില്‍ ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാതിരിക്കുക എന്നാല്‍ അതിത്തിരി കട്ടിയാണ്.

കാലത്തെണീറ്റ് ആര്‍ഭാടമായി വെള്ളിയാഴ്ചക്കുളി കുളിച്ചു. ദോശയും കടലക്കറിയും കഴിച്ചു. ഇന്ന് അമ്പലത്തില്‍ പോയില്ല. ഓഫീസില്‍ പോയി. ഉത്തരവാദിത്വങ്ങള്‍, പണികള്‍ എല്ലാം കൂടി കൂടി വരുന്നു. പക്ഷെ, ഇടക്ക് വന്നു ചേര്‍ന്ന ആ ബോറടി ഇപ്പോഴില്ല.

ഇന്നും ഒരു നല്ല ദിവസമായിരുന്നു.

24 comments:

കുഞ്ഞന്‍ said...

അങ്ങിനെ വരട്ടേ..അപ്പോ അതാണു ഈ ചുള്ളന്റെ സൌന്ദര്യത്തിന്റെ രഹസ്യം... രാവിലെയുള്ള കസര്‍ത്ത്..!

മരണം വല്യൊരു നൊമ്പരമാണ്, പക്ഷെ കാലത്തിനു മറയ്ക്കുവാനായിട്ടൊന്നുമില്ല!

മൂര്‍ത്തി said...

എല്ലാ ദിവസവും നന്നായിരിക്കട്ടെ..നല്ല നല്ല പോസ്റ്റുകള്‍ പോരട്ടെ..

Ajesh Cherian said...

അടിക്കാതെ പോയ അലാറങ്ങളും, പിറക്കാതെ പോയ ഭ്രൂണങ്ങളും. ബെസ്റ്റ് കോംബിനേഷന്‍. ഉപമയിലങ്ങയെ വെല്ലാന്‍ ജബലലിയിലാണുങ്ങളുണ്ടോ!. മുപ്പത് ശതമാനം കുറയ്‌ക്കുന്നതിലും നല്ലത് മുപ്പതു ശതമാനം വിശ്വസിക്കുന്നതാ. അതല്ലേ അതിന്റെയൊരു ന്യായം... ദാമ്പത്യഗാഥകള്‍ പറഞ്ഞ് ഞങ്ങള്‍ ബാച്ചീസിനെ പ്രലോഭിപ്പിക്കാന്‍ നോക്കണ്ട. പറഞ്ഞേക്കാം.

ശ്രീ said...

"അടിക്കാതെ പോകുന്ന അലാറങ്ങള്‍ ഭ്രൂണഹത്യയുടെ ക്യാറ്റഗറിയില്‍ പെടുമോ എന്തോ?"

വിശാലേട്ടാ... കൊള്ളാം...
:)

സഹയാത്രികന്‍ said...

വിശാലേട്ടാ....എല്ലാ ദിവസങ്ങളും സന്തോഷമുള്ളതാകട്ടേ...
:)

ആദ്യം രസിച്ചു വായിച്ചെങ്കിലും അമ്മയെപ്പറ്റി പറയണ കേട്ടപ്പോള്‍ മനസ്സിലെന്തോ ഒരു വിങ്ങല്‍...

:(

രജീഷ് || നമ്പ്യാര്‍ said...

എനിക്ക് ജാതകത്തില്‍ അന്നും വിശ്വാസമില്ല, ഇന്നുമില്ല. ഓ പിന്നേയ്.

വിശാലേട്ടാ, അപ്പൊ മറ്റത്തൂര് പോയി കണ്ട പെണ്ണ് ???

കുറുമാന്‍ said...

പൊലിപ്പിക്കല്‍ വല്ലാണ്ട് ഓവര്‍ ആകുമ്പോള്‍, ഇടക്ക് ഞാനൊന്ന് നിര്‍ത്തും. അപ്പോള്‍ “ചേട്ടന്‍ പറ. ഒരു മുപ്പത് ശതമാനം ഞാനങ്ങ് കുറച്ചോളാം” എന്നും പറയും - ഇത് വാസ്തവം :)

SAJAN | സാജന്‍ said...

