നവമ്പര്‍ 4, 2008
Monday, November 3, 2008
ജിമ്മിന് പോക്ക് നടന്നില്ല. എങ്ങിനെ നടക്കും? ദുബായിലെ ട്രാഫിക്ക് ദിവസം ചെല്ലുന്തോറും അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെ പോലെ വഷളായി വഷളായി വരുകയല്ലേ?
ഞാന്‍ കിറുകൃത്യം നാലരക്ക് ജെബല്‍ അലിയില്‍ നിന്നും പുറപ്പെട്ടതാണ്. വീട്ടിലേക്ക് വെറും അമ്പത്തഞ്ച് കി.മീ.യേ ദൂരമുള്ളു. ഗിഫ്റ്റ് വൌച്ചറ് മെഷീന്റവിടെ ഒന്ന് ചവിട്ടിയേച്ച് നോര്‍മല്‍ പെട പെടച്ച് പോയാല്‍ വെറും അരമണിക്കൂറ് കൊണ്ടെത്താവുന്നതേ യുള്ളൂ. എന്നിട്ട്, എത്തിയതോ? രണ്ടര മണിക്കൂറ് കൊണ്ട്! ഒരേ ഇരുപ്പാസനത്തിലിരുന്ന് എന്റെ കുണ്ഢലിനി ചൂടായി.
ഷാര്‍ജ്ജയിലെ എക്സ്പോ സെന്ററിലിപ്പോള്‍ ബുക്ക് ഫെയര്‍ നടക്കുന്നുണ്ട്. നാട്ടില്‍ നിന്ന് ഡി.സി.യും വന്നിട്ടുണ്ട്. വീട്ടിലെത്തി സായാഹ്ന കര്‍മ്മങ്ങള്‍ക്ക് ശേഷം, നേരെ അങ്ങോട് പോയി. കുളി, ജപം, പിള്ളേരെ കളിപ്പിക്കല്‍, മാമമുണ്ണല്‍, പിള്ളേരെ ഭക്ഷണം കഴിക്കാന്‍ മിരട്ടല്‍ എന്നതാണ് കര്‍മ്മങ്ങള്‍. ഇപ്പോഴുള്ള പിള്ളേര്‍ക്കൊന്നും ഭക്ഷണം കഴിക്കണം എന്ന ചിന്തയേയില്ല. പണിഷ്മെന്റ് പോലെയാണ് കഴിക്കണ കാര്യം. അതിനൊക്കെ ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍. ഒരുമണിക്ക് ചോറുണ്ണാന്‍, പന്ത്രണ്ടേമുക്കാലിന് പോയി അവരവരുടെ സീറ്റ് പിടിക്കും! വല്ല, ആടോ കോഴിയോ ആണെങ്കില്‍ ചിലപ്പോള്‍ പന്ത്രണ്ട് മണിക്ക് നമ്മള്‍ റെഡിയാവും.
ഡി.സി.യുടെ ബുക്ക് സ്റ്റാളില്‍ അറിയപ്പെടുന്ന എഴുത്തുകാരുടെ ബുക്കൊന്നും ഇല്ല. എല്ലാം വിറ്റു പോയിത്രേ. അതുകൊണ്ട് ആഗ്രഹിച്ചിരുന്ന ബുക്കൊന്നും കിട്ടിയില്ല. അവിടെയുണ്ടായിരുന്ന കക്ഷിയെ പരിചയപ്പെട്ടു. ‘കൊടകരപുരാണം‘ എന്ന് കേട്ടിട്ടുണ്ടോ? എന്ന് ഞാന്‍ ചോദിച്ചത്, സത്യത്തില്‍ ഒരു ചമ്മലോടെയാണ്. കാരണം, ദൈവം സഹായിച്ച് ഞാന്‍ ആരോടൊക്കെ ചോദിച്ചിട്ടുണ്ടോ അതില്‍ 99% പേരും ‘ഇല്ല’ എന്നാണ് പറഞ്ഞിട്ടുള്ളത്.
ദല യുടെ ബുക്ക്സ്റ്റാളില്‍ വച്ച് ചോദിച്ചതില്‍ പിന്നെ മേലില്‍ ഞാന്‍ ആരോടും ചോദിക്കില്ല എന്ന് കോല്‍ ഒടിച്ചിട്ടതായിരുന്നു.
അത് ഒരു വര്‍ഷം മുന്‍പാണ്. ദലയുടെ കേരളോത്സവം പ്രമാണിച്ച ഒരുക്കിയ ഷോപ്പിലൊന്ന്, ബുക്ക്സ്റ്റോളായിരുന്നു. ബുക്കുകളുടെ കൂട്ടത്തില്‍, വിത്സന്റെ ‘ഉറക്കം ഒരു കന്യാസ്ത്രീ’ കിടക്കുന്നു, അപ്പുറത്ത് നിര്‍മ്മലാജിയുടെ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി‘ യും കിടക്കുന്നു.
അതിന്റെ ഒരു ആവേശത്തില്‍ ഞാന്‍ ഒരു അനാവശ്യ ചോദ്യം ചോദിച്ചു.
“ചേട്ടാ... ഇവിടെ കൊടകരപുരാണം ഉണ്ടോ??”
എന്റെ ചോദ്യം കേട്ട് ആ ദുഷടന്‍ മുഖം ചുളിച്ച് എന്നോട് ചോദിക്കുകയാ..
“എന്ത്?? എന്ത്?? എന്തിറ്റ് പുരാണം ന്ന്??”
“ഏയ്. ഒന്നുമില്ല. നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ഒന്നെടുക്കാമോ?“ എന്ന് പറഞ്ഞ് ഞാന്‍ സബ്ജക്റ്റ് ചെയ്ഞ്ചാക്കി.
ഇത്തവണ ആ ചമ്മല്‍ ഉണ്ടായില്ല. ബുക്ക് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. പരിചയപ്പെട്ടു. ബുധനാഴ്ച അടുത്ത കണ്‍സൈന്മെന്റ് വരും. അപ്പോള്‍ വന്നാല്‍ വേണ്ട ബുക്കൊക്കെ കിട്ടും എന്ന് പറഞ്ഞു. പോണം.
ഇന്ന് രാവിലെ 4 മണിക്കാണെണീറ്റത്. 5 മണിക്ക് പുറപ്പെട്ടു. എന്നിട്ടും ഷാര്‍ജ്ജ-ദുബായ് ഇത്തിഹാദ് റോഡില്‍ ട്രാഫിക്ക് ഉണ്ടായിരുന്നു. അസുഖങ്ങള്‍ ഒന്നുമില്ലെങ്കില്‍, പ്രഭാതങ്ങള്‍ എല്ലാം കൊള്ളാം.
എങ്കിലും ദുബായിലെ പ്രഭാതങ്ങളേക്കാള്‍ രസം നാട്ടിലെ തന്നെ. വെക്കേഷന് പോകുമ്പോള്‍ ഞാനിപ്പോഴും ഒരു അഞ്ച് അഞ്ചരക്കൊക്കെ എണീറ്റ് വെറുതെ റോഡിന്റെ സൈഡില്‍ വന്ന് നില്‍ക്കും. ഹോ! എന്താ ഒരു രസം, എന്താ ഒരു സുഖം, സമാധാനം.
പതിമൂന്ന് വര്‍ഷങ്ങളില്‍ ആകെ അമ്മ മരിച്ച പോക്കിന് മാത്രമേ എനിക്ക് നാട്ടില്‍ നില്‍ക്കേണ്ട, എത്രയും പെട്ടെന്ന് തിരിച്ച് പോണം എന്ന് തോന്നിയിട്ടുള്ളൂ. അമ്മയില്ലാത്ത വീടും നാടും എന്റെയൊന്നുമല്ല... എന്നൊക്കെ തോന്നിയിരുന്നു. ബാക്കിയെല്ലാ തിരിച്ചുവരവും കറക്കാന്‍ നേരത്ത് അമ്മപശുവിന്റെ അകിട്ടില്‍ നിന്നും പിടിച്ച് വലിച്ച് മാറ്റി കെട്ടുന്ന പശുക്കുട്ടിയുടെ മാനസികാവസ്ഥയിലാണ്. പത്തും പതിനഞ്ചും ദിവസത്തിനപ്പുറം എനിക്ക് ലീവ് കിട്ടാറില്ല ഇവിടെ.
ഇപ്പോള്‍ ഏറ്റവും വലിയ ആഗ്രഹം ഒരു രണ്ട് മാസമെങ്കിലും നാട്ടില്‍ പോയി, ആ പഴയ കൊടകരക്കാരനായി ജീവിക്കണം എന്നതാണ്. സുന്ദരമായ അടുത്തെന്നും നടക്കാത്ത സ്വപനം!
