സ്വപ്നങ്ങള്‍..
Thursday, October 23, 2008
ഒരിക്കല്‍ ഒരു പുഴയുടെ തീരത്ത് ധ്യാനിച്ചോണ്ടിരിക്കുന്ന സന്യാസിയുടെ അടുത്തേക്കൊരു യുവാവ് ചെന്നു പറഞ്ഞു.
‘എക്സ്ക്യൂസ് മി ബ്രദര്‍, എനിക്കും സന്യസിക്കണം!’
സന്യാസി കണ്ണുതുറന്ന് രണ്ട് തവണ പുരികക്കൊടികള്‍ ഉയര്‍ത്തിക്കൊണ്ട് ചോദിച്ചു.
‘വൈ?’
കൈകള്‍ കൂപ്പി, സന്യാസിയോടായി ഈ യുവാവ് പറഞ്ഞു:
‘സത്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്’
“ഓഹോ!!” എന്ന് പറഞ്ഞ്, ഉടനടി സന്യാസി ഇരുന്നിടത്തൂന്ന് ചാടി എണീറ്റ് യുവാവിന്റെ കഴുത്തിന് പിടിച്ച് പിറകോട്ട് തള്ളി, പുഴയിലേക്ക് മറിച്ചിട്ട് വെള്ളത്തില്‍ അങ്ങ് മുക്കിപ്പിടിച്ചു.
"ഒന്ന്.. രണ്ട്.. മൂന്ന്...“ എന്നിങ്ങനെ പത്തുവരെ എണ്ണി, സന്യാസി ആളെ റിലീസ് ചെയ്തു.
പ്രാണരക്ഷാര്‍ത്ഥം മാക്സിമം ഓക്സിജന്‍ എത്തത്തക്കവിധം ശ്വസിക്കുന്ന യുവാവിനോടായി സന്യാസി ചോദിച്ചു.
“വെള്ളത്തിനടിയില്‍ ശ്വാസത്തിനായി ആഗ്രഹിക്കും പോലെയൊരു ആഗ്രഹം നിങ്ങള്‍ക്ക് സത്യത്തെ അന്വേഷിക്കുന്ന കേസിലും ഉണ്ടോ? “
അത് കേട്ട് ആള്‍ “ഏയ്. ഇല്ല, ചേട്ടോ..... ഞാന്‍ പോട്ടേ. ഞാന്‍ ഒന്നും ചോദിച്ചേം ഇല്ല ഇവിടെ ഒന്നും സംഭവിച്ചേമില്ല“ എന്ന് പറഞ്ഞത്രേ. (ആ യുവാവ് മഹാസാധുവായിപ്പോയി. അല്ലെങ്കില്‍ സന്യാസി 25 എണ്ണും വരെ ശ്വാസം പിടിക്കേണ്ടി വന്നേനെ! )
ഇത് ഞാന്‍ കുറെ മുന്‍പ് കേട്ടൊരു കഥയാണ്.
ഒരുപക്ഷേ, എന്റെ ജീവിതത്തില്‍ ഏറ്റവും തീക്ഷ്ണമായി ആഗ്രഹിച്ച കാര്യങ്ങള്‍ പലതും നടന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അതൊക്കെ കുഞ്ഞ്യേ കുഞ്ഞ്യേ കാര്യങ്ങളായിരുന്നിരിക്കും. പക്ഷെ, എനിക്കത് വമ്പന്‍ സ്രാവുകളായിരുന്നു.
1996 വരെ ആഗ്രഹിച്ചിരുന്ന ചിലത്:.
1. മനോരമയില്‍ എന്നും പരസ്യം വരാറുള്ള ആക്ഷന്റെ ഷൂസ്.
2. കടഞ്ഞ കാലുള്ള, വീട്ടിത്തടിയുടെ ഡിസൈന്‍ മൈക്കയൊട്ടിച്ച ഡൈനിങ്ങ് ടേബിള്‍
3. ടീപോയ്, പേരാമ്പ്ര ഉണ്ടാക്കുന്ന 3 ചൂരല്‍ കസേര
4. ടി.വി. (പുത്തന്‍ അലൂമിനീയം ആന്റിന എന്റെ വീടിന്റെ ചിമ്മിണിയുടെ സൈഡില്‍..ആഹഹ!)
5. വീട്ടില്‍ ഗ്യാസ് കുറ്റി. (മാറാന്‍ പോകണം)
6. വീ.സീ.ആര്‍. (കാസറ്റ് കൊടുക്കല്‍, വാങ്ങല്‍)
7. അജന്തയുടെ മ്യൂസിക്കുള്ള ക്ലോക്ക്.
8. 12 ഡിജിറ്റിന്റെ കാല്‍ക്കുലേറ്റര്‍
9. ബാത്ത് റൂമിലും റ്റോയ്ലറ്റിലും പോകുമ്പോള്‍ ബക്കറ്റില്‍ വെള്ളം കൊണ്ടുപോകുന്നത് ഒഴിവാക്കി, പൈപ്പില്‍ വെള്ളം വരണ സെറ്റപ്പ്.
10. ഫ്രിഡ്ജ്. (പ്ലാസ്റ്റിക്ക് കുപ്പിയില്‍ വച്ച ഐസ് വാട്ടര്‍ ഇടക്കിടെ എടുത്തുകുടിക്കണം)
11. ഡിഗ്രിക്കാരനാവണം.
12. ഗള്‍ഫുകാരനാവണം.
13. അമ്മാവന് 1000 രൂപ അയച്ച് കൊടുക്കണം, ഒരു കത്തും.
14. കാശുണ്ടാകുമ്പോള്‍ അമ്മക്കും അച്ഛനും മണി മാല പണിയിച്ച് കൊടുക്കണം.
പതിനാലാമന്‍ സ്വപ്നം എന്നെ പറ്റിച്ച് കളഞ്ഞു. :(
