ഹിപ്പിക്കാരന്‍ എം.ഡി.യുടെ റഷ്യക്കാരി വൈഫ്

Sunday, February 1, 2009

ഇവിടെ വന്ന്; ഒരു 4 മാസം വിസിറ്റ് വിസയില്‍ അനാഥപ്രേതമായി അലഞ്ഞതിന് ശേഷമായിരുന്നല്ലോ എനിക്ക് ഈ ജോലി കിട്ടുന്നത്.

അന്ന് ഞാന്, ‍കാണുന്നവരോടെല്ലാം, ടിക്കറ്റെടുക്കാന്‍ വേണ്ടി അമ്മേടെ മാല പണയം വച്ച കാര്യവും ജോലി ശരിയാവാതെ വന്നാല്‍ തിരിച്ച് പോകാതെ, ഇവിടെ വല്ല വണ്ടിക്കും അട വക്കാനുള്ള എന്റെ പ്ലാനും സുചിപ്പിച്ചിരുന്നതിനാല്‍ പാവത തോന്നി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ കണ്ട്രി ഭേദമന്യേ പലരും എനിക്ക് വേണ്ടി ജോലിക്ക് പരിശ്രമിക്കുകയുണ്ടായി.

അപ്പടി, തീപിടിച്ച ജോലി ആഗ്രഹവുമായി നടന്ന എനിക്ക് പലരുടേം സഹായത്തോടെ പലപല ജോലികള്‍ കിട്ടി. അതിലൊരിടം റഷ്യക്കാരികള്‍ വന്ന് താമസിക്കുന്ന ദുബായിലെ ഒരു ഹോട്ടലിലെ എക്കൌണ്ടന്റ് പണിയായിരുന്നു. ഷാര്‍ജ്ജ എക്സ്‌പോ സെന്ററില്‍ ലെതര്‍ എക്‍സ്പോ നടക്കുമ്പോള്‍ ഞാനിടിച്ച് കയറി പരിചയപ്പെട്ട ഒരു സിറിയക്കാരന്‍ ഓഡിറ്ററുടെ കെയറോഫില്‍ കിട്ടിയ ജോലി.

ഇന്റര്‍വ്യൂവിന് ചെന്നപ്പോഴേ എനിക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ടു. ഒന്നാമതായി, 2000 ദിര്‍ഹംസ് എന്ന എന്റെ മോഹശമ്പളം. പിന്നെ, ഇന്റര്‍വ്യൂവറായ ഓഡിറ്ററെ വെയ്റ്റ് ചെയ്തിരുന്നപ്പോള്‍ റിസപ്ഷനിലേക്ക് ഇരച്ച് കയറിയ റഷ്യന്‍ മദാലസക്കൂട്ടം! “സില്‍ക്കും പൂനംദാസ് ഗുപ്തയും ഒന്നും ഇവളുമാരുടെ മുന്‍പില്‍ ഒന്നുമല്ല“ എന്ന് ഇന്റര്‍‌വ്യൂവിന്റെ ടെന്‍ഷനില്‍ പോലും എനിക്ക് തോന്നി.

‘അക്കൌണ്ടന്റുകള്‍ അധികം വാഴില്ല‘ എന്ന പ്രോബ്ലം ഈ ഹോട്ടലില്‍ ഉണ്ട് എന്ന് റൂം ക്ലീന്‍ ചെയ്യാന്‍ വന്ന തമിഴന്‍ എന്നോട് പറഞ്ഞു. ഒരു വര്‍ഷത്തിനിടക്ക് നാലു പേരെ മാറ്റിയെന്ന്! എനിക്ക് മുന്‍പ് ഇരുന്നിരുന്ന ആളെ ഒഴിവാക്കിയത് എം.ഡി.യുടെ ഭാര്യയോട് പഞ്ചാരക്ക് നിന്നിട്ടാണത്രെ!!

അതുകേട്ടിട്ട് എനിക്ക് കാര്യമായി ടെന്‍ഷന്‍ തോന്നിയില്ല. കാരണം, പൊതുവേ മലയാളത്തില്‍ സംസാരം ഇത്തിരി ഓവര്‍ ആണെങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഞാന്‍ മിതഭാഷിയാണ്. ചോദിച്ചതിന് ഉത്തരം പോലും വിഷമിച്ച് വിഷമിച്ചേ പറയൂ. സിറ്റുവേഷന്‍ അനുസരിച്ച് വല്ല നമ്പറുകള്‍ ഇറക്കാമെന്ന് വച്ചാല്‍ ഉദ്ദേശിച്ച കാര്യം പറഞ്ഞ് മനസ്സിലാക്കുമ്പോഴേക്കും, മനുഷ്യന്റെ 500 കലോറി കത്തി തീരും. അനാവശ്യമായി കത്തിക്കാന്‍ പറ്റിയ കലോറിയും ഇല്ലാത്ത ടൈമാണേയ്.

എന്റെ ഓഫീസ് റൂം, എം.ഡി. ഇരിക്കുന്ന റൂം തന്നെ. എന്റേതായി ഒരു സൈഡിലെ ഡസ്ക്. അതിന്മേല്‍ കത്തിപ്പോയ ഓഫീസില്‍ നിന്ന് എടുത്തോണ്ടോടിയ മോണിറ്റര്‍ കണക്കേ കരിപിടിച്ച ഒരു മോണിറ്റര്‍. റൂമില്‍ ഒരു സൈഡില്‍ ഒരു ത്രീ സീറ്റര്‍ സോഫയുണ്ട്. ഒരു ടീപ്പോയി. പിന്നൊരു ഫാക്സ് മെഷീന്‍. ചാലക്കുടി കണിച്ചായീസീല്‍ ഏ.സി.ഇടുമ്പോഴത്തെ പോലെ ഒരു മണവും!

ആദ്യ ദിവസം ഒരു പത്തുമണിയായപ്പോള്‍ എം.ഡി.വന്നു.

ഹിപ്പി തലമുടിയും ബുള്‍ഗാന്‍ താടിയും കൊരങ്ങന്‍ കുമ്പളങ്ങ കടിച്ച പോലെ മുഖഭാവവുമായി ഒരു മൊതല്‍. തലേന്നത്തെ കെട്ട് വിടാത്ത കണ്ണുകള്‍. ഷേയ്ക്ക് ഹാന്റ് കൊടുത്തപ്പോള്‍ എരുമയുടെ മുലകള്‍ കൂട്ടിപ്പിടിച്ച പോലെ പിളുപിളൂന്നിരിക്കുന്ന ഒരു ഫീലിങ്ങ്! എന്നോട് ‘ഹായ്’ എന്ന് മാത്രമേ പറഞ്ഞുള്ളൂ. ഞാനും.

ജോലി അധികമില്ല. അധികമില്ല എന്നു വച്ചാല്‍ വളരെ കുറവ്. കേഷ് ബുക്ക് മെയിന്റെയിന്‍ ചെയ്യലാണ് മെയിന്‍ പണി. ഗോള്‍ഡന്‍ ബാറില്‍ ബില്ലെഴുതുന്ന സ്പീഡില്‍ എഴുതിയാല്‍ മാക്സിമം അരമണിക്കൂര്‍ കൊണ്ട് തീര്‍ക്കാവുന്ന പണിയേ ഉള്ളൂ. ഇതും വച്ച് ഞാന്‍ കാലത്തുതൊട്ട് വൈകുന്നേരം വരെ എപ്പടി ഇരിക്കും എന്നതായിരുന്നു മെയിന്‍ റ്റെന്‍ഷന്‍! ജോലി കിട്ടിയ ഉടനേ വെറുതെ ഇരുക്കരുതെന്നാണല്ലോ പ്രമാണം.

അന്ന് ഹിപ്പി ചേട്ടനെ കാണാന്‍ കുറെ പേര്‍ വന്നു. ആളോട് ‘അസ്സലാമു’ പറയുന്ന കൂട്ടത്തില്‍, എനിക്ക് വിഷമായാലോ എന്നോര്‍ത്ത് എന്നോടും പറഞ്ഞു.

രാവിലെ അവിടെ എനിക്ക് ബ്രേയ്ക്ക് ഫാസ്റ്റ് തന്നിരുന്നു, ഗസ്റ്റുകളുടെ കൂടെ.

ജ്യൂസ് കൊടുക്കാന്‍ നിന്ന ഒരു തൃശ്ശൂരുകാരന്‍ “ലഞ്ചിന് ഒരുമണിയാവുമ്പോള്‍ പോരേ ട്ടാ“ എന്നും പറഞ്ഞിരുന്നു. ഒരുമണി ആവാന്‍ വെയ്റ്റ് ചെയ്തിരിക്കേ, ഒരു പന്ത്രണ്ടുമണിയാപ്പോള്‍ തുമ്പോലാര്‍ച്ചയില്‍ ഷീല വരുമ്പോലെ അന്നനടായും നടന്ന് ഒരു ഇടിവെട്ട് ചേച്ചി വന്നു.

ഷേയ്പ്പൊക്കെ ഏറേക്കുറെ സെയിം സെയിം. പക്ഷെ, മേയ്ക്കപ്പില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു! “ പൊന്നും കുടത്തിനെന്തിനാ പൊട്ട്? അയ്യപ്പേട്ടനെന്തിനാ മുണ്ട്?“ എന്ന് പറഞ്ഞപോലെയായിരുന്നു ചുള്ളത്തിക്ക് ഡ്രസിന്റ് കാര്യം.

ക്രോസ് ബെല്‍റ്റ് മണിയോ, കെ.എസ്.ഗോപാലകൃഷണനോ കണ്ടിരുന്നെങ്കില്‍ ഒരു 25 പടത്തിന് ഒരുമിച്ച് ഡേറ്റ് വാങ്ങിയേനെ!

ചേടത്ത്യാര് വന്നപാടെ എം.ഡി.ക്കൊരു ഉമ്മ കൊടുത്തു. ആള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരിക്കില്ല. പക്ഷെ, എനിക്ക് അടിമുടി കോരിത്തരിച്ചു. വെറുതേ!

“അപ്പോള്‍ ഇതാണ് എനിക്ക് മുന്‍പ് ഇരുന്നവന്റെ ജോലി കളഞ്ഞ ആ റഷ്യക്കാരി കൊച്ചമ്മ!“ എന്നുറപ്പിക്കാന്‍‍ വേറേ ക്ലൂ വേണ്ടി വന്നില്ല.

ഞാന്‍ ഇരിക്കുന്നതിന്റെ നേരെയായിട്ടാവും മിക്കപ്പോഴും റഷ്യക്കാരി ചേടത്ത്യാര്‍ വന്നിരിക്കുക. ഞാന്‍ പരമാവധി ആ ഭാഗത്തേക്ക് നോക്കാതെ ഇരിക്കും. കണ്ട്രോള്‍ കിട്ടാന്‍ ഡെസ്കില്‍ കാണും പാകത്തില്‍, നാട്ടിലെ പണയവിവരപട്ടിക എഴുതി വച്ചു. എന്നാലും ചിലപ്പോഴൊക്കെ അറിയാതെ വെറുതെ നോക്കിപ്പോകും.

അതൊഴിവാക്കാന്‍ ഞാന്‍ പതുക്കെ കമ്പ്യൂട്ടര്‍ സൈഡിലേക്ക് തിരിച്ച് വച്ച്, കസേരയും ചെരിച്ച് ഇരുന്നു.

റഷ്യക്കാരി ആദ്യമാദ്യമൊന്നും എന്നെ നോക്കുക പോലും ചെയ്യില്ലായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ ചെറിയ തോതില്‍ മിണ്ടാട്ടം തുടങ്ങി. പിന്നെ പിന്നെ ചിലപ്പോളൊക്കെ എന്നെ,

“ബാബൂ‍...” എന്ന് വിളിച്ച് ചില സംശയങ്ങള്‍ ചോദിക്കും. “ബാബൂ എന്നത് ബ്രദര്‍ എന്ന അര്‍ത്ഥത്തിലാണ് വിളിക്കുന്നത്, പരിഭ്രമിക്കേണ്ട കാര്യമില്ല!” എന്ന് എന്നോട് അവിടെയുള്ള ഒരു ആള്‍ പറഞ്ഞു.

എന്തായാലും ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞ്, ജോലി കളയിക്കാതെ നിന്നു.

ഒരു ദിവസം എം.ഡി. ഇല്ലാത്ത ടൈമില്‍ എന്നോട് വന്ന് സങ്കടത്തോടെ പറഞ്ഞു:

“കഴിഞ്ഞ ദിവസം ഷോപ്പിങ്ങിന് പോയപ്പോള്‍ ഒരു ചെരിപ്പ് വാങ്ങി തരാന്‍ പറഞ്ഞിട്ട് ഈ കരീം (എം.ഡി.) എനിക്ക് വാങ്ങി തന്നില്ല. വെറും 250 ഡോളറേ വിലയുണ്ടായിരുന്നുള്ളൂ!” എന്ന്.

ഞാനൊന്നും മിണ്ടിയില്ല.

‘നിന്റെ കെട്ടിയോന്‍ നിനക്ക് ചെരുപ്പ് വാങ്ങിത്തരാത്തതിന് ഞാനെന്ത് ചെയ്യാനാ?‘

എന്ന് മനസ്സില്‍ പറഞ്ഞ്, പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ഒരു ചിരിയുമായി ഇരുന്നു.

ചിലപ്പോള്‍ ഇത് പണ്ട് പോലീസ് സ്റ്റേഷനില്‍ വച്ച് പൂക്കോടന്‍ അനിലിനോട്, ‘നിനക്ക് ഇ.എം.എസ്. നെ ആണോ കരുണാകരനെയാണോ ഇഷ്ടം?’ എന്ന് ചോദിച്ചപോലെയാകുമേ! പോലീസുകാരന്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് നമുക്കറിയില്ലല്ലോ?

* * * *

ഹവ്വെവര്‍, രണ്ടുമാസം കഴിഞ്ഞപ്പോള്‍ എന്നേം അവിടന്ന് പറഞ്ഞ് വിട്ടു!

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP