അച്ഛനും അമ്മയും
Wednesday, July 11, 2007
ഇന്നും രാവിലെ 5:30 ന് എന്റെ അലാറം തലങ്ങും വിലങ്ങും അടിച്ചെണീപ്പിച്ചു.
ദീനദയാലു രാമാ... എന്ന പാട്ടാണ് കുറെ കാലമായി എന്നെ ഉണര്‍ത്തുന്നത്.
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണാ പാട്ട്.
അലാറമായി ഞാനാ പാട്ട് തന്നെ വക്കാനുള്ള മെയിന്‍ കാരണം അതിലെ രാമാ വിളിയാണ്. രാമന്‍ ഈസ് മൈ ഫാദേഴ്സ് നെയിം. യു നോ!
ശരിക്കും ആളുടെ പേര്‍ എടത്താടന്‍ രാമന്‍ എന്നായിരുന്നുവെങ്കിലും, പാട്ടില്‍ വീട്ടും പേര്‍ കൂടെ വേണം എന്ന് വാശിപിടിക്കണ മോശമല്ലേ?
കാലത്ത് പല്ല് തേപ്പിന് മുന്‍പ് കട്ടന്‍ കാപ്പി കട്ടിങ്ങ് കുടിച്ചു. കുളി കുറച്ച് ഫാസ്റ്റായി . കേയ്ക്ക് കഴിച്ചു. ടിഫിന്‍ എന്റെ അതീവ രുചികരമായ ചിക്കന്‍ കറിയും ബാരിക്ക് ചോറും.
ഇവിടെ റൂമില്‍ വന്നതിന് ശേഷമാണ് ബാരിക്ക് കഴിച്ച് തുടങ്ങിയത്. മുന്‍പ് മട്ടരി ചോറില്ലെങ്കില്‍ നമുക്ക് ഇറങ്ങില്ലായിരുന്നു.
ചേട്ടന്‍ കാലത്ത് ചന്ദനത്തിരി കത്തിച്ച് വിളക്കും വച്ച് പ്രാര്‍ത്ഥിക്കും. എനിക്കങ്ങിനത്തെ നിര്‍ബന്ധമൊന്നുമില്ല. എങ്കിലും എന്നും പ്രാര്‍ത്ഥിക്കും. ഡൈലി ആറേഴു തവണ.
എണീക്കുമ്പോള്‍ ബെഡില്‍ വച്ചൊരു പ്രാര്‍ത്ഥന, എണീറ്റ് സ്വാമിയുടെ പടത്തിങ്കല്‍ ഒന്ന്. കുളിക്കുമുന്‍പ് സൂര്യ ഭഗവാനൊന്ന് . ശേഷമൊന്ന്. പുറത്ത് കടന്നാലൊന്ന്. പിന്നെ പോകുമ്പോള്‍ റ്റാറ്റായും പറഞ്ഞൊന്ന്. രാത്രി തിരിച്ചെത്തിയാലും കിടക്കാന്‍ നേരവും ഓരൊന്നും കൂടെ. കൃസ്ത്യന്‍ ഇസ്ലാം മതങ്ങളെ റെപ്രസന്റ് ചെയ്ത് ഓരോരുത്തരെയും ഹിന്ദുമതത്തെ റെപ്രസന്റ് ചെയ്ത് പരമശിവനേയും കൃഷ്ണനെയും അയ്യപ്പസ്വാമിയെയും പിന്നെ ഞങ്ങളുടെ ലൊക്കാലിറ്റിയിലുള്ള എല്ലാ അമ്മമാരെയും വിളിച്ച് പ്രാര്‍ത്ഥിക്കും. നമ്മുടെ സിബു ബുദ്ധമത വിശ്വാസമുള്ളവനാണെന്ന് കേട്ട് ഈയിടയായി ഇടക്ക് ശ്രീ.ബുദ്ധനേയും വിളിക്കാറുണ്ട്.
അധികം നേരമൊന്നും പ്രാര്‍ത്ഥിക്കില്ല. അതവര്‍ക്കും നമുക്കും ചെറിയ ബുദ്ധിമുട്ടാവും. ഒരു ദിവസം പ്രാത്ഥനയും ഷൂപോളീഷിങ്ങും മറ്റും കഴിഞ്ഞ് ലേയ്റ്റായി, ഫാന്‍സി ഫാന്‍സീഡെ പാട്ടിന് പോയപ്പോള്‍ ഈ പുണ്യാളന്‍ ഗുരുവായൂരപ്പന്‍ എന്താ പറഞ്ഞേ??
വേണമെങ്കില്‍ 91 നമ്പര്‍ പബ്ലിക്ക് ബസിന് പൊക്കോളാന്‍.
അപ്പോള്‍ ലേയ്റ്റായിട്ടുള്ള പ്രാര്‍ത്ഥനയൊന്നുമില്ല!
ബര്‍ ദുബായ് പോലീസ് സ്റ്റേഷന്റെ മുന്‍പില്‍ 7 മണിയാവുമ്പോഴേക്കും തൃശ്ശൂര്‍ സ്വപ്നയിലെ ക്യൂ പോലെയായിട്ടുണ്ടാവും ഇപ്പോള്‍. ഔട്ട് പാസിന് വേണ്ടി എത്രയെത്ര ആളുകള്‍. അവിടെ നില്‍ക്കുന്നവരുടെ മിക്കവരുടെയും മുഖത്ത് വല്ലാത്തൊരു വിഷാദമാണ്.
വരിയുടെ അവസാനം മൂന്ന് ചൈനക്കാരെ കണ്ടു. രണ്ടാണും ഒരു പെണ്ണും. അവര്‍ സിഗരറ്റൊക്കെ വലിച്ച്, നല്ല ജോളിയായി നില്‍ക്കുന്നു. സംഗതി വിസയും റേഷന്‍ കാഡുമൊന്നുമില്ലേങ്കിലും അതിന്റെ ഒരു അഹംഭാവവുമില്ലാതെ നില്‍ക്കുന്ന അവരെ എനിക്കിഷ്ടമായി.
വായന ഇപ്പോഴും ഖസാക്കില്‍ തന്നെ. അമ്മ മരിച്ചതിനെക്കുറിച്ച് വായിച്ചപ്പോള്‍ ഏസ് യൂഷ്വല്‍ സങ്കടം വന്നു.
അമ്മ മരിച്ചിട്ട് കൊല്ലം 9 കഴിഞ്ഞു. എന്നാലും ഇപ്പോഴും സങ്കടമാണ്.
അമ്മേടെ ആ പതക്ക ചെയിനും, കറുത്ത കരയുള്ള സെറ്റുമുണ്ടും സിന്ദൂരപൊട്ട് തൊടുമ്പോള്‍ മൂക്കത്തെക്ക് വീഴാറുള്ള സിന്ദൂരവും, നീലക്കല്ല് വച്ച കമ്മലും, നെറ്റിയിലെ ആ മുറിവിന്റെ പാടും..... എങ്ങിനെ അതൊക്കെ ഞാന്‍ മറക്കും?
ഒന്നും മറക്കില്ല. അമ്മേടെ കടുമാങ്ങ അച്ചാര്‍. അമ്മേടെ സാമ്പാറ്. അമ്മേടെ മീന്‍ കൂട്ടാന്‍... എന്നാ അതൊക്കെ ഇനി കഴിക്കാന്‍ പറ്റുക?
‘പാടം പച്ചച്ച പാവാടയിട്ടപ്പോള്‍ പാവം നീയെത്ര മേലോട്ട്....”
ജി.എം. നേരത്തെ പോയതുകൊണ്ട്, ഓഫീസില്‍ ഇന്ന് പണികള്‍ കുറവായിരുന്നു. വൈകീട്ട് ചിക്കന്‍ കറി തന്നെയായിരുന്നു. ചപ്പാത്തി ഉണ്ടാക്കി. ഷോബിച്ചായന്‍ പരത്തി, ഞാന്‍ പൊരിച്ചു (അതാ എളുപ്പം!). നടക്കാന്‍ പോകാന്‍ ടൈം കിട്ടിയില്ല.
നാളേക്ക് കൊണ്ടുപോകാന്‍ സോസേജ് കറി വച്ചു. ബ്രേക്ക് ഫാസ്റ്റിന് ദോശക്ക് മാവ് അരച്ച് വച്ചിട്ടുണ്ട്.. ചേട്ടന്‍! (ഞാനരച്ചിട്ട് ഇമ്മിണി കഴിക്കും)
അപ്പോള്‍ അങ്ങിനെ, ഇന്നൊരു ദിവസം കൂടി കഴിഞ്ഞു. ഇനി കിടന്ന് ഒറ്റ ഉറക്കം. ദീനദയാലു കേള്‍ക്കും വരെ. ഖുദാഫിസ്. ഗുഡ് നൈറ്റ് ദുബായ് ബസ് സ്റ്റേഷന്‍!
Read more...