നവമ്പര്‍ 9, 2008
Saturday, November 8, 2008
മിയാന്‍ ജി നാട്ടില്‍ പോയി. വകയിലെ ഒരു അങ്കിള്‍ പടമായി എന്ന് ആള്‍ക്ക് ഫോണ്‍ വന്നതുകൊണ്ട്, വ്യാഴാഴ്ച പോകേണ്ട ആള്‍ ബുധനാഴ്ച തന്നെ പോയി.
“മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ മിയാന്‍ ജീ. സഹിക്ക തന്നെ!“ എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും എനിക്ക് വല്യ വിഷമം ഒന്നും തോന്നിയില്ല. കാരണം, മിയാന്‍ ജിക്ക് മിനിമം ഒരു അറുപത് വയസുണ്ടാകണം. ആ നിലക്ക് അങ്കിളിന് ഒരു ഇരുപത്തഞ്ചും കൂടെ കൂട്ടിയാല്‍...മാത്തന്റെ അപ്പാപ്പന്റെ പ്രായമാവും. ഏയ്! അത്രയൊക്കെ അതിമോഹമാണ്.
ടി മിയാന്‍ ജി എന്റെ കമ്പനിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് & പി.ആറ്.ഓ. പണികള്‍ ഹാന്റില്‍ ചെയ്യുന്ന ഒരു പാക്കിസ്ഥാനി പൌരനാണ്. ഡൈലി കുളിക്കും. ഡൈലി പല്ലുതേക്കും. മിതവാദി, നല്ല മനുഷ്യനാണ്. ചിലപ്പോള്, പാന്‍സിന്റെ സിപ്പിടാന്‍ ആരെങ്കിലും ഒരു അനോണികമന്റ് ഇടേണ്ടിവരും എന്നതൊഴിച്ചാല്‍ ഡീസന്റാ.
ആള്‍ടെ ഡ്രൈവിങ്ങിനെ പറ്റി ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞതാണ്. ചേരപ്പാമ്പ് റോഡ് മുറിച്ച് കടക്കും പോലെ, ഒറ്റപ്പോക്കാണ്, എതിരേ വണ്ടി വന്നാലും കൊള്ളാം ഇല്ലേലും കൊള്ളാം. ‘ഹു കെയേഴ്സ്’ എന്ന ലൈനാണ്.
ആള്‍ടെ കാറില്‍ ദുബായില്‍ നിന്ന് ജെബല്‍ അലിയിലേക്ക് വന്ന യൂണികോണ്‍ ടെക്നോളജിയുടെ ഡയറക്റ്റര്‍, ഇറാനി പറഞ്ഞത്...
“എന്നെ വന്ന് പിക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ നീ ഇങ്ങിനെ ഒരു കൊലച്ചതി എന്നോട് കാണിക്കുമെന്ന് വിചാരിച്ചില്ല! ഇത്രയധികം റ്റെന്‍ഷനടിച്ച് ഞാനൊരു യാത്ര ചെയ്തിട്ടില്ല. ആരാ പറഞ്ഞേ ദൈവം ഇല്ലാന്ന്?“ എന്നാണ്.
ആള് നാട്ടില്‍ പോയപ്പോള്‍, ഉത്തരവാദിത്തങ്ങള്‍ വീതിച്ചവകയില്‍ ഷാഹുലിന് വീണ്ടും പണി കൂടും. നാട്ടിലാണെങ്കിലും ഇവിടെയാണെങ്കിലും എന്നും എനിക്ക് ചില സില്‍ബന്ധികളുണ്ടാവും കൂട്ടിന്. ഒന്നുകില്‍ ഞാന്‍ അനിയന്‍ റോളില്‍, അല്ലെങ്കില്‍ ആരെങ്കിലും എനിക്കനിയനാവും. എപ്പോഴും. ഇപ്പോള്‍ ഷാഹുലാണ് ഓഫീസിലെ അനിയന്‍.
അവന്‍ തമിഴനാണ്. വല്യ പ്രാരാബ്ദമുള്ളവനാണ്. ചെറിയ ശമ്പളമേയുള്ളൂ. തഞ്ചാവൂരോ മറ്റോ അമ്മാവന്റെ കടയില്‍ എടുത്തുകൊടുക്കാന്‍ നിന്ന എക്സ്പീരിയന്‍സുമായിട്ടാണിവിടെ വന്നത്. ആറുമാസത്തോളമായി ഇവിടെ. ദൈവം സഹായിച്ച് തമിഴല്ലാതെ വേറെ ഒന്നും ശരിക്കും അറിയില്ല. ഉണ്ടായിരുന്ന ഓഫീസ് ബോയ് പോയി ചായയുണ്ടാക്കാന്‍ ആളില്ലാതെ കഷ്ടപ്പെട്ട് നില്‍ക്കുമ്പോഴായിരുന്നു, അവന്‍ ജോലി അന്വേഷിച്ച് വന്നത്. നന്നായി! എന്തായാലും എനിക്കതുകൊണ്ട് തമിഴ് കുറച്ച് പഠിക്കാറായി.
ഞാന്‍ അവനോട്, ‘അന്ത ഫയല്‍ എടുത്തുങ്കോ’ ‘ഡായ്..ചായ് പോഡുങ്കോ’ എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, ഈ ‘ങ്കോ’ അങ്ങട് ഒഴിവാക്കിയാല്‍ കൊള്ളായിരുന്നു, ശരിയാന തമിഴില്‍ അങ്ങിനെ പറയലില്ല എന്ന്.
ഇപ്പോള്‍ അതുകൊണ്ട് ‘ങ്കോ’ ഇല്ലാതാക്കാന്‍ ഞാന്‍ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. എങ്കിലും, എനിക്ക് ‘ങ്കൊ’ ഇല്ലെങ്കില്‍ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടുന്നില്ല.
ലേയ്റ്റായി പോകുന്ന ദിവസങ്ങളില്‍ അവനേം കൂടെ ഓവര്‍ ടൈമില്‍ നിര്‍ത്തും. വൈകീട്ടത്തെ ഡിന്നറിനുള്ള പൈസയും പെറ്റി ക്യാഷില്‍ നിന്ന് കൊടുക്കും. 10 ദിര്‍ഹംസ്.
പണ്ട് ഞാന്‍ ജോലിക്ക് കയറിയ കാലത്ത് അതാവത് 13 വര്‍ഷങ്ങള്‍ക്ക് മുന്നാടി, ഡയറക്റ്ററും ഞാനും മാത്രമേ ഓഫിസില്‍ ഉണ്ടായിരുന്നുള്ളൂ. ഒരുമാതിരിപ്പെട്ട പണികളെല്ലാം ഞാന്‍ തന്നെ ചെയ്യണം. അതെനിക്ക് നന്നായി, ഒരു ഫ്രീസോണ്‍ കമ്പനിയിലെ മിക്കവാറും പണികളില്‍ എക്സ്പീരിയന്‍സായി. അന്നെനിക്ക് രാവിലെ 8 മുതല്‍ രാത്രി 9 വരെ മിക്ക ദിവസവും പണിയാ. റെസ്റ്റോറന്റുകളില്‍ 9 മണിയാവുമ്പോഴേക്കും നമ്മുടെ സ്ഥിരം കഴിപ്പ് ഐറ്റംസ് (3.50 ന്റെ)കഴിയും. എല്ലാ അതുകൊണ്ട് 10 ദിര്‍ഹത്തിന്റെ ഡിന്നറ് കഴിച്ച് പെറ്റി ക്യാഷില്‍ നിന്നും എടുത്തോളൂ എന്ന് പറഞ്ഞിരുന്നു.
‘ഞാന്‍ ഗള്‍ഫില്‍ അധികകാലം ഒന്നും നില്‍ക്കില്ല. എന്റെ പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞാല്‍, പിറ്റേ മാസം പോകും!’ എന്ന ഷാഹുലിന്റെ ഡയലോഗ് കേട്ടപ്പോള്‍;
“ഒരു മൂന്ന് വര്‍ഷം, മാക്സിമം അഞ്ചുകൊല്ലം. അതില്‍ കൂടുതല്‍ ഞാന്‍ അവിടെ നില്‍ക്കില്ല!“ എന്ന് , ഇങ്ങോട്ട് പോരുന്ന ദിവസം അഞ്ചുമണിക്ക്, വീടിന്റെ പിറകിലെ വിറകുപുരയില്‍ വച്ച്, പ്രഭചേച്ചിയുടെ മുന്‍പില്‍ വച്ച് അമ്മയോട് പറഞ്ഞത് ഓര്‍മ്മ വന്നു.
