കൊച്ചുകൊച്ചു സന്തോഷങ്ങള്‍
Monday, January 19, 2009
ജുമൈര റോഡില്‍ മുട്ടിന് മുട്ടിന് ഭണ്ഢാരം വച്ചിട്ടിള്ളതുകൊണ്ട് ഇനിമുതല്‍ എമിറേറ്റ്സ് റോഡ് പിടിക്കാമെന്ന് വച്ചു.
എമിറേറ്റ്സ് റോഡ് ഒരു സൈഡില്‍ തന്നെ 6 ട്രാക്കാണിപ്പോള്‍. പണ്ട് മൂന്നേ ഉണ്ടായിരുന്നുള്ളൂ. അഞ്ചേകാലിനാണിറങ്ങിയത്. തിരക്ക് കുറവാണ്. 6 മണിയുടെ വിത്സന്റെ ഏഷ്യാനെറ്റ് വാര്‍ത്ത കഴിയുന്നതിനും മുന്‍പ് ഓഫീസിലെത്തി.
വിത്സന്റെ വാര്‍ത്ത കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവന്‍ നമ്മുടെ ഭയങ്കര കൂട്ടല്ലേ? അതുകൊണ്ട് ഓരോ വാര്‍ത്തയും വായിക്കുമ്പോള്‍ അവന്റെ മനസ്സില്‍ തോന്നിയേക്കാവുന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും. കഴിഞ്ഞ ബുധനാഴ്ച രാവിലെ വാര്‍ത്ത കഴിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ച്, “എന്ത്യേഡാ ഇന്ന് എന്റെ പിറന്നാളെന്ന് നീ വാര്‍ത്തയില്‍ പറയാഞ്ഞേ?” എന്ന് ചോദിച്ചതിന് കേട്ട 4 ഹകള്‍ (ഹ ഹ ഹ ഹ) എനിക്ക് പിറന്നാള്‍ സമ്മാനമായി. അവനെന്നെ ഓണ്‍ എയറില്‍ ഇന്റര്‍വ്യൂ ചെയ്ത് പിറന്നാള്‍ പൊലിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാന്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി. ഒരു കാര്യവുമില്ലാണ്ട് എന്ത് ഇന്റര്‍വ്യൂ. പണ്ടെങ്ങോ കൊടകരപുരാണം എഴുതിയുരുന്നൂന്ന് പറഞ്ഞിട്ടിന്താ കാര്യം? ബ്ലോഗിലെ പുതിയ ന്യൂസുകള്‍ പോലും എനിക്കറിയില്ല.
ബുക്ക് റിപ്പബ്ലിക്ക് എന്ന ഒരു മഹത്തായ സംരംഭം ഉരുത്തിരിഞ്ഞിട്ട്, അതിനുവേണ്ടി ഒന്നും തന്നെ ചെയ്യാന്‍ പറ്റുന്നില്ല. സിമിയുടെ പുസ്തകം ഇറങ്ങിയിട്ട് ഒരു മീറ്റ് സംഘടിപ്പിക്കണമെന്ന് വിചാരിച്ചു. നടന്നില്ല. സിമിയുടെ പുസ്തകം സങ്കുചിതന്റെ വീട്ടില്‍ നിന്ന് അടിച്ചുമാറ്റി വായിക്കുകയായിരുന്നു അവസാനം. ഡയറിയെഴുത്ത് പരമരസം. വേറെ ഒന്നും അറിയില്ല.
സംഗതി ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ എടത്താടന്‍..എടത്താടന്‍ എന്ന് സ്വയം പറയുന്നുണ്ടെങ്കിലും, പലരും എന്നെ “എടത്താടാ..” എന്നാണ് എന്നെ വിളിക്കുന്നതെങ്കിലും, ശരിക്കും ഒറിജിനല്‍ എടത്താടന്മാര്‍ ഭൂരിപക്ഷവും എന്നെ അറിയില്ല. അച്ഛന്‍ എടത്താടന്മാരുടെ ഹെഡ് ഓഫീസ് ആയ ആളൂര്‍ന്ന് കുടുക്കയും കത്തിക്കുടും കൊണ്ട് 50 കൊല്ലം മുന്‍പ് പോന്ന് കൊടകര ബ്രാഞ്ച് തുടങ്ങിയതുകൊണ്ടാണങ്ങിനെ സംഭവിച്ചത്.
പക്ഷെ, കൊടകര ബ്ലോഗിലെ അഭ്യാസത്തെ കുറിച്ചറിഞ്ഞ ഒരു തല്പരകക്ഷി, എന്നെ അന്വേഷിച്ച്‍ വീട്ടില്‍ വന്ന് ഡീറ്റെയ്‌ത്സ് എടുത്ത് അങ്ങിനെ എടത്താടന്‍ ട്രസ്റ്റിന്റെ വക ഇത്തവണയിറങ്ങിയ സൊവനീറില്‍, ‘കഥ പറയുന്ന എടത്താടന്‍’ എന്ന പേരില്‍ എന്റെ അച്ഛന്റേം അമ്മേടേം എന്റെയുമൊക്കെ ഫോട്ടോയൊക്കെ വച്ച് ആര്‍ട്ടിക്കിള്‍ കൊടുത്തിരിക്കുന്നൂത്രേ!
വെറും 1000 കോപ്പിയോളം ഇറങ്ങുകയും വെറും 100 പേരോളം വായിക്കുകയും മാത്രം ചെയ്യുന്ന സൊവനീറായിരിക്കാമത്. പക്ഷെ, ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍! ഈ കൊച്ച് സന്തോഷം എനിക്കുണ്ടായതിന്റെ ഒരേയൊരു കാരണം, ഈ ബ്ലോഗിങ്ങാണ്. അതുകൊണ്ടുതന്നെയാണിവിടെ പറഞ്ഞതും. പതിമൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ എന്റെ അച്ഛനെ, പത്തു വര്‍ഷം മുന്‍പ് മരിച്ചുപോയ എന്റെ അമ്മയെയൊക്കെ ചിലപ്പോള്‍ ആളൂരുള്ള പലരും ഇതുവഴി ഇപ്പോള്‍ ഓര്‍ത്തുകാണും. “ഇത് കൊടകരേലുള്ള രാംപാപ്പന്റെ മോനാണല്ലേ?” എന്ന ചോദ്യങ്ങള്‍ ഞാന്‍ മനസ്സില്‍ കേള്‍ക്കുന്നുണ്ട്.
അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കും ഭയങ്കര സന്തോഷായേനിരുന്നൂ...ല്ലേ?
