കൈതമുള്ളിന്റെ ജ്വാലകള്‍, സ്നേഹമുള്ളിന്റെ ശലഭങ്ങള്‍!

Monday, October 5, 2009

നമ്മുടെ കൈതമുള്ള് ശശിയേട്ടനും അങ്ങിനെ മേല്വിലാസമുള്ള ഒരു സാഹിത്യകാരനായി മാറുകയാണ്.
എന്ന് വച്ചാല്‍ ഇത്രയും നാള്‍ ആള്‍ക്ക് മേല്വിലാസം ഇല്ലായിരുന്നു എന്നല്ല; നാളെ മുതല്‍ സാഹിത്യലോകത്ത് ആളിനി ‘ജ്വാലകള്‍ ശലഭങ്ങള്‍‘ എന്ന പുസ്തകത്തിന്റെ ഓതറായല്ലേ അറിയപ്പെടാന്‍ പോകുന്നത്!കളിക്കണകളിയാ??

ഒരു സഹബ്ലോഗര്‍ എന്ന നിലക്കും, കൈതമുള്ള് എന്ന ബ്ലോഗിന്റെ ഇഷ്ട വായനക്കാരന്‍ എന്ന നിലക്കും ബ്ലോഗില്‍ വായിച്ച രചനകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങുന്നതില്‍ എന്റെ ആ സന്തോഷം ഇവിടെ പങ്കുവെക്കുന്നു. ബ്ലോഗ് പോലെ പുസ്തകവും ഒരു സൂപ്പര്‍ ഹിറ്റാവട്ടേ. ചറപറാന്ന് നിരവധി എഡിഷനുകള്‍ ഇറങ്ങട്ടേ.



കൈതമുള്ള് ബ്ലോഗിനെയോ ബ്ലോഗറേയോ ബ്ലോഗിലുള്ളവര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പക്ഷെ, ചാന്‍സുകള്‍ ഒന്നും നമ്മള്‍ മിസ്സാക്കാന്‍ പാടില്ലല്ലോ!

ജ്വാലകള്‍ സീരീസിലെ പോസ്റ്റുകളുടെയെല്ലാം ആദ്യഭാഗം വായിക്കുമ്പോള്‍ എനിക്ക് സ്ഥിരം തോന്നാറുള്ള കാര്യം, “എന്തിനാ ഈ ദുബായില്‍ ഞാനൊക്കെ ഇങ്ങിനെ മേക്കപ്പിട്ട് നടക്കുന്നത്?“ എന്നാണ്.

ശശിയേട്ടന്റെ പോലെ ഒരു പത്തിരുപതോളം ജ്വാലകളെ പരിചയപ്പെടാനും അടുത്തറിയാനുമുള്ള ജഞ്ജലിപ്പ് എനിക്കില്ലായിരുന്നെങ്കിലും ഒരു രണ്ട് മൂന്ന് ജ്വാലയൊക്കെ എയിമിന് വന്നാല്‍ “മുട്ടാന്‍‌ണ്ട്രീ?” എന്ന് ഞാനും ചോദിച്ചേനിരുന്നു!!

ബാച്ചിലര്‍ ദശയില്‍ അബ്ദുള്‍ നാസര്‍ സ്ക്വയറില്‍ വച്ച് എത്രെയെത്ര റഷ്യക്കാരി പെണ്ണുങ്ങളോട് ഞാന്‍ ‘എന്തൊക്കെയുണ്ട് വിശേഷം?’ എന്നര്‍ത്ഥം വരുന്ന ‘കഡ് ദില്ലാ’ എന്ന് ചോദിച്ചു!

എത്രെയെത്ര വ്യാഴാഴ്ചകളില്‍, ജെബെല്‍ അലി ബസ്റ്റ് സ്റ്റോപ്പില്‍ ദുബായ്ക്ക് പോകാന്‍‍ നില്‍ക്കുന്ന ഫിലിപ്പിനോസിനോട് ‘വൈകീട്ടെന്താ പരിപാടി?’ എന്നര്‍ത്ഥം വരുന്ന ‘റ്റുഡെ ഈവനിങ്ങ്..വാട്ട് ആക്റ്റിവിറ്റി?’ എന്ന് ഒരു പുരികം ഉയര്‍ത്തി ചോദിച്ചു! മറുപടി പറയണ്ട, ചിരിക്കണ്ട, ഒരു അനുഭാവത്തിലുള്ള നോട്ടം. ങേ..ഹെ!!! (ഇങ്ങിനെ എഴുതിയത് ആരേം പേടിച്ചിട്ടൊന്നുമല്ല!)

അതിന് ആകെ ഒരു അപവാദം എന്റെ ഒരു ഇറാനിയന്‍ ഫ്രണ്ടിന്റെ ബാക്കായിരുന്നൊരു മംഗോളിയന്‍ മംഗളാംഗി ലലനാമണി ‘നമുക്ക് ഇന്ന് ലെ മെരിഡിയനില്‍ ഡിന്നറ് കഴിക്കാന്‍ പോയാലോ?‘ എന്ന് ഇങ്ങോട്ട് ചോദിച്ചത് മാത്രമാണ്.

“ലെ മെരിഡിയനില്‍ പോയാല്‍, എന്റെ ട്രൌസറ് കീറും ലലനം. നമുക്ക് രണ്ട് ഷവര്‍മ്മയും വാങ്ങി കരാമയില്‍ നിന്ന് ബര്‍ ദുബായിലേക്ക് വല്ല സിനിമാക്കഥയും പറഞ്ഞ് റോഡ് സൈഡിലൂടെ നടന്നാല്‍ പോരെ? പടിഞ്ഞാറ് നിന്ന് വൈകുന്നേരത്ത് നല്ല തണുത്ത കാറ്റുണ്ട്. ഷെവര്‍മ്മ തീരുമ്പോള്‍ നിനക്ക് നിന്റോടെക്കും എനിക്ക് എന്റോടേക്കും പോവേം ചെയ്യാം!“

എന്ന് പ്രതിവചിച്ചപ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് പാഞ്ഞ ഇലക്ട്രോണുകളില്‍ ചില അണ്‍പാര്‍ലമെന്റേറിയന്‍ വാക്കുകളുടെ ചന്ദ്രക്കലകള്‍ കണ്ടിരുന്നു.

* * *

പൊതുവില്‍ പലരും ജ്വാലകളായി മാത്രം കാണുന്ന ഗള്‍ഫിലെ പെണ്ണുങ്ങളെ‍, അവര്‍ ശലഭങ്ങളുമാണ് എന്ന് തിരുത്തി തന്നതാണ് ശശിയേട്ടന്റെ ജ്വാല കഥകളുടെ ഒരു പ്രത്യേകത. ചെസ്റ്റും വിങ്ങ്സും 16 ഇഞ്ച് ബൈ മസിലും മേയക്കപ്പും ഒന്നുമല്ല കാര്യം, സ്നേഹിക്കലാണ് മനുഷ്യരെ മനുഷ്യരോടടുപ്പിക്കുന്നത് എന്ന ഒരു മെസേജും എന്നെപോലുള്ള വായനക്കാരന് ചുള്ളന്‍ തരുന്നുണ്ട്. പണ്ട് കൈതമുള്ള് എന്ന് കേള്‍ക്കുമ്പോള്‍ രാത്രി തോട്ടും വക്കത്തുകൂടെ സൈക്കിളില്‍ പോകുമ്പോള്‍ നമുക്ക് ഒരു പണിതരാന്‍ നില്‍ക്കുന്ന കൈതക്കൂട്ടമായിരുന്നു ഓര്‍മ്മയെങ്കില്‍, ഇപ്പോളത് ജീവിതാനുഭവങ്ങളുടെയും സ്നേഹത്തിന്റേം പ്രേമത്തിന്റേം കഥകളുള്ള ഒരു ബ്ലോഗും നിത്യഹരിതകാമുകന്‍ ശശിയേട്ടനുമാണ്.

ഓവറാക്കുന്നില്ല... ഒരിക്കല്‍ കൂടെ ആശംസകള്‍. എത്തിപ്പെടാന്‍ സാധിക്കുന്ന എല്ലാ ബ്ലോഗര്‍മ്മാരും പ്രസ്തുത ചടങ്ങില്‍ പങ്കെടുത്ത് പ്രകാശനം അതി ഗംഭീരമായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രകാശനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍:

വേദി: കോഴിക്കോട് ടൌണ്‍ ഹാള്‍
മുഹൂര്‍ത്തം: ഒക്ടോബര്‍ 6, ചൊവ്വാഴ്ച 5 പി.എം.
പ്രകാശനം: ശ്രീ. സുകുമാര്‍ അഴീക്കോട്
ആദ്യപ്രതി ഏറ്റുവാങ്ങുന്നത്: സിസ്റ്റര്‍. ജെസ്മി :)
അദ്ധ്യക്ഷന്‍: ശ്രീ. യു.അ.ഖാദര്‍
പുസ്തക പരിചയപ്പെടുത്തല്‍: ശ്രീ. അസീസ് തരുവണ.
പ്രസാധകര്‍: ലിപി ബുക്സ്, കോഴിക്കോട്
ശശിയേട്ടന്റെ മൊബൈല്‍ നമ്പര്‍: +919946522827

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP