ഡ്യുബായ് ഡേയ്സ്

Sunday, November 25, 2007

എണീറ്റപ്പോള്‍ ലേയ്റ്റായി. അതുകൊണ്ട് ബാല്‍ക്കണിയിലിരുന്നുള്ള ബസ് സ്റ്റേഷന്‍ നിരീക്ഷണം ഇന്നലെ നടന്നില്ല.

ദിനാരംഭം ദോശയും ചട്ടിണീപ്പൊടിയും ചായയും വച്ച് തന്നെ. ആരുണ്ടാക്കി എന്നത് ഒരു ചോദ്യമേ ആല്ലാതായിക്കഴിഞ്ഞല്ലോ!

ഇനി എന്നാണാവോ ചേട്ടന്‍ പണ്ട് കോഴിയമ്മ എലിക്കുട്ടികളോട് ചോദിച്ച പോലെ, പാത്രമെടുത്തു കൊണ്ട് ചെല്ലുമ്പോള്‍ ‘ദെവിടിക്ക്യാ??’ എന്ന് ചോദിക്കാന്‍ പോണത്.

വൃത്താകൃതി അങ്ങട് വന്നില്ലെങ്കിലും, എനിക്ക് ദോശയുണ്ടാക്കാന്‍ മടിയൊന്നുമുണ്ടായിട്ടില്ല. പക്ഷെ, പല്ലുതേച്ച് വരുമ്പോഴേക്കും ചേട്ടന്‍ എല്ലാം ഉണ്ടാക്കി വക്കും. പറഞ്ഞാല്‍ കേള്‍ക്കണ്ടേ? :)

കരിയറില്‍ ഇനി മുതല്‍ പുതിയ ഒരു ചൊറയും കൂടെ വരുന്നു. അറബി പഠിക്കാന്‍ പോകാന്‍ പറഞ്ഞിരിക്കുന്നു കമ്പനി. സംഗതി ഇവിടെ പന്ത്രണ്ട് കൊല്ലമായെങ്കിലും എനിക്കിപ്പോഴും മാമുക്കോയക്കറിയുന്ന അറബി തന്നെയേ അറിയൂ. മറ്റൊന്നും കൊണ്ടല്ല, നമുക്കതിന്റെ ഒരു ആവശ്യകത വന്നില്ല.

പിന്നെ ഫീയും മാഫിയും മഹ് ജൂദും ഒക്കെ വച്ച് ഒരുമാതിരി അത്യാവശ്യം കാര്യങ്ങളൊക്കെ പറയേം ചെയ്യാലോ!

പുതിയ ക്ലൈന്റ്സ് മുഴുവന്‍ ജി.സി.സി.ക്കാരാ. കഴിഞ്ഞ ദിവസം സൌദിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ അറബിയില്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ഒരു പാവം പറയുന്നു, ‘നോ മാനേജര്‍. കാള്‍ ആഫ്റ്റര്‍ ടൂ ഇയേഴ്സ്‘ എന്ന്.

അവറും ഇയറും മാറിപ്പോയതാ. എങ്കിലും ഇങ്ങിനെ മാറിപ്പോകാമോ?

‘റ്റു ഇയേഴ്സ്.... ഇത്തിരി ആര്‍ഭാടം ആവില്ലേ? എന്തെങ്കിലും കുറയുമോ?’ എന്ന് ചോദിച്ചപ്പോള്‍ എന്തൊക്കേയോ പറഞ്ഞ് കട്ട് ചെയ്തു.

ആഴ്ചയില്‍ രണ്ട് മണിക്കൂറാണെങ്കിലും, പഠിക്കാന്‍ പോകുന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് ചെറിയ തോതില്‍ ഒരു ഉണര്‍വ്വും തോന്നാതില്ല. പുതിയ ആളുകള്‍. പുതിയ വിശേഷങ്ങള്‍!

ഫാന്‍സിയിലെ യാത്രകള്‍ അത്യന്തം രോമാഞ്ചദായകമാവുമാണിപ്പോള്‍.

ഇപ്പോള്‍ ജെബല്‍ അലീന്ന് വണ്ടിയില്‍ കയറാന്‍ ഒരു ചെറിയ ഇടി നടത്തണം. പെണ്ണുങ്ങളാണിടിക്ക് മുന്‍പില്‍. ഒരു ജഗജില്ലിയുണ്ട്. അവള്‍ കൂട്ട ഇടിനടത്തിയാണ് കയറുന്നത്. പണ്ടൊക്കെയാണെങ്കില്‍ ഞാന്‍ ഒരു കൈ നോക്കിയേനെ. സംഗതി ഇടികൂടല്‍ ഒരു ചീപ്പിന്റെ മണമടിക്കുന്ന ചീള് ഐറ്റമാണേലും തെറ്റ് പറഞ്ഞൂട. മര്യാദക്കുള്ള സീറ്റ് കിട്ടിയില്ലേ കാര്യം പോക്കാ.

ടയര്‍ വരുന്ന സൈഡിലെ സീറ്റ് കിട്ടിയാല്‍ പിന്നെ ജെബല്‍ അലീന്ന് ദുബായ് എത്തും വരെ അയ്യപ്പസ്വാമി ഇരിക്കും പോലെ ഇരിക്കണം. പോരാത്തതിന് മടിയില്‍ ബാഗും വക്കണം.....

പിന്നെയുള്ള നെക്സ്റ്റ് ഓപ്ഷന്‍ നടുക്കുള്ള കുഞ്ഞി സീറ്റില്‍ ഇരിക്കലാണ്. അതില്‍ ഇരിക്കല്‍ ഷോലെയില്‍ അമിതാബ് ബച്ചന്‍ റോളില്‍ ഒരു ഇരിപ്പാ. പകുതി സീറ്റ്. ചാരിയിരുന്നാന്‍ പിറകിലുള്ളവന്റെ മുട്ടേലിടിക്കും. ഇല്ലേല്‍ ഉറങ്ങാനും പറ്റില്ല. തന്നെയുമല്ല, വണ്ടി വളക്കുമ്പോഴും തിരിക്കുമ്പോഴും അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്ന വല്ല പെണ്ണുങ്ങളുടേയും മേല്‍ പോയി ചാരിയാല്‍... അവര്‍ എന്ത് വിചാരിക്കും?

എനിക്കിപ്പോള്‍ ഫാന്‍സിയില്‍ അത്യാവശ്യം സുഹൃത്തുക്കളൊക്കയായി വരുന്നുണ്ട്. അമരീഷ് പുരിയെപ്പോലിരിക്കുന്ന ഒരാള്‍ എന്നെ ഇന്നാള് ഉപദേശിച്ചു. ഏത് നേരവും ഹെഡ് ഫോണ്‍ വച്ച് പാട്ട് കേട്ടാല്‍ നിന്റെ ഡ്രമ്മടിച്ച് പോകും എന്ന് പറഞ്ഞു. അതിനു ശേഷം, ആളെക്കാണാതെയാണ് പാട്ട് കേള്‍ക്കുക. ആളെ പേടിച്ചിട്ടല്ല, എന്നാലും ആ സ്‌നേഹത്തിനെ ബഹുമാനിക്കണ്ടേ??

കഴിഞ്ഞ ആഴ്ച പുതിയ ഒരാള്‍, നടു സീറ്റില്‍ വന്നിരുന്നു, എന്റെ അടുത്ത്. ചെറുപ്പക്കാരനാണ്. കാലില്‍ കാല്‍ കയറ്റി വച്ച്, എന്താ ഒരു ഇരിപ്പ്. ഞാന്‍ പതുക്കെ ഒന്ന് നോക്കി ‘കുറച്ചാര്‍ഭാടം ഒഴിവാക്കൂക്കൂടെ?’ എന്ന രീതിയില്‍.

മുന്‍സീറ്റുകള്‍ കാലിയായിരുന്നു. അല്ലേല്‍ കാലില്‍ കാല് നടപ്പില്ല. ഇന്റര്‍നെറ്റ് സിറ്റിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിച്ച് ആള്‍ക്കൊരൊ ഫോണ്‍ വന്നു.

ഫോണെടുത്ത് ‘ഹല ഹല ഹല’ എന്ന് പറയലും ബസ് ബ്രേയ്ക്ക് പിടിക്കലും ഒരുമിച്ച് കഴിഞ്ഞു.

ഞാന്‍ നോക്കുമ്പോള്‍ എങ്ങിനെ നടുസീറ്റില്‍ ഇരുന്നിരുന്നോ അതോ പോലെ ബസിന്റെ തറയില് ഇരുന്ന് പണ്ട് പാളയില്‍ പിള്ളാരെ വലിച്ച് പോകും പോലെ... നിരങ്ങി നേരെ ഒരു പോക്ക്...‍.

എന്നിട്ട് അവിടെന്നെണീറ്റ് സീറ്റിലേക്ക് വന്നപ്പോള്‍ ആളുടെ മുഖത്തെ ആ ഭാവമുണ്ടല്ലോ... അതിത്തിരി കഠിനം തന്നെ. എന്നെ തുറിച്ച് നോക്കിയാ വന്നത്. എന്തോ ഞാന്‍ പിടിച്ചുന്തിയിട്ട പോലെ.

ശ്ശോ! എങ്ങാനും ചിരിച്ച് പോയാലോന്ന് ഓര്‍ത്ത് ഞാന്‍ കണ്ണടച്ച് പാട്ടില്‍ കോണ്‍സെണ്ട്രേറ്റ് ചെയ്തിരുന്നു.

23 comments:

Anonymous said...

visalamman, kalakki. ivide saudi yilum angineya... pakshe chaaran thonnilla(pazhe chollille chandanam ....chanakam(athu pinnem bhedam)....enthoru jeevitham...ha kashtam..
swami ayyappante irippu... chirikkan vayye... sorry for being annonymous... enikkum oru divasam varum... swantham kaalil ninnu commentanenkilum..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഞാന്‍ നോക്കുമ്പോള്‍ എങ്ങിനെ നടുസീറ്റില്‍ ഇരുന്നിരുന്നോ അതോ പോലെ ബസിന്റെ തറയില് ഇരുന്ന് പണ്ട് പാളയില്‍ പിള്ളാരെ വലിച്ച് പോകും പോലെ... നിരങ്ങി നേരെ ഒരു പോക്ക്...‍. ആലോചിച്ചപ്പോ ശരിക്കും ചിരിപൊട്ടി..എനിക്കു പണ്ടൊരു അനുഭവം ഉണ്ടായിരുന്നേ....

ബസ്സ് പുല്ലൂര്‍ അണ്ടികമ്പനീടെ അവിടത്തെ ഇറക്കത്തില്‍ വച്ച് ബ്രേക്ക് പിടിച്ചതേ ഓര്‍മ്മയുള്ളൂ..ഓര്‍മ്മവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഇരുന്ന ഞാന്‍ മുഖത്തോക്കെ കളര്‍കോഡുമായി ഗിയറില്‍ പിടിച്ചാ എഴുന്നേറ്റേ..

മുക്കുവന്‍ said...

പണ്ട് പാളയില്‍ പിള്ളാരെ വലിച്ച് പോകും പോലെ... നിരങ്ങി നേരെ ഒരു പോക്ക്.....

thats really touched me... me and my broher how many time we enjoyed this ride!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യപ്പസ്വാമി ഇരിക്കും പോലെ ഇരിക്കണം

പണ്ട് പാളയില്‍ പിള്ളാരെ വലിച്ച് പോകും പോലെ... നിരങ്ങി നേരെ ഒരു പോക്ക്...‍.

കലക്കി ട്ടൊ. എന്നാലും കുറച്ചൂടെ എഴുതാരുന്നില്ലേ?

അഭയാര്‍ത്ഥി said...

ചുമ, പനി, തലവേദന, നീര്‍ദോഷം,ശ്വാസ തടസം, മൂക്കടപ്പ്‌, വലിവ്‌, ഏക്കം, തൂക്കം, നെഞ്ചെരിച്ചില്‍,പുളിച്ചു തേട്ടല്‍, കരപ്പന്‍, ഉറക്കക്കുറവ്‌, ഓര്‍മക്കുറവ്‌, പല്ലു വേദന, പുഴുക്കടി, വളം കടി.....
ഇവക്കെല്ലാം പ്രതിവിധിയായി , കൊടകര പുരാണത്തില്‍ നിന്നും പിഴിഞ്ഞെടുത്ത സത്ത്‌ വച്ച്‌ നീറ്റിയെടുത്ത ദൂബായ്‌ ഡേയ്സെന്ന ഞങ്ങളുടെ മരുന്ന്‌ കഴിക്കു.
ആണ്‌, പെണ്ണ്‌, കുട്ടികള്‍, മുതിര്‍ന്നവര്‍, വയസ്സന്മാര്‍, വയസ്സികള്‍,ചെറുപ്പക്കാര്‍, യുവതികള്‍.... എല്ലാര്‍ക്കും ഉടനടി ഫലം ലഭിക്കുന്നു. നിങ്ങളുടെ മുഖത്തൊരു സ്മെയില്‍ വരുന്നു പിന്നെ അതൊരു പൊട്ടിച്ചിരിയാകുന്നു... ഓര്‍ക്കുമ്പോഴൊക്കെയും ചിരിപ്പിക്കുന്ന....

കൂടിപ്പോയാ???

എന്തായയാലും എനിക്ക്‌ ചിരിച്ചിട്ടിരിക്കാന്മേലേ..

പ്രത്യേകിച്ചും:-
ടയര്‍ വരുന്ന സൈഡിലെ സീറ്റ് കിട്ടിയാല്‍ പിന്നെ ജെബല്‍ അലീന്ന് ദുബായ് എത്തും വരെ അയ്യപ്പസ്വാമി ഇരിക്കും പോലെ ഇരിക്കണം. പോരാത്തതിന് മടിയില്‍ ബാഗും വക്കണം.....


ഈ ഇരിപ്പോര്‍ത്തിട്ട്‌..

ത്രിശങ്കു / Thrisanku said...

അയിവ.
എവിടെയാ അറബ് പഠിക്കാന്‍ പോകുന്നേ?

കഴിഞ്ഞ ദിവസം ദുബായ് എയര്‍പ്പോര്‍ട്ടീന്ന് ദെയിറയ്ക്ക് പോകാന്‍ ആര്‍ട്ടിയേയുടെ പുതിയ നീളന്‍ ബസ്സില്‍ കയറി. ടിക്കറ്റെടുത്ത് ബാക്കിലെ ‘കമ്പാര്‍ട്ട്ന്മെന്റി’ലേക്ക് ചെന്നു. ഏറ്റവും ബാക്കിലെ സീറ്റ്, ചുണ്ടന്‍ വള്ളത്തിന്റെ ലാസ്റ്റ് സീറ്റ് പോലെ ഉയരത്തിലാണ്. ടയറിന്റെ മുകളിലെ ഓരോ സെറ്റ് സീറ്റ് ബാക്കിലേക്ക് നോക്കിയാണ്. അതിലൊരു സീറ്റ് ഒഴിവുണ്ട്, പക്ഷേ ഒരു തടിയന്‍ പഠാണി ചമ്രം പടഞ്ഞിരിക്കുന്നു. ഞാനിരിക്കട്ടെ എന്ന രീതിയില്‍ ഒന്ന് നോക്കിയപ്പോള്‍ ഒരു കാല്‍ മടക്കി മുകളിലേക്ക് വച്ച് ഒന്നൊതുങ്ങിത്തന്നു. അവിടെയിരുന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു എല്‍‌സീഡി സ്ക്രീന്‍ കണ്ണില്‍ പെട്ടു. കൊള്ളാം, അടുത്ത മൂന്ന് സ്റ്റോപ്പുകള്‍ കലാപരമായി എഴുതികാണിക്കുന്നു - ഡനാറ്റ, ക്ലോക്ക് ടവര്‍ റൌണ്ടബൌട്ട്, എന്നൊക്കെ. ക്ലോക്ക് ടവര്‍ ആയപ്പോഴേക്കും ബസ്സിനകത്ത് തിരക്ക് കൂടി, അതാ മൈക്കിലൂടെ ഡ്രൈവറുടെ അനൌണ്‍‌സ്മെന്റ് - പീഛേ ജാവോ ബായി, പീഛേ ജാവോ.

ശ്രീ said...

വിശാലേട്ടാ...
ഇതും ചിരിപ്പിച്ചു.
“ടയര്‍ വരുന്ന സൈഡിലെ സീറ്റ് കിട്ടിയാല്‍ പിന്നെ ജെബല്‍ അലീന്ന് ദുബായ് എത്തും വരെ അയ്യപ്പസ്വാമി ഇരിക്കും പോലെ ഇരിക്കണം. പോരാത്തതിന് മടിയില്‍ ബാഗും വക്കണം...”

ആ സിറ്റുവേഷന്‍‌ ഓര്‍‌ത്തൊര്‍‌ത്ത് ചിരിച്ചു.

ഒരിക്കല്‍‌ എന്റെ രണ്ട് സുഹൃത്തുക്കള്‍‌ സ്കൂട്ടറില്‍‌ പോകും വഴി ഒരു കയറ്റത്ത് വണ്ടി നിന്നു പോയി. അന്ന് ഫ്രണ്ട് ബ്രേക്കില്ലാത്ത ആ വണ്ടി ഒരു വിധത്തില്‍‌‌ ബാലന്‍‌സ് ചെയ്യാനായി വണ്ടി ഓടിച്ചവന്‍‌ കഷ്ടപ്പെട്ടപ്പോള്‍‌ പിറകിലിരുന്നവന്റെ അനങ്ങാതെയുള്ള ആ ഇരിപ്പിനെപ്പറ്റി ഞങ്ങളിന്നും കളിയാക്കി പറയാറുള്ളത് ഇതേ വാചകമായിരുന്നു... “അയ്യപ്പ സ്വാമി ഇരിക്കും പോലെ” എന്ന്.

:)

venal said...

vishalettoo, officil malayalam font illa athondanu manglish :(

fancy yathrakathakal chirippicchuu, and chinthippichhu, karanam njanumoru fancykkariyane, athum sharjennu, same pinch, pinne oru divasam njan media city hault pointil nilkkumbol side seatilrikkunna vishaljiye kandu ketto, oru pacha vara vara shirt
:)

lekhavijay said...

അയ്യപ്പസ്വാമി ഇരിക്കുന്നതുപോലെ ശ്രീ.വിശാലമനസ്കന്‍ ഇരിക്കുന്നതു ഓര്‍ത്ത് എത്രയാ ചിരിച്ചതു..ഇനീപ്പോ അയ്യപ്പസ്വാമീന്നു വിളിക്കുമ്പോള്‍ ..........

രജീഷ് || നമ്പ്യാര്‍ said...

ഹൈയ്, ഇദൊന്നും അഗ്രിഗേറ്ററീക്കണ്ടില്ലല്ലാ? ഇനി ഞാന്‍ കാണാഞ്ഞിട്ടാണാ?

അലി said...

എന്നിട്ട് അറബി പഠിച്ചോ അതൊ അറബി കൊടകര ഭാഷ പഠിച്ചോ?

കനല്‍ said...

അയ്യപ്പസ്വാമി ഇരിക്കും പോലെ ഇരിക്കണം.

എനിക്ക് ഈ ഉപമയാ കൂടുതല്‍ പിടിച്ചത്. ഇതെങ്ങനെ സാധിക്കുന്നു

ഉഗാണ്ട രണ്ടാമന്‍ said...

ദൈയ്റയില്‍ നിന്നും ഷാര്‍ജയില്‍ പോകുന്ന ബസ്സിലുള്ള യാത്ര...അതാണ് മനസ്സില്‍ വന്നത്തു...കലക്കി..വിശാല്‍ജി...

ഉപാസന | Upasana said...

“അമരീഷ് പുരിയെപ്പോലിരിക്കുന്ന ഒരാള്‍ എന്നെ ഇന്നാള് ഉപദേശിച്ചു. ഏത് നേരവും ഹെഡ് ഫോണ്‍ വച്ച് പാട്ട് കേട്ടാല്‍ നിന്റെ ഡ്രമ്മടിച്ച് പോകും എന്ന് പറഞ്ഞു. അതിനു ശേഷം, ആളെക്കാണാതെയാണ് പാട്ട് കേള്‍ക്കുക. ആളെ പേടിച്ചിട്ടല്ല, എന്നാലും ആ സ്‌നേഹത്തിനെ ബഹുമാനിക്കണ്ടേ??“

വേണം ഭായ്, ബഹുമാനിക്കണം
നന്നായീട്ടോ
:)
ഉപാസന

Sharu.... said...

ഒരുപാട് വൈകിയാണെങ്കിലും കമന്റ് ഇടാതെ തരമില്ല...കാരണം ഓഫീസിലിരുന്ന് ഞന്‍ ചിരിച്ചുപോയതുതന്നെ.....

Divyam said...

Hai Vishalji.......
Engane sadhikkunnu engane chirippikkan, njan sherikkum pottichirichu poyi , bagyam labil aarum illathirunnathu allenkil avar enthu vicharikkum.....

ദിയ , തൃശ്ശിവപേരൂര്‍ said...

എന്റെ കൃഷ്ണാ.... ചിരിച്ചെന്റെ ഊപ്പാട് പൊളിഞ്ഞു. ഓഫീസിലിരുന്ന് ചിരിയടക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കും ദൈവത്തിനും അറിയുള്ളൂ. ഹാസ്യം ഇത്ര നന്നായി വഴങ്ങണ ശൈലി ...its really appreciable. Congras..keep it up. U could provide the perfect picture through your writing. Really Superb!

Anonymous said...

kalakki kuttaa.Njan adhyam vijarichathu FANCY etho valiya companyaanu enna.ellam nalla adipoli items anallo travellers.pinne enikkum Fancy yil yathra cheyyanulla bhagyam undayi.2008 ile Januaryil oru mazha peythu.Media Cityil ninnu sharjayilethiyathu rathri 12 manikku.but aa yathrayil nalla oru north indian auntiyayirunnu aduthirunnathu.Kurachukoodi vaikiyirunnengil avalkku undakamayirunna kutti entethayene...

മിഴിനീര്‍ത്തുള്ളി said...

സത്യം പറ..
വിശാലേട്ടന്‍ അയാളെ തള്ളിയിട്ടതല്ലേ...?

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP