പടാസനം
Saturday, September 29, 2007
ഉണരല്‍ ഇന്നും രാവിലെ അഞ്ചേകാലിന് തന്നെ. എണീറ്റില്ല. കണ്ണ് തുറന്നും അടച്ചും പടാസനത്തില്‍ കുറച്ച് നേരം കിടന്നു. നല്ല സുഖം.
ബാല്‍ക്കണിയിലെ കസേരയില്‍ പോയിരുന്ന് നോക്കിയാല്‍ താഴെ ബസ്റ്റാന്റിന്റെ സമീപത്തുള്ള ബോര്‍ഡുകളിലെ ലൈറ്റുകളെല്ലാം തെളിഞ്ഞ് കിടക്കുന്നത് കാണുമായിരിക്കും. ആളുകള്‍ അധികം ഒന്നും കാണാനില്ല. വെള്ളിയാഴ്ച കാലത്ത് എണീക്കാന്‍ ആളുകള്‍ക്ക് തലക്ക് വെക്കയാണോ? എന്തിന് ആളുകളെ പറയുന്നു. സാക്ഷാല്‍ സൂര്യഭഗവാന്‍ പോലും വെള്ളിയാഴ്ച ലേയ്റ്റായേ എണീക്കൂ എന്ന് ഈയടുത്ത് ഒരു മലയാളം ബ്ലോഗര്‍ കണ്ടെത്തിയില്ലേ?
ഇവിടെ പലരും ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്നത് പോലും ഉച്ചക്കാണ്. വൈകീട്ട് നാല് മണിക്ക് ലഞ്ച്! നമുക്കത് പറ്റില്ല.
ഞങ്ങള്‍ കാലത്ത് 7 മണി വിട്ട് പോകാറില്ല. അമ്പലത്തില്‍ പോക്ക്, തിരിച്ച് വരും വഴി മാര്‍ക്കറ്റില്‍ പോക്ക് അതൊക്കെയായിരുന്നു വെള്ളിക്കളമൈ മോണിങ്ങ്സ്.
എനിക്ക് മറ്റുള്ള ദിവസങ്ങള്‍ രാവിലെ എണീക്കാന്‍ ചെറിയ മടിയൊക്കെയുണ്ടിപ്പോഴും. പക്ഷെ, വെള്ളിയാഴ്ച രാവിലെ നേരത്തേ എണീക്കും. പണ്ട് പരീക്ഷ ടൈമിലും അങ്ങിനെ തന്നെയായിരുന്നു. ആ സമയത്ത് ഭയങ്കര ഉറക്കം വരവും പരീക്ഷ കഴിഞ്ഞാലോ? പിന്നെ ഉറക്കം വാരാതാവലുമാണ്.
ഈ പടാസന അഥവാ ശവാസാന കിടപ്പ് ഒരു രസകരമായ കിടപ്പ് തന്നെയാണ്. സര്‍വ്വാംഗവും തളര്‍ത്തിയിട്ട് കിടക്കല്‍ നല്ല ഒന്നാന്തരം റിലാക്സിങ്ങ്.
ഈയാസനത്തെപറ്റി ആദ്യം കേട്ടത്, പണ്ട് കൊടകര യോഗ ക്ലാസ് തുടങ്ങിയ കാലത്താണ്. അന്ന് കൊടകരയില്‍ കരാട്ടേയും ജിമ്മുമൊക്കെയുണ്ടായിരുന്നെങ്കിലും യോഗ മാത്രം തുടങ്ങിയിട്ടില്ലായിരുന്നു. ഇരിങ്ങാലക്കുടയിലുള്ള ഒരു മാഷ് വന്നാണ് യോഗ ക്ലാസ് ആരംഭിച്ചത്. പക്ഷെ, യോഗ ചെയ്താല്‍ ഉള്ള മസിലും ലൂസായി പെണ്ണുങ്ങള്‍ടെ പോലെ പിളു പിളുവായി ഏപ്പയില്ലാതായി മാറുമെന്ന് പേടിച്ചോ അന്നാരും ചേരാനോ ഒന്ന് പോയി നോക്കാനോ പോലും കൂട്ടാക്കിയില്ലായിരുന്നു.
അവസാനം ഒരു മനുഷ്യ കുഞ്ഞും ചേരാതെ വന്നപ്പോള്‍ പ്രചരണാര്‍ത്ഥം, കരാട്ടെ സുകുവേട്ടന്‍ സ്പെഷല്‍ താല്പര്യമെടുക്കുകയും അക്കാലത്തെ വെടിച്ചില്ല് യങ്ങുകള്‍, ഗോപാലേട്ടന്‍ ദാസേട്ടന്‍ രവിച്ചേട്ടന്‍ എന്റെ ചേട്ടന്‍ എന്നീ യൂത്തന്മാരെ നിര്‍ബന്ധിച്ച് ഒരു ദിവസം രാവിലെ ഉറക്കത്തില്‍ നിന്ന് എണീപ്പിച്ച് കൊണ്ടു പോവുകയായിരുന്നു.
അവരെ ഒറ്റ ദിവസമേ പഠിപ്പിച്ചുള്ളൂ. കാരണം, ആദ്യമൊക്കെ അവര്‍ ആള് പറഞ്ഞതുപോലെയൊക്കെ ചെയ്തു. അങ്ങിനെ കുറച്ച് ആസനങ്ങള്‍ കാണിച്ചതിന് ശേഷം, ബോഡിയുടെ അംഗോപാംഗം, വിരല്‍ തൊട്ട് പുരികന്‍ വരെ സ്റ്റെപ് ബൈ സ്റ്റെപായി റിലാക്സ്ഡായി ഇട്ട് കണ്ണടച്ച് ശവാസനത്തില്‍ കിടക്കാന്‍ പറയുകയും ആള്‍ അവരെ തനിയെ വിട്ട് അപ്പുറത്ത് പോവുകയും ചെയ്തു ത്രേ!
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ യോഗമാഷ് കേട്ടത്, നാല് ഡിഫ്രന്റ് വോയ്സിലുള്ള കൂര്‍ക്കം വലികളായിരുന്നുത്രേ. മന്ദകള്‍ നാലെണ്ണവും അവിടെക്കിടന്നുറങ്ങി!!
ഗാനമേള കണ്ട് ഉറക്കമൊഴിച്ചെത്തിയവരെ യോഗക്ലാസില്‍ കൊണ്ടുപോയി കണ്ണടച്ച് കിടക്കാന്‍ പറയേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ?
വിശുദ്ധ റമദാന്റെ കാലമാണിപ്പോള്‍. ജെബല്‍ അലി ഫ്രീ സോണായതിനാല്‍ ദുബായിലെ പോലെയൊന്നും ഭക്ഷണം കിട്ടായ്മയും കഴിക്കാന്‍ പറ്റായ്മയൊന്നുമില്ല. പക്ഷെ, പൊതുവേ ആരും പുറത്ത് വച്ച് ഭക്ഷണം കഴിക്കലില്ല. നമുക്കങ്ങിനെയൊരു നല്ല ശീലമില്ലെങ്കിലും അത് ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കരുതല്ലോ?
വന്ന കൊല്ലം എനിക്ക് പുറത്ത് നടന്ന് സിഗരറ്റ് വലിക്കാന്‍ പാടില്ല എന്നൊന്നുമറിയില്ലായിരുന്നു. എന്റെ ഡയറക്റ്റേഴ്സ് മുസ്ലിംസാണെങ്കിലും അവര്‍ നോമ്പെടുക്കലില്ല. ഒരിക്കല്‍ ഞാന്‍ കരാമയിലെ ലുലുവിന്റെ മുന്‍പിലൂടെ സിഗരറ്റ് വലിച്ച് ഒരു അഞ്ചുമണി നേരത്ത് ആര്‍ഭാടമായി നടക്കുകയായിരുന്നു. അപ്പോള്‍ വണ്ടിക്കാരൊക്കെ കൌതുകത്തോടെ എന്നെ നോക്കുന്നു. ആദ്യം കരുതി നമ്മുടെ പാന്റിന്റെ പുറകില്‍ വല്ല കുമ്മായമെങ്ങാന്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടോ? തലയില്‍ പ്രാവിന്റെ തൂവല്‍ വന്നിരുപ്പുണ്ടോ എന്നൊക്കെ! ഞാന്‍ കുറെ നേരം മൂട് തട്ടി, തലമുടിയില്‍ ഉഴിഞ്ഞും നോക്കി. അതൊന്നുമല്ല സംഗതി എന്നറിഞ്ഞപ്പോള്‍ ‘എന്തായിരിക്കും?’ എന്നാലോചിച്ചപ്പോള്‍ എങ്ങിനെയോ എനിക്ക് കാര്യം ഓടി! ഭാഗ്യം!!
ഷാര്‍ജ്ജയിലെ ഫ്ലാറ്റില്‍ വച്ച് ജനലരികില്‍ നിന്ന് ചായകുടിക്കുമ്പോള്‍ ഒരിക്കല്‍ അപ്പുറത്തെ ബില്‍ഡിങ്ങിലെ ഒരറബി നമ്മളെ നോക്കി പൊരിഞ്ഞ ചീത്ത വിളി. ‘ഇങ്ങേര്‍ക്കെന്തുപറ്റി ?’ എന്നോര്‍ത്ത് ജനലടച്ച് പോന്നു. വീണ്ടും ഭാഗ്യം!
അതിരാവിലെ കുളിച്ച്, സ്വന്തമായി നാല് ദോശയും ചമ്മന്തിപ്പൊടി മിക്സ് ചെയ്തതും നല്ല വെട്ടിയാല്‍ മുറിയാത്ത ചായയും ഉണ്ടാക്കി, അമ്പലത്തില് പോയി, എട്ടുമണിക്ക് ടിഫിനുമെടുത്ത് ഓഫീസില്‍ പോയി. പണികള്‍ മൊത്തം തീര്‍ത്തു തരിപ്പണമാക്കി കുട്ടപ്പനാക്കി വച്ചു.

14 comments:
ഗാനമേളയ്ക്കു പോയി വന്ന് യോഗ പഠിക്കാന്‍ വന്ന് മസിലു ശിരോമണികള്‍ക്കു വേണ്ടി ഒരു കുല തേങ്ങ ഉടയ്ക്കാതെ വയ്ക്കുന്നു (ആര്‍ക്കെങ്കിലും ഉപകാരമാവട്ടേ!)
മാഷെ, ഭാഗ്യവാനാണ്, അറിവില്ലാതെയാണെങ്കിലും, ധീരനായി എല്ലവരുടെ മുമ്പില്‍ക്കൂടി കുമു കുമാന്ന് സിഗരട്ട് വലിച്ചു നടക്കാന്‍, അതും നോമ്പു കാലത്ത് ആര്‍ക്കാ പറ്റൂന്നേ..
അതെ മാഷ് ഭാഗ്യവാനാ വണ്ടിക്കാര്‍ മാത്രല്ലേ കണ്ടുള്ളൂ...!
:)
അതെയ്.. വിശാല്‍ ജീ..യോഗാസനത്തിലെ ശവാസനം മാത്രമേ പരിചയമൊള്ളോ?? ഞാനും കുറച്ച് ദിവസം യോഗാ ക്ലാസിന് പോയിട്ടുണ്ടേ..പിന്നെ 3-4 ദിവസം കൊണ്ട് മനസിലായി ഇത് നമ്മക്ക് ഒന്നും പറ്റിയ പണിയല്ലാന്ന്. വെറുതെ എന്തിനാ ദേഹം മെനക്കേടാക്കുന്നേന്ന് കരുതി. ;)
സിഗരറ്റ് വലിച്ച് നടക്കുന്നത് അവിടെയുള്ള എമാന്‍മാരുടെ കണ്ണില്‍ എങ്ങാനും പെട്ടാല്....
അറിയാതെ പലപ്പോഴും ചെയ്തു പോകുന്നൊരു യോഗാ ടെക്നിക്ക് “ശവാസനം “..:)
ഇതെന്ന് തുടങ്ങി?
കൊള്ളാല്ലോ!
:)
ജോലിയുള്ള ദിവസം എഴുന്നേല്‍ക്കാന്‍ മടി, വെള്ളി ശനി ദിവസങ്ങളില്‍ പുലര്‍ച്ചക്ക് തന്നെ ഉറക്കം പോയികിട്ടും...അപ്പോ ഇതെനിക്ക്ക് മാത്രമുള്ള അസുഖം അല്ലല്ലെ :)
അതേ വിശാല്‍ജീ ഈ ശവാസനമാണ് ഏറ്റവും സുഖമുള്ള ഏര്‍പ്പാട്!
ആ വെട്ടിയാല്‍ മുറിയാത്ത ചായ പ്രയോഗം ഇഷ്ടപ്പെട്ടു :)
ആദ്യകാല നോമ്പനുഭവങ്ങള്‍ വായിച്ചിട്ടൊരു കിടുക്കം.. !!!
'ഭാഗ്യം' എന്നുതന്നെ പറയണം.
“ഗാനമേള കണ്ട് ഉറക്കമൊഴിച്ചെത്തിയവരെ യോഗക്ലാസില്‍ കൊണ്ടുപോയി കണ്ണടച്ച് കിടക്കാന്‍ പറയേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ?”
ഹ ഹ... ശവാസനം സുഖകരമായ ഏര്‍പ്പാടു തന്നേ...
:)
ജോലിയുള്ള ദിവസം എഴുന്നേല്‍ക്കാന്‍ മടി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചക്ക് തന്നെ ഉണ്രും. ഇത് ലോകത്തെ എല്ലാ പ്രവാസികള്‍ക്കും ഉള്ള സൂക്കേടണ് . ഒന്നുല്ലെങ്കില്‍ അപ്പിടാനെങ്കിലും മുട്ടും.
visheltta oru moshana puraanam ithu nokku
http://rubeenamc.blogspot.com/2007/09/blog-post.html
അത് ശരി മോഷണ പുരാണാമായിരുന്നല്ലേ....!
അതറിയാതെ ഞാനിന്നലെ ഒരു കമന്റും കാച്ചി.... ഇന്നത് മായ്ച്ചു...
വിശാലേട്ടാ... ഗോലി മാര്‍തോ ഉസ്കോ....!
:)
ചേട്ടായീ, ആ വെള്ളീയാഴ്ചകാര്യം പറഞത് പരമാര്‍ത്ഥം.. ഇവിടെ അത് ഞായറാണെന്നുള്ള ഒരു വിത്യാസമേയുള്ളു!
അതല്ലേലും ശരിയാ വിശാല്‍ജീ...എന്നും കാലത്തേ കുറഞ്ഞത് എട്ടര വരെയെങ്കിലും കിടന്നുറങ്ങാറുള്ള മകള്‍, ശനിയാഴ്ചയും ഞായറാഴ്ചയും കാലത്തെ ആറര മണി ആകുമ്പോഴെക്കും എഴുന്നേറ്റ് റെഡി ആയിട്ടുണ്ടാവും...അഥവാ എങ്ങാനും എഴുന്നേല്‍ക്കാന്‍ ഇത്തീരി മടി കാണിച്ചാല്‍ ...മൂക്കില്‍ വിരലു കുത്തീക്കേറ്റി ഒരു പ്രകടനം...തന്നേ എഴുന്നേറ്റു പോകും!
Post a Comment