ആഗോളമാന്ദ്യാനന്ദം

Monday, January 5, 2009

ക്രിസ്തുമസും ന്യൂയറുമൊക്കെ പ്രമാണിച്ച് ദുബായ് അതിന്റെ മാക്സിമം ഗ്ലാമറില്‍ നില്‍ക്കുകയാണിപ്പോള്‍. (ഒരാഴ്ച മുന്‍പ് എഴുതി തുടങ്ങിയ പോസ്റ്റാണ്!). എമിറേറ്റ്സ് മാളിന്റെ അകത്തെ ക്രിസ്മസ് ട്രീ കണ്ട്, “ഏറെക്കുറെ കനകമലയുടെ ഹൈറ്റുണ്ടല്ലോ?” എന്ന് പറഞ്ഞിട്ട് ദുബായ് മാളില്‍ ചെന്നപ്പോള്‍ അവിടെ ഒരു എവറസ്റ്റ്; മാല ബള്‍ബും നക്ഷത്രങ്ങളും ഞാട്ടിയിട്ട് നില്‍ക്കുന്നു!!

യു.ഏ.ഇ. വീണ്ടും സ്വറ്ററിന്റകത്ത് കയറി തുടങ്ങി. നിരത്തിലും മാളുകളിലും സ്വെറ്ററിട്ട് പോകുന്നവരെ കാണുവാന്‍ ഒരു പ്രത്യേക ഭംഗിയാണ്. മൊത്തം ഉണ്ടന്മാരും ഉണ്ടത്തികളും! തടിച്ചിരിക്കുക അല്ലെങ്കില്‍ പുഷ്ടിമയോടെ ഇരിക്കുക എന്നത് ഒരു ഐശ്വര്യത്തിന്റെ ലക്ഷണമായിട്ടാണ് ഏരിയയില്‍ പണ്ടൊക്കെ പറയുക.

കല്യാണം കഴിഞ്ഞ് പോയ പെണ്ണുങ്ങള്‍ തടി വച്ചാല്‍, ‘അവള്‍ക്ക് പരമ സുഖമാ, വട്ടച്ചക്കാല ഉരുണ്ടുരുണ്ട് നടക്കണത് കണ്ടില്ലേ?’ എന്ന് പറയും. സ്‌ലിമ്മായി ഇരിക്കുകയാണെങ്കില്‍...‘അയിന് അവിടെ വല്ലാത്ത കഷ്ടപ്പാടാ... ഞവറോണിയായി ഇരിക്കുന്നത് കണ്ടോ? പാവം!‘ എന്നും പറയും. പുറത്തേക്ക് ജോലിക്ക് പോകുന്നവരെപ്പറ്റിയും ഇതേ ആറ്റിറ്റ്യൂഡ് തന്നെ.

ഞാന്‍ ഇവിടെ വന്ന കാലത്ത് പാല്‍, മുട്ട, ബട്ടര്‍, ചിക്കന്‍ എന്നിവ വച്ച് കാച്ചിയിരുന്നതിന്റെ സെക്കന്റ് ലക്ഷ്യം ഈ പരമസുഖ ജോലി ഇമേജായിരുന്നു!! (ഒന്നാം ലക്ഷ്യം പറയേണ്ട ആവശ്യമില്ലല്ലോ...)

ഹാര്‍ട്ടറ്റാക്ക് വിസയില്‍ ഏരിയയില്‍ നിന്ന് കുറെ പേര്‍ സ്കൂട്ടായതിന് ശേഷം ഇപ്പോള്‍ പൊതുവില്‍ എല്ലായിടത്തും ആ ധാരണ മാറിയിട്ടുണ്ടെങ്കിലും, ഇപ്പഴും മനസ്സിന്റെ ഉള്ളില്‍ പഴേ അഭിപ്രായം ഉണ്ട് എനിക്ക്, ചിലപ്പോഴെങ്കിലും.

രാവിലെ കുളിക്കുമ്പോള്‍ തലയില്‍ തേക്കുന്ന കേശാമൃതം തണുത്ത് കട്ടയായി, അരവണ പായസം പോലെയാവല്‍ തുടങ്ങി, വീണ്ടും (അരിമണിയുടെ കുറവേ ഉള്ളൂ). അതെല്ലാ ജനുവരിയിലും പതിവാ. വാഷ് ബേയ്സന്റെ ലൈറ്റിന്റെ മുകളില്‍ വച്ചാണ് പണ്ടേ ഈ പ്രശ്നം പരിഹരിക്കുക. നല്ല തണുപ്പില്‍ അതും രക്ഷയില്ല. ജെബെല്‍ അലിയില്‍ കമ്പാരിറ്റീവ്ലി തണുപ്പ് കൂടുതലാ. അവിടെ ക്യാമ്പില്‍ താമസിക്കുമ്പോള്‍ കൂടെകിടപ്പന്‍ സര്‍ഫറാസ്, രാവിലെ ഞാന്‍ ഞാന്‍ കേശാമൃതം തോണ്ടിയെടുത്ത് തേയ്ക്കുന്നത് കണ്ടിട്ട്, “എന്തുണ്ടാദ്??“ എന്ന് ഉറുദുവില്‍ ചോയ്ചു.

ഞാന്‍ പറഞ്ഞു. ഇത് നെല്ലായി കാളന്‍ ഉണ്ടാക്കുന്ന മള്‍ട്ടി പര്‍പ്പസ് ഓയില്‍ ആണെന്ന്. താരനും മുടികൊഴിച്ചലും അകാലനരയും തടയാം, സുഗന്ധത്തിനായി ഹെയര്‍ ഓയിലാക്കാം, ഒന്ന് തണുപ്പിച്ചാല്‍ ഗ്രീസായും ഉപയോഗിക്കാം എന്ന്.

ആ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതിന്റെ കാരണം, ടി അമൃതത്തിന്റെ ബോട്ടിലിന്റെ ലേബല്‍ പടം ഉളുമ്പത്തുംകുന്നിലുള്ള ഒരു കൊച്ചിന്റെയായതുകൊണ്ടല്ല. ലത് എന്റെ കുടുംബവെളിച്ചെണ്ണയായിരുന്നതുകൊണ്ടാണ്.

അവളെപ്പറ്റി ഓര്‍ത്താല്‍, അമ്മയും മക്കളും കൂടെ എന്നും പള്ളിയില്‍ പോണ സീനേ ഓര്‍മ്മയുള്ളൂ. നല്ല മുടിയായിരുന്നു. ഫോട്ടോ എടുത്തിട്ട് ഒരു പതിനഞ്ച് കൊല്ലമായിക്കാണും. ഇപ്പോള്‍ ഏത് ഷേയ്പ്പിലാണോ എന്തോ?

സൌദി അറേബിയയിലുള്ള ഒരു ചുള്ളനുമായി കല്യാണം ഉറപ്പിച്ചുവെന്നൊക്കെ ഞാന്‍ കേട്ടിരുന്നു. ഇപ്പോള്‍ തടിച്ചിയായി വട്ടച്ചക്കാലയായി നടക്കുകയായിരിക്കും!!

* * *

ആഗോളമാന്ദ്യാനന്ദ ഗുരുവിന്റെ അനുഗ്രഹത്താല്‍, ഗള്‍ഫിലുള്ള ഭൂരിപക്ഷവും വരുംവരായകളെക്കുറിച്ച് സീരിയസ്സായി ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു. വഴിയില്‍ വച്ച് ദാഹിക്കുമ്പോള്‍ ജ്യൂസോ, സോഫ്റ്റ് ഡ്രിങ്ക്സോ പ്രിഫര്‍ ചെയ്തിരുന്ന ഞാന്‍, “അല്ലെങ്കില്‍ വേണ്ട, വീട്ടില്‍ ചെന്നിട്ട് പച്ചെള്ളം കുടിക്കാം” എന്ന് വരെയായി. പണ്ടും അങ്ങിനെയൊക്കെയായിരുന്നല്ലോ?

കല്യാണത്തിന് ഇന്വിറ്റേഷന്‍ കാര്‍ഡ് കൊടുക്കുമ്പോലെയാണത്രേ ചില കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ മാനേജര്‍മാര്‍ നടന്ന് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുത്തത്! :(

ഈ സാമ്പത്തിക മാന്ദ്യം കാരണം എന്റെ ജോലി പോകാന്‍ ചാന്‍സില്ല. (ജോലി പോകാന്‍ അത് തന്നെ വേണ്ടല്ലോ? “എന്ത്യേരോ..??” എന്ന് ചോദിച്ച് ബോസിന്റെ താടിയില്‍ പിടിച്ച് ഒന്ന് ഉന്തിയാലും മതിയല്ലോ!)

എങ്കിലും ഫുള്‍ ടൈം നാട്ടില്‍ പോയാല്‍ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയുള്ള ആലോചനയാണ്. കുറച്ച് കാലം മുന്‍പ്, കൊടകരപുരാണം എഴുതി തുടങ്ങിയ കാലത്ത് കൊടകരയിലെ കഥകള്‍ ആലോചിച്ചിരുന്ന പോലെയൊരു സന്തോഷകരമായ മൂഡ് തരുന്ന പരിപാടി തന്നെ ഇതും. ചിലവിനും ചെറിയ നീക്കി വെയ്പിനും ഉള്ള വരുമാനം ജോലിക്ക് പോകാതെ കിട്ടുന്ന കാലത്ത്, ബില്‍ക്കുല്‍ ഫ്രീ ആയി ഇരിക്കുമ്പോള്‍ എനിക്ക് ചെയ്യാനുള്ള പല കാര്യങ്ങളില്‍ ഒന്ന് എഴുത്തായിരിക്കും. അന്ന് ഞാനൊരു എഴുത്തുണ്ട്... ഹും!

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP