ഊര്‍ജ്ജസ്വല

Tuesday, November 6, 2007

ഇന്ന് അലാറമടിച്ചില്ല.

ഇന്നലെ എഫ്.എമ്മില്‍ ക്രിക്കറ്റ് കമന്ററി കേട്ടുകേട്ട് ചാര്‍ജ്ജ് കഴിഞ്ഞ് മൊബൈല്‍ മയ്യത്തായിപ്പോയി. പാവം. ചാര്‍ജ്ജ് കഴിഞ്ഞ് കിടക്കണ കെടപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല.

ദുബായില്‍ തണുപ്പ് തുടങ്ങി,ചെറുങ്ങനെ. ഇവിടെ പലര്‍ക്കും തണുപ്പിഷ്ടമല്ല. പക്ഷെ, എനിക്കങ്ങിനെയല്ല, ദുബായിലെ തണുപ്പ് രസമുള്ള തണുപ്പല്ലേ? അസ്ഥിയില്‍, തുന്നണ സൂചികൊണ്ട് കുത്തണ അമേരിക്കന്‍ തണുപ്പല്ല ദുബായിയില്‍.

ഊട്ടിയില്‍ ഉച്ചനേരത്തെ തണുപ്പുപോലെ സുഖകരമായ, പുതച്ച് മൂടി കിടന്നുറങ്ങാന്‍ ടെമ്പ്റ്റേഷന്‍ ഉണ്ടാക്കുന്ന അടിപൊളി തണുപ്പ്. (പണ്ട് ഊട്ടിക്ക് ടൂറ് പോകുമ്പോള്‍ ഈ ഉച്ച തണുപ്പു കണ്ട്, ദൈവമേ കൊടകരയിലും ഇതേ പോലെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് കൊതിച്ചിട്ടുണ്ട്.)

ഫാന്‍സി എന്നെയെടുക്കാന്‍ ഇന്നും ടൈമിലെത്തി. ലൈറ്റ് ബിസ്കറ്റ് കളര്‍ ഷര്‍ട്ടും കോഫീ കളര്‍ പാന്‍സുമാണ് ഇന്നിട്ടത്. ഇന്നത്തെ ഡ്രസ് കോമ്പിനേഷന്‍ ഒക്കെയാണ്. ഒരേയൊരു പ്രശ്നം, ഷൂ കറുപ്പും ബെല്‍റ്റ് ബ്രൌണുമാണ്. അത് ബോറാ.. നിയമത്തിന് എതിരാണ്. കോമ്പിനേഷന്‍ സെന്‍സില്ലായ്മയാണെന്ന് തെറ്റിദ്ധരിക്കും. :(

ഫാന്‍സിയില്‍ ഇന്ന് കറുപ്പും കറുപ്പും ഇട്ട് വരുന്ന ആ സഹോദരി ആളൊരു ബഹുമിടുക്കിയാണ്. പറയാതെ വയ്യ. എന്താ ഒരു നില്പ്. സംഗതി പറയാന്‍ മാത്രമുള്ള മുഖ സൌന്ദര്യമൊന്നുമില്ല, അതുപിന്നെ ഉണ്ണിമേരിക്കെന്തിനാ കാഞ്ചിപുരം പട്ട്?? എന്താ മുഖത്തെ ഒരു കോണ്‍ഫിഡന്‍സ്. അവിടെ കൊടുക്കണം മാര്‍ക്ക്. ചുള്ളത്ത്യാരുടെ തലമുടി ശരിക്കും നരച്ചിട്ടുണ്ട്. പക്ഷെ, അതൊക്കെ ഹെന്ന ചെയ്ത് വെരി വെരി നൈസാക്കി വച്ചിരിക്കുന്നു. കറക്റ്റ് ഡ്രസ് കോംബിനേഷനാണ്. മലയാളിയല്ല, ബോംബെക്കാരിയാണെന്നാ തോന്നുന്നത്.

അതിന് വേറൊരു ചേച്ചിയുണ്ട്. മോനെ സ്കൂള് വണ്ടി കയറ്റാന്‍ വരുന്നതാണ്. സാരിയുടെ മുന്താണി ഫ്രന്റിലേക്കിട്ടാണുടുക്കുക, മലയാളിയല്ല. വന്നപാടെ അമ്മയും മോനും കൂടെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ തിണ്ടില്‍ ഒറ്റ ഇരിക്കലാണ്. എത്രയോ ആളുകള്‍ ചവിട്ടിപോകുന്ന സ്ഥലമാണ്.

അതുകൊണ്ട്, ഊര്‍ജ്ജസ്വലതയുള്ളവരായിരിക്കണം, ആണായാലും പെണ്ണായാലും. മുഖമഴകും മേനിയഴകും മമ്മുട്ടിയെപ്പോലെയും ഐശ്വര്യാറായിപ്പോലെയും ഇല്ലേലും കുട്ടി ജോണിയുടെ കഥയിലെ പോലെ നമുക്ക് ദൈവം തന്നത് വച്ച് വൃത്തിയില്‍ പരിപാലിച്ച് ജീവിക്കണം.

എന്നിട്ട് ഒരു നാട്ടുനടപ്പ് പറച്ചിലുണ്ട്... ‘ ഹോ! എനിക്ക് പൌഡര്‍ ഇടുന്നത് പോലും ഇഷ്ടമല്ല... നമ്മളെ ഇപ്പോ ഇനി ആരും ഇനി കെട്ടാനൊന്നും പോണ്ട!’ എന്നൊക്കെ.

മടി. മടി. അത് തന്നെയാണ് കേസ്. വൃത്തിയില്‍ നടക്കാന്‍ ചില്ലറ എഫര്‍ട്ടുണ്ട്. എളുപ്പമല്ല! കുഴിമടി, അത് തന്നെ!

എന്നാപ്പിന്നെ കുട്ടി ജോണിയുടെ കഥയും കൂടെയങ്ങ് പറഞ്ഞേക്കാം. കേള്‍ക്കാത്തവര്‍ക്ക് വേണ്ടി, ഉള്ള ഓര്‍മ്മ വച്ച്..

കുട്ടിജോണി ഒരു സാധാരണ ഫാക്റ്ററി തൊഴിലാളിയുടെ മകനായിരുന്നു. അമ്മയും അപ്പച്ഛനും കുട്ടിജോണിയുമുള്‍പ്പെട്ട കുഞ്ഞു വീട്ടില്‍ അവര്‍ ഹാപ്പിയായി താമസിച്ചു.

കളിക്കാന്‍ കുട്ടിജോണിക്ക് ഒരേയൊരു ടോയ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു ദിവസം കളിക്കിടെ ആ ടോയുടെ കാലൊടിഞ്ഞു. ‘അപ്പച്ചനോട് പറഞ്ഞ് പുതിയതൊരെണ്ണം വാങ്ങിപ്പിക്കാം’ എന്നോര്‍ത്ത് കുട്ടിജോണീ പഴയവനെ ഒരു മൂലയിലേക്കെറിഞ്ഞ് പുത്തന്‍ പാവ ഡിമാന്റ് അപ്പച്ചനോട് പറഞ്ഞു.

ഒന്നാം തിയതിയും മുപ്പതാം തിയതിയും വട്ടമെത്തിക്കാന്‍ കഷ്ടപ്പെട്ടിരുന്ന ആ പാവം അപ്പച്ചന്‍ ‘ക്രിസ്തുമസ്സാവട്ടെ‘ എന്ന് പറഞ്ഞ് റിക്വസ്റ്റ് റിജക്റ്റ് ചെയ്തു.

പാവം കുട്ടി ടോണി. ഒരു ദിവസം മുഴുവനും കുട്ടി ജോണി കരഞ്ഞ് വഴക്കിട്ട് അലമ്പുണ്ടാക്കി ഇരുന്നു. ഭക്ഷണവും കഴിച്ചില്ല. ക്രിസ്തുമസിന് മാസം മൂന്ന് കഴിയണം, അത്രേം കാലം എന്ത് ചെയ്യും?? ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ലാതെ ഒരു ദിവസം കൂടെ ഇരുന്നു.

മൂന്നാം നാള്‍ മൂപ്പര് കാലത്ത് തന്നെ ചാടിപ്പെടെഞ്ഞ് എണീറ്റ്, വേഗം പോയി കാലൊടിഞ്ഞാമ്പാവയെ എറിഞ്ഞിടത്തുനിന്ന് എടുത്തോണ്ട് വന്നു. എന്നിട്ട് തിരിച്ചും മറിച്ചും നോക്കി. വേഗം ഒരു തുണി എടുത്ത് നനച്ച്, ടോയ് നന്നായി തുടച്ചു. എന്നിട്ട് ഒടിഞ്ഞ കാല്‍ ഒരഡ്ജസ്റ്റ് മെന്റില്‍ ഒട്ടിച്ച് വച്ചു. എന്നിട്ടൊരു ഉമ്മയും കൊടുത്തു.
എല്ലാ സങ്കടവും മറന്ന് വീണ്ടും കളി തുടങ്ങി.

അപ്പോള്‍ ആ ചേച്ചിയും മോനും മുഖമൊക്കെ ഒന്ന് കഴുകി, തലമുടിയൊക്കെ ഒന്ന് ഡീസന്റാക്കി, ആ കുട്ടിയെയും കൊണ്ട് ബസ് കയറാന്‍ നില്‍ക്കുന്ന മറ്റുള്ളവരുടെ കൂടേ ഡീസന്റായി നിന്ന് അവരോടൊക്കെ ‘ഹായ്... മോള്‍ടെ തലമുടിയൊക്കെ എന്തു ഭംഗിയിലാ കെട്ടിയിരിക്കുന്നേ... എനിക്കൊന്ന് കെട്ടിത്തരുമോ ഇങ്ങിനെ?’ എന്ന നിര്‍ദ്ദോഷ കമന്റ് റോളില്‍ എല്ലാവരോടും കമ്പനിയായി എത്ര രസമായി നില്‍ക്കാം. അവിടെ. കുറെ ഫ്രന്‍സും കിട്ടും. കാലത്ത് മോനെ സ്കൂളില്‍ കയറ്റി വിടാന്‍ പോകുമ്പോള്‍ അവിടെ ഒരു ഫ്രന്‍സ് സര്‍ക്കിള്‍!

മൂഡ് ഔട്ടായി കോഴി കഞ്ഞാവടിച്ചപോലെ എനിക്കും മറ്റുള്ളവര്‍ക്കും യാതൊരു ഗുണവുമില്ലാതെ ഇരുന്ന ജീവിച്ച സന്ദര്‍ഭങ്ങളാണ് എന്റെ ജീവിതത്തിലെ പി & എല്‍ അക്കൌണ്ടിലെ ലോസുകള്‍!!

ഊര്‍ജ്ജസ്വലരായിരിക്കുന്നവര്‍ക്കുള്ളതാണ് ലോകം.

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP