ചില അഞ്ചുമണികള്‍
Sunday, September 23, 2007
കുറച്ച് ദിവസങ്ങളായി രാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഞാന്‍ എണീക്കും. അലാറമടിക്കും മുന്‍പേ തന്നെ.
‘നിലത്ത് വച്ചിട്ടില്ല‘ എന്ന വിത്സന്റെ കവിത വായിച്ചതില്‍ പിന്നെ, എനിക്ക് ഇപ്പോള്‍ പലത് ചെയ്യാനും പേടിയാണ്. കുടയുടെ സങ്കടം പോലെ ഇനിയിപ്പോള്‍ മൊബൈല്‍ പറയുമോ എന്തോ? ‘പുലരും വരെ സെക്കന്റ് വളരുന്നോ മണിക്കൂറ് വളരുന്നോ എന്ന് കരുതി കാത്തിരിക്കുകയായിരുന്നു, ദീനദയാലു പാടിയുണര്‍ത്താന്‍. പക്ഷെ മിന്നം മിന്നം വെളുക്കുമ്പോഴേക്കും ഈ തൊരപ്പന്‍ ദാണ്ടേ ചാടിയെണീറ്റ് അലാറം റീസെറ്റ് ചെയ്യണൂ!’ എന്ന്. അടിക്കാതെ പോകുന്ന ഈ അലാറങ്ങള്‍ ഭ്രൂണഹത്യയുടെ ക്യാറ്റഗറിയില്‍ പെടുമോ എന്തോ?
അഞ്ച് മണി എനിക്കൊരു നൊസ്റ്റാള്‍ജിക് ടൈമാണ്. പണ്ട് എരുമയെ കറക്കാന്‍ സ്ഥിരമായി എണീറ്റിരുന്നതും 5 മണിക്ക് തന്നെയായിരുന്നു. കറവ് കഴിഞ്ഞ് എരുമപ്പാലിന്റെ മണമുള്ള കയ്യും ചാണത്തിന്റെ മണവുമുള്ള മുണ്ടും പുതച്ച് വീണ്ടും കുറച്ച് നേരം കൂടി കിടന്നുറങ്ങിയിരുന്നു. ആഹഹ! ആ ഒരു ഉറക്കത്തിന്റെ ഒരു സുഖം വേറെ കിട്ടിയിട്ടുണ്ടോ? അറിയില്ല.
എരുമയെ ഞാന്‍ രണ്ടുകൈകൊണ്ടും കറക്കും. അമ്മക്കും ചേട്ടനുമതറിയില്ല. ഞാന്‍ മൂത്രത്തിക്കര മുകുന്ദന്‍ ചേട്ടനെ കണ്ട് പഠിച്ചതാണത്. ഒരു മുല പിടിച്ച് കറക്കുമ്പോള്‍ ‘ക്ര്‌ഷീം..............ക്ര്‌ഷീം.............. ’ എന്നാണ് ശബ്ദമുണ്ടാവുക. എനിക്കതിലും ഇഷ്ടം രണ്ടു കയ്യും കൊണ്ട് കറക്കുമ്പോള്‍ കേള്‍ക്കുന്ന ‘ക്രുഷിം ക്രുഷിം...ക്രുഷിം ക്രുഷിം...ക്രുഷിം ക്രുഷിം..‘ എന്ന ശബ്ദമാണ്. ചിലപ്പോള്‍ ഏതെങ്കിലും പാട്ടിന്റെ താളത്തിലും ഞാന്‍ കറക്കും. ‘അന്ത വീട്ടുക്ക് വീട്ടുക്ക് വാസപ്പടി വേണം’ എന്ന പാട്ടായിരുന്നു എന്റെ ഫേവറൈറ്റ്!
അതിഷ്ടമാവാണ്ടാണോ എന്തോ എരുമ ഇടക്ക് വാലുകൊണ്ട് ഒരടിയുണ്ട്. അതീന്നാവുന്നതാണ് ചാണകമൂത്രസമ്മിശ്രസങ്കലനം. കൈയും കാലും തേച്ച് കഴുകിയാലൊന്നും മണം പോകില്ല. കുളിച്ചാല്‍ ചിലപ്പോള്‍ പോകുമായിരിക്കും. പിന്നേയ്... രാവിലെ അഞ്ചുമണിക്ക് എന്റെ പട്ടി കുളിക്കും!
ഷാര്‍ജ്ജയില്‍ താമസിക്കുമ്പോള്‍ രാവിലെ 5 മണിക്ക് എണീറ്റ് ഞാനും സോനയും കൂടെ മ്യൂസിയത്തിന് ചുറ്റും ഓടാന്‍ പോകും. ആ നേരത്ത്, ആകെ രണ്ടോ മൂന്നോ പേരെയുണ്ടാകൂ ഓടാന്‍. ഒരു തടിയന്‍ പാക്കിസ്ഥാനിയും ആളുടെ ഭാര്യയും പിന്നൊരു സുഡാനിപ്പെണ്‍കുട്ടിയും. സുഡാനിയാണേലും നല്ല ഐശ്വര്യമുള്ള കുട്ടിയാണ്. സകൌട്ടിന് പോകുന്ന കുട്ടികള്‍ടെ പോലെയാണവള്‍ സ്കാഫ് കെട്ടുക. ആദ്യമൊക്കെ ഞാന്‍ തനിച്ച് ഓടിയിരുന്നതാ, സുഡാനിക്ക്ടാവിനെ പറ്റി കേട്ടതില്‍ പിന്നെയാ സോന കുടെ വന്നു തുടങ്ങിയത്!
നടക്കുമ്പോഴും ഫുള്‍ ടൈം വര്‍ത്താനം തന്നെയായിരിക്കും. എന്റെ വീരസാഹസിക സംഭവങ്ങളെ പറ്റിയും ഭൂതപ്രേതഭാവിവര്‍ത്തമാനങ്ങളെപ്പറ്റിയെല്ലാം പറയും. കുറെയൊക്കെ ആഡ് ചെയ്ത് ഒന്ന് പൊലിപ്പിച്ച് . കേള്‍ക്കുന്നോള്‍ക്ക് ഒരു രസം വേണ്ടേ?? പൊലിപ്പിക്കല്‍ വല്ലാണ്ട് ഓവര്‍ ആകുമ്പോള്‍, ഇടക്ക് ഞാനൊന്ന് നിര്‍ത്തും. അപ്പോള്‍ “ചേട്ടന്‍ പറ. ഒരു മുപ്പത് ശതമാനം ഞാനങ്ങ് കുറച്ചോളാം” എന്നവള്‍ പറയും.
ചിലപ്പോള്‍ എന്റെ അമ്മയെ പറ്റി പറയും. ആനന്ദപുരത്തെ അമ്മാവനെ പറ്റിയും പറയും. അമ്മയെ ശരിക്കും പരിചയപ്പെടാന്‍ സോനക്ക് പറ്റിയില്ല. അമ്മയുടെ ഒരു ട്രെയിനിങ്ങ് കിട്ടിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. അവള്‍ക്ക് കുറച്ച് കാര്യഗൌരവം വന്നേനിരുന്നു.
ഞാന്‍ ജാതകം നോക്കി കെട്ടാതിരുന്നതുകൊണ്ടാണ് കരിങ്കല്ല് പോലിരുന്ന അമ്മ തട്ടിപ്പോയതെന്ന് പറഞ്ഞിരുന്നു ചിലര്‍. അതിലൊന്നും ഒരു കാര്യവുമില്ല. ഒരിക്കല്‍ അതും പറഞ്ഞ് അവള്‍ ഒരു കരച്ചിലും കരഞ്ഞു. ഞാന്‍ പറഞ്ഞു, സംഗതി അമ്മ മരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമാണ്. പക്ഷെ, അമ്മ മരിച്ച് പോകും മുന്‍പ് എനിക്കിങ്ങനെയൊരു കൂട്ട് കണ്ടുപിടിച്ച് തന്നേല്പിച്ച് പോയില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം ഒരു ടി ജങ്ങ്ഷനിലെത്തി, ഇനി എങ്ങോട്ട് പോണം? എന്നൊരു പ്രതിസന്ധിയിലെത്തിയേനിരുന്നു. അവിടെയും ദൈവം കാത്തു. എന്ന് പറഞ്ഞ് സമാധാനിപ്പിക്കും. എനിക്ക് ജാതകത്തില്‍ അന്നും വിശ്വാസമില്ല, ഇന്നുമില്ല. ഓ പിന്നേയ്. ജാതകം ചേരാത്തതിന്റെ പേരില്‍ ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാതിരിക്കുക എന്നാല്‍ അതിത്തിരി കട്ടിയാണ്.
കാലത്തെണീറ്റ് ആര്‍ഭാടമായി വെള്ളിയാഴ്ചക്കുളി കുളിച്ചു. ദോശയും കടലക്കറിയും കഴിച്ചു. ഇന്ന് അമ്പലത്തില്‍ പോയില്ല. ഓഫീസില്‍ പോയി. ഉത്തരവാദിത്വങ്ങള്‍, പണികള്‍ എല്ലാം കൂടി കൂടി വരുന്നു. പക്ഷെ, ഇടക്ക് വന്നു ചേര്‍ന്ന ആ ബോറടി ഇപ്പോഴില്ല.
ഇന്നും ഒരു നല്ല ദിവസമായിരുന്നു.
