നവമ്പര്‍ 4, 2008
Monday, November 3, 2008
ജിമ്മിന് പോക്ക് നടന്നില്ല. എങ്ങിനെ നടക്കും? ദുബായിലെ ട്രാഫിക്ക് ദിവസം ചെല്ലുന്തോറും അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെ പോലെ വഷളായി വഷളായി വരുകയല്ലേ?
ഞാന്‍ കിറുകൃത്യം നാലരക്ക് ജെബല്‍ അലിയില്‍ നിന്നും പുറപ്പെട്ടതാണ്. വീട്ടിലേക്ക് വെറും അമ്പത്തഞ്ച് കി.മീ.യേ ദൂരമുള്ളു. ഗിഫ്റ്റ് വൌച്ചറ് മെഷീന്റവിടെ ഒന്ന് ചവിട്ടിയേച്ച് നോര്‍മല്‍ പെട പെടച്ച് പോയാല്‍ വെറും അരമണിക്കൂറ് കൊണ്ടെത്താവുന്നതേ യുള്ളൂ. എന്നിട്ട്, എത്തിയതോ? രണ്ടര മണിക്കൂറ് കൊണ്ട്! ഒരേ ഇരുപ്പാസനത്തിലിരുന്ന് എന്റെ കുണ്ഢലിനി ചൂടായി.
ഷാര്‍ജ്ജയിലെ എക്സ്പോ സെന്ററിലിപ്പോള്‍ ബുക്ക് ഫെയര്‍ നടക്കുന്നുണ്ട്. നാട്ടില്‍ നിന്ന് ഡി.സി.യും വന്നിട്ടുണ്ട്. വീട്ടിലെത്തി സായാഹ്ന കര്‍മ്മങ്ങള്‍ക്ക് ശേഷം, നേരെ അങ്ങോട് പോയി. കുളി, ജപം, പിള്ളേരെ കളിപ്പിക്കല്‍, മാമമുണ്ണല്‍, പിള്ളേരെ ഭക്ഷണം കഴിക്കാന്‍ മിരട്ടല്‍ എന്നതാണ് കര്‍മ്മങ്ങള്‍. ഇപ്പോഴുള്ള പിള്ളേര്‍ക്കൊന്നും ഭക്ഷണം കഴിക്കണം എന്ന ചിന്തയേയില്ല. പണിഷ്മെന്റ് പോലെയാണ് കഴിക്കണ കാര്യം. അതിനൊക്കെ ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍. ഒരുമണിക്ക് ചോറുണ്ണാന്‍, പന്ത്രണ്ടേമുക്കാലിന് പോയി അവരവരുടെ സീറ്റ് പിടിക്കും! വല്ല, ആടോ കോഴിയോ ആണെങ്കില്‍ ചിലപ്പോള്‍ പന്ത്രണ്ട് മണിക്ക് നമ്മള്‍ റെഡിയാവും.
ഡി.സി.യുടെ ബുക്ക് സ്റ്റാളില്‍ അറിയപ്പെടുന്ന എഴുത്തുകാരുടെ ബുക്കൊന്നും ഇല്ല. എല്ലാം വിറ്റു പോയിത്രേ. അതുകൊണ്ട് ആഗ്രഹിച്ചിരുന്ന ബുക്കൊന്നും കിട്ടിയില്ല. അവിടെയുണ്ടായിരുന്ന കക്ഷിയെ പരിചയപ്പെട്ടു. ‘കൊടകരപുരാണം‘ എന്ന് കേട്ടിട്ടുണ്ടോ? എന്ന് ഞാന്‍ ചോദിച്ചത്, സത്യത്തില്‍ ഒരു ചമ്മലോടെയാണ്. കാരണം, ദൈവം സഹായിച്ച് ഞാന്‍ ആരോടൊക്കെ ചോദിച്ചിട്ടുണ്ടോ അതില്‍ 99% പേരും ‘ഇല്ല’ എന്നാണ് പറഞ്ഞിട്ടുള്ളത്.
ദല യുടെ ബുക്ക്സ്റ്റാളില്‍ വച്ച് ചോദിച്ചതില്‍ പിന്നെ മേലില്‍ ഞാന്‍ ആരോടും ചോദിക്കില്ല എന്ന് കോല്‍ ഒടിച്ചിട്ടതായിരുന്നു.
അത് ഒരു വര്‍ഷം മുന്‍പാണ്. ദലയുടെ കേരളോത്സവം പ്രമാണിച്ച ഒരുക്കിയ ഷോപ്പിലൊന്ന്, ബുക്ക്സ്റ്റോളായിരുന്നു. ബുക്കുകളുടെ കൂട്ടത്തില്‍, വിത്സന്റെ ‘ഉറക്കം ഒരു കന്യാസ്ത്രീ’ കിടക്കുന്നു, അപ്പുറത്ത് നിര്‍മ്മലാജിയുടെ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി‘ യും കിടക്കുന്നു.
അതിന്റെ ഒരു ആവേശത്തില്‍ ഞാന്‍ ഒരു അനാവശ്യ ചോദ്യം ചോദിച്ചു.
“ചേട്ടാ... ഇവിടെ കൊടകരപുരാണം ഉണ്ടോ??”
എന്റെ ചോദ്യം കേട്ട് ആ ദുഷടന്‍ മുഖം ചുളിച്ച് എന്നോട് ചോദിക്കുകയാ..
“എന്ത്?? എന്ത്?? എന്തിറ്റ് പുരാണം ന്ന്??”
“ഏയ്. ഒന്നുമില്ല. നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ഒന്നെടുക്കാമോ?“ എന്ന് പറഞ്ഞ് ഞാന്‍ സബ്ജക്റ്റ് ചെയ്ഞ്ചാക്കി.
ഇത്തവണ ആ ചമ്മല്‍ ഉണ്ടായില്ല. ബുക്ക് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. പരിചയപ്പെട്ടു. ബുധനാഴ്ച അടുത്ത കണ്‍സൈന്മെന്റ് വരും. അപ്പോള്‍ വന്നാല്‍ വേണ്ട ബുക്കൊക്കെ കിട്ടും എന്ന് പറഞ്ഞു. പോണം.
ഇന്ന് രാവിലെ 4 മണിക്കാണെണീറ്റത്. 5 മണിക്ക് പുറപ്പെട്ടു. എന്നിട്ടും ഷാര്‍ജ്ജ-ദുബായ് ഇത്തിഹാദ് റോഡില്‍ ട്രാഫിക്ക് ഉണ്ടായിരുന്നു. അസുഖങ്ങള്‍ ഒന്നുമില്ലെങ്കില്‍, പ്രഭാതങ്ങള്‍ എല്ലാം കൊള്ളാം.
എങ്കിലും ദുബായിലെ പ്രഭാതങ്ങളേക്കാള്‍ രസം നാട്ടിലെ തന്നെ. വെക്കേഷന് പോകുമ്പോള്‍ ഞാനിപ്പോഴും ഒരു അഞ്ച് അഞ്ചരക്കൊക്കെ എണീറ്റ് വെറുതെ റോഡിന്റെ സൈഡില്‍ വന്ന് നില്‍ക്കും. ഹോ! എന്താ ഒരു രസം, എന്താ ഒരു സുഖം, സമാധാനം.
പതിമൂന്ന് വര്‍ഷങ്ങളില്‍ ആകെ അമ്മ മരിച്ച പോക്കിന് മാത്രമേ എനിക്ക് നാട്ടില്‍ നില്‍ക്കേണ്ട, എത്രയും പെട്ടെന്ന് തിരിച്ച് പോണം എന്ന് തോന്നിയിട്ടുള്ളൂ. അമ്മയില്ലാത്ത വീടും നാടും എന്റെയൊന്നുമല്ല... എന്നൊക്കെ തോന്നിയിരുന്നു. ബാക്കിയെല്ലാ തിരിച്ചുവരവും കറക്കാന്‍ നേരത്ത് അമ്മപശുവിന്റെ അകിട്ടില്‍ നിന്നും പിടിച്ച് വലിച്ച് മാറ്റി കെട്ടുന്ന പശുക്കുട്ടിയുടെ മാനസികാവസ്ഥയിലാണ്. പത്തും പതിനഞ്ചും ദിവസത്തിനപ്പുറം എനിക്ക് ലീവ് കിട്ടാറില്ല ഇവിടെ.
ഇപ്പോള്‍ ഏറ്റവും വലിയ ആഗ്രഹം ഒരു രണ്ട് മാസമെങ്കിലും നാട്ടില്‍ പോയി, ആ പഴയ കൊടകരക്കാരനായി ജീവിക്കണം എന്നതാണ്. സുന്ദരമായ അടുത്തെന്നും നടക്കാത്ത സ്വപനം!

15 comments:
ഇന്നും ഫസ്റ്റ് കമന്റ് എന്റെ വക. നേരത്തെ ഓഫീസില്‍ വന്നു. വെറുതെ നോക്കിയതാ പോസ്റ്റ് വല്ലോം ഉണ്ടോ എന്ന്. പ്രതീഷ ഇല്ലായിരുന്നു. സന്തോഷം ആയി.
I was about to ask u, how u find time to go to Gim and all. U r working in Jebel Ali & staying in Sharjah and i know the Traffic in dubai. anyway thanks for posting something for us in ur tight schedule.really enjoyed...
നാട്ടില് മിക്ക ബുക്ക് stall il കൊടകരപുരാണം ഔട്ട് ഓഫ് സ്റ്റോക്ക് ആണല്ലോ, ഞാന്‍ എനിക്ക് ആകാവുന്നത് പോലെ പബ്ലിസിറ്റി കൊടുക്കുന്നുണ്ട് . എനിക്ക് ബുക്ക് കിട്ടാത്ത കൊണ്ടു പ്രിന്റെ എടുത്തു. എന്നോടാ കളി..
ആഗ്രിയില്‍ പോസ്റ്റ് തലക്കെട്ട് “ നവമ്പര്‍ 14, 2008”. പോസ്റ്റില്‍ വന്നപ്പോള്‍ അത് “ നവമ്പര്‍ 4, 2008”. ഇന്ന് ജിമ്മില്‍ പോയ കാര്യവും ബുക്ക് ഫെയറിലെ കാര്യവുമെല്ലാം എഴുതി ഇന്ന് രാവിലെ തന്നെ പോസ്റ്റിയോന്ന് നോക്കിയപ്പോഴല്ലെ, പോസ്റ്റിംഗ് ദിനം നവംബര്‍ 3 എന്നു കാണിക്കുന്നത്. എന്തിറ്റിഷ്ടാ ദ്.
ദുര്‍ബലന്റെ നാട്ടിലെ പഴയ ഡയറിപോലെ, ഇത് ദുബായിലെ ബലവാന്റെ ഭാവി ഡയറിയാണോ.
:)
ചാത്തനേറ്:“99% പേരും ‘ഇല്ല’”
എഴുതാന്‍ മാത്രം അറിഞ്ഞാല്‍ പോരാ ചോദിക്കാനും അറിയണം..
കണ്ണിന്റെ ചുറ്റും കറുപ്പ് വട്ടമുള്ള + ഒരു കുടവയറും കണ്ണടയും ഉറക്കം തൂങ്ങിയ നടപ്പുമുള്ള ആരോട് വേണേലും ചോദിച്ച് നോക്കൂ- (ഒരു സാധാ കമ്പ്യൂട്ടര്‍ ജീവീടെ വര്‍ണ്ണന ശരിയായോ എന്തോ?)
ആത്മ പ്രശംസ ... ഹും !
ഓഫ്.. നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു മാഷേ... ഇടക്കൊക്കെ ഒരു പോസ്റ്റിടരുതോ
ഗിഫ്റ്റ് വൌച്ചറ് മെഷീന്റവിടെ ഒന്ന് ചവിട്ടിയേച്ച് നോര്‍മല്‍ പെട പെടച്ച് പോയാല്‍ വെറും അരമണിക്കൂറ് കൊണ്ടെത്താവുന്നതേ യുള്ളൂ.
- ഗിഫ്റ്റ് കിട്ടാറില്ല, അല്ലേ?
എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം....
-ആണോ?
കുണ്ഢലിനി ചൂടായി. :)
BTW, me too luking for the puranam in BD books website n indulekha... manappichu nokkan polum onnum kittiyilla maashe. :(
still waiting to get one.
അപ്പോള്‍ ജിം ആണല്ലേ.. കുണ്ഡലിനി ചൂടാകാതെ ഇരിക്കാന്‍ "ബട്ടില്‍" തണുപ്പിക്കല്‍ യന്ത്രം ഫിറ്റ് ചെയ്താല്‍ മതി.പിന്നെ സുകുമാര്‍ അഴീകൊടിനെ പോലെയുള്ള സാമൂഹ്യ വിരുദ്ധര്‍ കൊടകരപുരാണം പൂഴ്ത്തിവെയ്ക്കുന്നു എന്നും ഒരു ജനസംസാരം ഇല്ലാതില്ല ..
അനു - :) നടപ്പ് സംഭവങ്ങള്‍ എഴുതി വച്ചില്ലേ അതൊക്കെ മിസ്സായിപ്പോം. സംഗതി വായിക്കുന്നവര്‍ക്ക് ഇച്ചിരെ ‘പൊങ്ങിത്തരം ഡീപ്പ് ഫ്രൈ‘ ആയി തോന്നിയേക്കാമെങ്കിലും, അങ്ങ് എഴുതുകയാണ്, പിന്നീടൊരിക്കല്‍ സ്വയം വായിച്ച് ‘ഓ ഹ ഹ’ എന്ന് പറയാന്‍.
ഇന്ന് ചിന്നം മിന്നം വെളുത്തപ്പോള്‍ ഓഫീസില്‍ എത്തി. അങ്ങിനെയെഴുതിയതാണ്! എന്തായാലും ഈ സപ്പോര്‍ട്ടിന് നന്ദിയുണ്ട്. വല്യ താമസമില്ലാതെ നിങ്ങള്‍ക്ക് ബോറഡിക്കാന്‍ ചാന്‍സുണ്ടെങ്കിലും...
കൃഷ് -:) അതങ്ങിനെ സംഭവിച്ചുപോയി. സംഭവമ്മായി യു ഗോ എന്നാണല്ലോ?
കുട്ടി ചാ-:)
ഗുപ്തന്‍-:) ആത്മപ്രശംസ ഓവറാവുമ്പോള്‍ ഒന്ന് സൂചിപ്പിക്കണം. പരമാവധി ഞാന്‍ കണ്ട്രോള്‍ ചെയ്തിട്ടാ ഇങ്ങിനെ. അല്ലെങ്കിലോ? :)താങ്ക്സ് ചുള്ളന്‍.
കൈത :) ഉം. സത്യാ.
അഹം -:) നാട്ടാരോ...താങ്ക്സ്. രണ്ടാമന്‍ ജനുവരീല്‍ എറെങ്ങേരിക്കും.
ദീപക്‍-:) ഏയ്. ജിമ്മൊന്ന്വല്ല. വയര്‍ കണ്ട്രോളിങ്ങ് മാത്രം.
"കൊടകരപുരാണം" പലപ്പോഴും ഔട്ട് ഓഫ് സ്റ്റോക്ക് ആകുന്നുണ്ട് എന്ന ന്യായത്തിന്റെ മറവില്‍ ഒരു മോഷണം ഏറ്റു പറഞ്ഞോട്ടെ. കാലം 2007 Aug or Sept. എന്റെ മകള്‍ അവളുടെ അമ്മയുടെ വയറ്റില്‍ ഏഴാം മാസം കയ്യേറ്റസമരത്തില്‍. താങ്കളുടെ ബ്ലോഗ് കഥകളുടെ bits & pieces ഞാന്‍ പറഞ്ഞു കേട്ട് ഫാര്യ ആകാംഷയുടെ കയറു പൊട്ടി നില്ക്കുന്നു. പ്രായത്തോടുള്ള ബഹുമാനംകൊണ്ട് വീട്ടിലെ കംപ്യൂട്ടറിനു മുന്‍പില്‍ ഞങ്ങളാരും ഇരിക്കാറില്ല. കണക്ഷന്‍ ആണെങ്കില്‍ ഡയല്‍ അപ്പും. പുസ്തകം ഇവിടെ ഇറങ്ങിയോ, എവിടെ കിട്ടും എന്നുമറിയില്ല (അല്ലാതെ ദുട്ടിറക്കാനുള്ള മടിയല്ല. സത്യം). പിന്നെ മടിച്ചില്ല, അതുവരെയുള്ള മുഴുവന്‍ പുരാണങ്ങളും (പുസ്തകത്തിന്റെ കവര്‍ അടക്കം) A4 size ല്‍ പ്രിന്‍റ് എടുത്ത് കുത്തിക്കെട്ടി ഭാര്യക്ക് സമ്മാനിച്ചു. വയറിന്റെ പ്രശ്നാമണേ. ദോഷം പറയരുതല്ലോ എന്റെ മോള്‍ അമ്മയുടെ വയറ്റില്‍ക്കിടന്നു ശീലിച്ച കുടുകുടു ചിരിയുടെ hangover ഇപ്പോഴും വിട്ടിട്ടില്ല. ഫുള്‍ ടൈം കുടുകുടു ആണ്. ബെസ്റ്റ് കുറുമ്പി. അതുകൊണ്ട് അടിയന്‍റെ ഈ ചെറിയ മോഷണം ഗുരു പോറുത്തുതരണം. പിന്നെ ഗുരുവിന്റെ നാമം അനുവാദം ചോദിയ്ക്കാതെ ഇവിടെ ഒന്നു പരാമര്‍ശിച്ചിട്ടുണ്ട്.http://binoyps.blogspot.com/2008/11/blog-post_8417.html അനുഗ്രഹിക്കണം..
അയ്യോടാ..മാഷേ..പെട വേണ്ടാ..വല്ലാണ്ട് പെട വേണ്ടാ..
നമ്മുടെ തൃശൂര് നാട്ടില്, ഏത് മൊട്ടേന്നു വിരിയാത്ത കുട്ടിക്കുപോലും ഈ "കൊടകര പുരാണം" എന്താന്നു അറിയാം..കഴിഞ്ഞ തവണ,നാട്ടില്‍ പോയപ്പോ,എന്റെ പഴയ ശിഷ്യ ഗണങ്ങള്‍ സ്കൂളില്‍ വച്ചു ക്ലാസ് ടൈമില്‍ ഇരുന്നു ഈ "പുരാണം" വായിച്ചു എന്ന് എനിക്ക് അറിവ് കിട്ടി.അവറ്റെനെ,കൂട്ടത്തോടെ പിടിച്ചു ക്ലാസ്സിനു പുറത്തു നിര്‍ത്തീപ്പൊ സമാധാനായല്ലോ..
നരകത്തിലുള്ള ഒരു അഭസനാ ഞാന്‍..എനിക്കും ഇതു പിടിച്ചു
എന്താ വി എം ജീ ഒരു വിഷാദം?!
ഈ ‘ഡ്യുബായ് ഡേയ്സ് ’വിഷാദിക്കാനും കൂടി ഉള്ളതാണോ?
വിഷാദിക്കണ്ട ട്ടൊ :)
എനിയും എത്ര എത്ര ഹൃദയങ്ങളെ ചിരിപ്പിക്കാനുള്ള
കടമ കിടക്കുമ്പോള്‍ ഇങ്ങിനെ തളരരുത് ട്ടൊ
‘ആശംസകള്‍’!
ലോകത്ത് ഏറ്റവും കൂടുതല്‍ കൊടകരപുരാണത്തിനു പബ്ലിസിറ്റി കൊടുത്തയാള്‍ ഞാനാണ്. അതില്‍ പകുതിപ്പേരെങ്കിലും താങ്കളുടെ ആരാധകര്‍ ആയിരിക്കും. വെറുതെയല്ല, എനിക്കു പ്രതിഫലം തന്നിട്ടുമല്ല, വളരെയധികം നന്നായിരുന്നു. ഇപ്പോള്‍ പഴയ അത്ര അങ്ങു പോരാ എങ്കിലും തരക്കേടില്ല.
ഗിഫ്റ്റ് വൌച്ചറ് വാങ്ങാതെ 3.5 വര്‍ഷം ഞാന്‍ നടന്നു, ഇപ്പോള്‍ കിട്ടി രണ്ട് ഇല്ലീഗല്‍ പാര്‍ക്കിങ്ങിന്. എന്തേലും കിട്ട്റ്റിയോ ഇതുവരെ?
Post a Comment