വായിച്ചങ്ങട് രസിച്ചു വരുവാരുന്നു, അപ്പോഴാണ് ചിരി നൊമ്പരമായത്;
എന്താ പറയുക എന്നറിയില്ല , കഴിഞ്ഞ വിശാലന്‍ജിയുടെ പോസ്റ്റ് കണ്ടപ്പോഴേക്കും വൈകിപോയി, എങ്കിലും താമസിച്ച് ഒരു ഹാപ്പി വെഡിങ്ങ് ആനിവേഴ്സറി ഇരിക്കട്ടെ!

കൃഷ്‌ | krish said...

"കറവ് കഴിഞ്ഞ് എരുമപ്പാലിന്റെ മണമുള്ള കയ്യും ചാണത്തിന്റെ മണവുമുള്ള മുണ്ടും പുതച്ച് വീണ്ടും കുറച്ച് നേരം കൂടി കിടന്നുറങ്ങിയിരുന്നു. ആഹഹ! ആ ഒരു ഉറക്കത്തിന്റെ ഒരു സുഖം വേറെ കിട്ടിയിട്ടുണ്ടോ? "
ഈ സുഖം ദുഫായില്‍ കിട്ടാത്തതിന്റെ ഒരു വിഷമം പ്രതിഫലിക്കുന്നുണ്ട്. ഒന്നു ശ്രമിക്കൂന്നേ, വിഷമം മാറാനെങ്കിലും

Anonymous said...

"അതിനെങ്ങിനെയാ...കാലെടുത്ത് വച്ച് മൂന്ന് മാസം അമ്മ എത്തേണ്ടിടത്തെത്തിയില്ലേ"

ഈ സെന്റന്‍സ് വേണ്ടിയിരുന്നില്ല. വിശാലേട്ടാ. :(

Visala Manaskan said...

അഭിപ്രായപ്പെട്ട എല്ലാവര്‍ക്കും നന്ദി.

ഒരു ബ്ലോഗ് പോസ്റ്റ്, അല്ലെങ്കില്‍ കൃതി എന്ന നിലക്കൊന്നുമല്ല ഞാനിതെഴുതുന്നത്. ചില രാത്രികളില്‍ 10-12 വരെയുള്ള സമയത്ത് എന്താ ആലോക്കണേ, തോന്നണേ എന്നു വച്ചാലത്.

പ്രിയപ്പെട്ട അനിയാ.. അവസാനത്തെ കമന്റുകാരാ.. ഞാന്‍ മാറ്റി ട്ടാ!

kaithamullu : കൈതമുള്ള് said...

“അടിക്കാതെ പോകുന്ന അലാറങ്ങള്‍ ഭ്രൂണഹത്യയുടെ ക്യാറ്റഗറിയില്‍ പെടുമോ എന്തോ?“

-അത്യാവശ്യോള്ള ഒരീസം അലാറം സെറ്റാക്കിവച്ച് കിടന്നുറങ്ങി, പക്ഷേങ്കില് അടിച്ചില്ല. ക്യാറ്റഗറി?

തക്കുടു said...

വിശാല്‍ജി,
10-12 മണിവരെ ആലോചിക്കുന്ന കാര്യങ്ങളൊക്കെ നിര്‍ത്താതെ ഇങ്ങു പോരട്ടെ... :)

Murali Menon (മുരളി മേനോന്‍) said...

വിശാലനു ജാതകത്തിലൊന്നും വിശ്വാസമില്ലെന്നതു കേട്ടാണു ഞാന്‍ ചിരിച്ചത്. കാരണം പെണ്ണു കാണാനിറങ്ങുമ്പോള്‍ പ്രാര്‍ത്ഥിച്ചതു തന്നെ “ചൊവ്വാ ദോഷമുള്ള പെണ്ണൊന്നും ആവല്ലേ എന്റെ ഈശ്വരാ” എന്നാണു.
അതുപോട്ടെ, ഇനി ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടിക്കൊണ്ടുവന്നു, എന്നീട്ടെന്താ പുലര്‍ച്ചെ എഴുന്നേറ്റും ഓട്ടത്തിന്റെ പേരും പറഞ്ഞ് വായ്നോട്ടം. തല്ലിക്കൊന്ന് വെടിവെച്ചു കൊല്ലാന്‍ ആളില്യാത്തേന്റെ കൊഴപ്പം നല്ലോണംണ്ട്. പിന്നെ ഞാനായിട്ടത് ചെയ്യാത്തത്, ബ്ലോഗിനൊരു നഷ്ടാവണ്ട, മാത്രവുമല്ല നാട്ടുകാരനെന്ന നിലയില്‍ എനിക്കിത്തിരി ഗര്‍വ്വുമുണ്ടേ

നിഷ്ക്കളങ്കന്‍ said...

വിശാല്‍ജീ,
താങ്ക‌ള്‍ ചുമ്മാ എഴുതിയാല്‍ അതങ്ങ് ന‌ന്നാവും.
അതു ബാക്കിയുള്ളോരുടെ ഭാഗ്യം.
വായിയ്ക്കാമല്ലോ.
എന്റെ മനസ്സില്‍ .. പ്രഭാതത്തില്‍... മുണ്ടും മാടിക്കുത്തി തലേല്‍ വട്ടക്കെട്ടും കെട്ടി ദുബായ് തെരുവിഥിക‌‌ളിലൂടെ വിശാല‌ന്‍ ഓടുന്നു... എന്നും സുന്ദ‌രനായി

എന്റെ ഉപാസന said...

വിഷയം ഇല്ലാത്തതു കൊണ്ട് ഒരു ശൂന്യത, പക്ഷെ
നല്ല വിവരണം...
:)
ഉപാസന

Vempally|വെമ്പള്ളി said...

ഉപാസനേ, ഡയറി എഴുതുമ്പോ എന്തിനാണു വിഷയം. അല്ലെങ്കില്‍ തന്നെ വിശാലന്‍റെ ജീവിതം തന്നെ ഒരു വിഷയമല്ലെ നമുക്കൊക്കെ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യുന്ന വിഷയം!

Manu said...

‘അന്ത വീട്ടുക്ക് വീട്ടുക്ക് വാസപ്പടി വേണം’ എന്ന പാട്ടായിരുന്നു എന്റെ ഫേവറൈറ്റ്!

ആ എരുമയെ സമ്മതിക്കണം...

ജീവിതത്തെകുറിച്ചുള്ള ചിലനിരീക്ഷണങ്ങള്‍ക്ക് മനസ്സുതൊടുന്ന ഗൌരവം. നന്നായി.

വ്യാജന്‍ said...

വിശാലേട്ടാ.. ഒരു പാടു ചിരിച്ചു മറിഞ്ഞു,

ഞാന്‍ ജാതകം നോക്കി കെട്ടാതിരുന്നതുകൊണ്ടാണ് കരിങ്കല്ല് പോലിരുന്ന അമ്മ തട്ടിപ്പോയതെന്ന് പറഞ്ഞിരുന്നു ചിലര്‍.

പക്ഷെ ഇതും കൂടി ഒഴിവാക്കായിരുന്നെങ്കില്‍ ഇതൊരു ക്ലാസിക് ആയേനെ..

പെരിങ്ങോടന്‍ said...

ചിരിപ്പിക്കുന്നവര്‍ കരയുമ്പോഴും ആളുകള്‍ ചിരിക്കുമെന്ന് വാസ്തവം പോലെ പ്രതിഫലിപ്പിക്കുന്ന രചന.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP