മീറ്റിന് പോയപ്പോള്‍
Monday, June 15, 2009
സംഗതി ക്യാമറ കണ്ടാല്‍ ഉമ്മറിന്റെ* പോലെയേ നോക്കൂവെങ്കിലും നമ്മുടെ സുല്ല് ആള്‍ ഡീസന്റാണ്.
അതുകൊണ്ട് തന്നെയാണ്, ബഷീറ് ജന്മശതാബ്ദി ആഘോഷത്തിന് പോയപ്പോള്‍ സുല്ലിനെ കൂട്ട് വിളിച്ചതും.
അല്ലെങ്കില്‍, ഞാന്‍ ദിവസം ഒന്ന് വീതം രണ്ടുനേരം ഫോണ്‍ ചെയ്യുന്ന പുലി കൈപ്പള്ളിയെ വിളിക്കായിരുന്നില്ലേ? യൂണിവേഴ്സല്‍ അറിവാളി സിദ്ധാര്‍ത്ഥനെ വിളിക്കായിരുന്നില്ലേ? ബിരിയാണി തരാം എന്ന് പറഞ്ഞ് ആഴ്ചയില്‍ അഞ്ച് ദിവസവും വിളിക്കുന്ന (വെള്ളി & ശനി വിളിക്കില്ല) അഗ്രജനെ കൂട്ട് വിളിക്കായിരുന്നില്ലേ? പക്ഷെ, ഇവരൊന്നും ഡീസന്റല്ല!കൈപ്പള്ളിയുമായി നമ്മള്‍ ഒരിടത്തേക്ക് പോകുന്നു എന്ന് വക്കുക. നമ്മള്‍ ചുമ്മാ... ‘ഇക്കൊല്ലം കഴിഞ്ഞ കൊല്ലത്തേക്കാള്‍ ഭയങ്കര ചൂടാണ് ല്ലേ കൈപ്പേ?’ എന്ന് ചോദിച്ചെന്ന് വക്കുക.തീര്‍ന്നു! എന്റെ കൂടപ്പെറപ്പേ... പിന്നെ,“ചൂട് എന്നാല്‍ എന്താണ്? എന്തുകൊണ്ട് ചൂടുണ്ടാകുന്നു? ദുബായില്‍ കഴിഞ്ഞ 50 കൊല്ലങ്ങളില്‍ കൂടിയ ചൂട് രേഖപ്പെടുത്തിയത് ഏതൊക്കെ കൊല്ലം? ചൂട് സമയത്ത് ജോലിയെടുക്കുന്നവര്‍ക്കു വേണ്ടി ഗവണ്മെന്റിന്റെ വക നിയമങ്ങള്‍, എന്ന് തുടങ്ങി ഒരു പെരുക്കാണ്. ഒട്ടും ഡീസന്‍സി ഇല്ല. ഇനി, ‘എട, അവന്‍ ഇത്രയും പറഞ്ഞതല്ലേ... എന്തെങ്കിലും ഇന്‍ഫോര്‍മേഷന്‍ നീയും എടുത്ത് കാച്ചഡാ...‘ എന്ന് മനസ്സ് പറഞ്ഞ് ഒന്ന് കൌണ്ടര്‍ അറ്റാക്ക് ചെയ്യാമെന്ന് വച്ചാല്‍ ഒരു ഗ്യാപ്പ് തന്നിട്ട് വേണ്ടേ? അതുകൊണ്ട്, ഞാന്‍ ബുദ്ധിപരമായി ആളെ ഒഴിവാക്കി.
സിദ്ധാര്‍ത്ഥനെക്കൊണ്ട് പിന്നെ അങ്ങിനത്തെ കുഴപ്പം ഇല്ല. ഇതേ ചോദ്യം ചോദിച്ചാല്‍ അവന്‍,‘ഇല്ലഡാ... അതൊക്കെ നിനക്ക് വെറുതെ തോന്നണതാടാ... ഞാന്‍ എന്റെ വീട്ടില്‍ ഏ.സി. പോലും ഇടാതെയാണ് ഇപ്പോള്‍ കിടക്കുന്നത്.... അവള്‍ പിന്നെ നിങ്ങളുടെയൊക്കെ പോലെ ചൂട് അധികം സഹിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ്. അതുകൊണ്ട് അവള്‍ ഒരു പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും ഏ.സി.ഇടും.’
കഴിഞ്ഞ കൊല്ലം ജൂലൈ. ചൂടാണെങ്കില്‍ ഒരു 50 - 60 ഡിഗ്രിയെങ്കിലും വരും. പത്തര മണി. കൂറ്റാക്കൂറ്റിരുട്ട്. പെട്ടെന്ന് ഞങ്ങളുടെ വില്ലയിലെ കരണ്ടങ്ങട് പോയി. ഞങ്ങടെ വില്ല പണ്ട് ഷേയ്ക്കിന്റെ പാലസായിരുന്നല്ലോ? മൊത്തം പത്തമ്പത് ഫാമിലികള്‍ താമസമുണ്ട്.
എല്ലാവരും കൂടി ഭയങ്കര ബഹളം വച്ച് ഒരു രാത്രി മുഴുവന്‍ പുറത്തിറങ്ങി നിന്നു. നീയായാലും അത് തന്നെ ചെയ്യും. പക്ഷെ, ഞാനോ??
‘രാവിലെ വൈഫ് പറഞ്ഞപ്പോഴാണ് കരണ്ട് പോയ സംഭവം തന്നെ അറിഞ്ഞത്!‘
ഇത് കേട്ടാല്‍ അവനൊരു സംഭവമല്ല, ഒരു പ്രസ്ഥാനം തന്നെ എന്ന് ആരും പറഞ്ഞുപോകില്ലേ? അലമ്പ്!
ഇനി അഗ്രജനെ വിളിച്ചാല്‍, എന്ത് പറഞ്ഞ് തുടങ്ങിയാലും മലപ്പുറം ചന്തയില്‍ ആള്‍ ഗുണ്ടയായി നടന്ന കാലത്ത് ലോറി ചവിട്ടി ഒടിച്ച കാര്യമേ പറയൂ. രാത്രി ഒറ്റക്ക് പുറത്തിറങ്ങി മൂത്രമൊഴിക്കാന്‍ പേടിയായത് കാരണം, വീടിനകത്ത് ഉമ്മ തുണിയിട്ട് വക്കണ ബക്കറ്റില്‍ മൂത്രമൊഴിച്ച പാര്‍ട്ടിയാണ്, ഗുണ്ട്യാത്രേ... ഹും!
സുല്ലാണെങ്കില്‍, യാതൊരു കുഴപ്പവുമില്ല. മാന്യന്‍, സത്യസന്ഥന്‍, വിവേകി, അനിയന്മാരോട് ബഹുമാനമുള്ളവന്‍, പക്കാ ഡീസന്റ്!
അങ്ങിനെ ഞാനും സുല്ലും കൂടി ബ്ലോഗേഴ്സ്‍ അധികമൊന്നും ഉണ്ടാകാന്‍ ചാന്‍സില്ല എന്ന് കരുതി ചെന്നപ്പോള്... അവിടെ ഒരു കെട്ട് ബ്ലോഗനന്മാര്‍.
ഹോളില്‍ പ്രവേശിക്കുമ്പോള്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുങ്കടവ് പ്രവാസ എഴുത്തിനെക്കുറിച്ച് ഘോരഘോരം വച്ച് കാച്ചുകയാണ്.
മുന്‍പ് കൊടകരപുരാണം പ്രകാശനത്തിന് ഇബ്രു, ‘നമുക്ക് വേണമെങ്കില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിനെയും അതിഥിയായി വിളിക്കാം. ആളിവിടെയുണ്ട്’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍, ‘വേണ്ട ഇബ്രു.. ആളൊന്നും വരുമായിരിക്കില്ല‘ എന്ന് പറഞ്ഞതാണ്.
അന്നെനിക്ക് ആളെ ഒട്ടും പരിചയമില്ല. പിന്നെ ഒരു ദിവസം രാത്രി ഏഴുമണി മുതല്‍ പുലര്‍ച്ചെ മുന്ന് മണിവരെ കൈതമുള്ളിന്റെ വീട്ടില്‍ വച്ച് കത്തി പയറ്റ് നടത്തിയതിന് ശേഷമാണ്... ആള്‍ ഞാന്‍ വിചാരിച്ചത്ര അലമ്പല്ല എന്നറിഞ്ഞതും, മനസ്സിന് വളരെ പിടിച്ചവനുമായത്.
നാട്ടില്‍ നിന്ന് വന്ന ഒരു ബോട്ടില്‍ പെട്ട്, പിന്നീട് ഒമാനില്‍ കുടുങ്ങിപ്പോയ ചില നാടന്‍ കാക്കകളെ പറ്റിയായിരുന്നു ആള്‍ പറഞ്ഞത്. ജീവിതസാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ അവനവനെ നഷ്ടപ്പെട്ട് ഒമാനില്‍ “ക്രൌ എന്ന് വിളിക്കുന്ന ഒരു തരം പക്ഷി“ ആയി ജീവിക്കുന്ന നമ്മുടെ കാക്കകളെ പ്രവാസിയോട് ഉപമിച്ചത്, ഒരു ഒന്നന്നൊര കലക്കായിപ്പോയി.
‘ഗള്‍ഫിലുള്ള എല്ലാ കാക്കാന്മാരുടേം അവസ്ഥ ഇതാണ്!’ എന്ന് പറഞ്ഞ് ചിരിപ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഇനി ഞാന്‍ ആളെ കാണുമ്പോള്‍ രണ്ട് ഷവര്‍മ്മയും രണ്ട് പെപ്സിയും വാങ്ങി, അത് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിക്കുമ്പോള്‍ എന്റെ അഭിനന്ദനം അറിയിക്കും എന്നും തീരുമാനിച്ചു. (ആള്‍ക്ക് ചിക്കന്‍, എനിക്ക് മട്ടണ്‍)
ഗോള്‍ഡന്‍ ബാറിലെ ഫ്രീസറില്‍ ഇരുപത് കേയ്സ് ബീറും ഇരുപത്തഞ്ച് കേയ്സ് സോഡയും അടക്കി വച്ച്, രാത്രി പതിനൊന്ന് മണിക്ക് വീട്ടിലെത്തിയിരുന്ന ചില രാത്രികളിലും കൂട്ടുകാരുടെ തലകടിക്കാനും സിനിമക്ക് പോകാതിരിക്കാനും വയ്യാത്ത അവസ്ഥയില്‍ അമ്മയോട് ചോദിച്ച ചില പത്തു രൂപകളുടെ കുറ്റബോധത്തിലും ‘പ്രവാസം, മരുഭൂമി, കൊടുംചൂട്, ‘ എന്നിവയൊന്നും ഒരു പ്രശ്നമേയല്ല, കാശ് കിട്ടിയാല്‍ മതി എന്ന് തോന്നിയത് ഇപ്പോഴും ഓര്‍മ്മയുള്ളതിനാല്‍ ഈ പ്രവാസി വിഷയങ്ങളില്‍ എനിക്ക് വല്ലാണ്ടുള്ള താല്പര്യം കുറവാണ്. അതുകൊണ്ട് മറ്റു പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഇരുന്നില്ല.
കൈതമുള്ള് ശശിച്ചേട്ടന്, ചേച്ചി നാട്ടിലായതുകൊണ്ട് ഈയിടെയായി ചെത്ത് കുറച്ച് ഓവറാവുന്നുണ്ടോ എന്ന് സംശയമുണ്ട്. ആളിപ്പോള്‍ ആരെയും കൂട്ടാക്കാതെയാണ് നടപ്പ്. ജീന്‍സും റ്റീഷര്‍ട്ടും ഇടുമ്പോള്‍ വയസ്സ് വല്ലാതെ കുറവ് തോന്നുന്നു, മേലാല്‍ ഇടരുത് എന്ന് പറഞ്ഞിട്ട് ആള്‍ അത് മെയിന്റ് ചെയ്യുന്നേയില്ല. എന്നോട് ‘വീട്ടീ പോഡേയ്’ എന്ന റോള്‍!
ചൊല്ലിക്കൊട് വീണ്ടും ചൊല്ലിക്കൊട്, ദെന്‍ തള്ളിക്കള എന്നല്ലെ പ്രമാണ്‍? സാരല്യ. എന്തായാലും ചേച്ചി വരാന്‍ അധികമില്ലല്ലോ?
ഒരു തിരുത്ത്:
*സുല്ലിനെ കാണാന്‍ ഉമ്മറിന്റെ പോലെയാണെന്ന് പറഞ്ഞതില്‍ തിരുത്തുണ്ട്. തന്നെക്കാണാന്‍ ഷമ്മി തിലകന്റെ പോലെയാണെന്നും അതിന്റെ കാരണം സുല്ലിന്റെ ഫാദറെ കാണാന്‍ തിലകന്റെ പോലെയാണും പറഞ്ഞ് സുല്ല് ഫോണിലൂടെ പ്രതിഷേധം അറിയിച്ചതിനാല്‍ ഞാന്‍ ഉമ്മര്‍ സ്റ്റേറ്റ്മെന്റ് പിന്വലിക്കുന്നു. എന്നാലും ഉമ്മറിന്റെ ‘സൌദാമിനീ’ എന്ന്‍ വിളിച്ചുള്ള നോട്ടം...
ഫോട്ടം പിടിക്കണ യന്ത്രം ഫുള്‍ ടൈം കൊണ്ടുനടക്കുന്നതുകൊണ്ട് ബ്ലോഗേഴ്സില്‍ ചിലരെ ഞാന്‍ ക്ലോസൊപ്പിയെടുത്തു.
പകല്‍ക്കിനാവന്‍,
ചന്ദ്രകാന്തം & പാര്‍ത്ഥന്‍ ജി,
രഞ്ജിത്ത് ചെമ്മാട്
നജൂസ്
സലിം
ചങ്ങാടം അനില്‍
അനൂപ്
എന്നിവര്‍ എന്നെ കണ്ടതും ഓടിക്കളഞ്ഞു. :) അതുകൊണ്ട് പടമാക്കാന്‍ പറ്റിയില്ല.
തെളിഞ്ഞ ചില ചിത്രങ്ങള്‍ ചുവടെ.
പാലിയത്ത് രാം മോഹന്‍ - 2

കൈതമുള്ള് ബാച്ചിലറ്- 1
ഷിഹാബ് മോഗ്രല്‍- 1, കാട്ടിപ്പരുത്തി - 2

പോളക്കുളം അജിത്തിന്റെ കൂട്ടുകാരന്‍ - 1
സുല്ല് - 1
പോളക്കുളം അജിത്ത് - 1
മന്ദസ്മിതത്തോടുകൂടിയ സുല്ല്, ഞാന്‍, കൂട്ടം അഡ്മിന്‍ ജ്യോതികുമാര്‍
പോയ്ത്തുങ്കടവിലെ പ്രവാസ ചന്ദ്രിക - 1
