എബൌട്ടേൺ

Thursday, October 14, 2010

അയനം സിനിമയുടെ ഷൂട്ടിങ്ങ് പന്തല്ലൂക്കാരൻ ജെയിംസേട്ടന്റെ വീട്ടിൽ വച്ച് നടക്കുമ്പോൾ ഞാൻ ബോയ്സിൽ എട്ടിൽ പഠിക്കുകയാണ്.

‘എന്തൂട്ടാ മമ്മുട്ടിയുടെ ആ ഒരു ഗെറ്റപ്പ്, ഓഹ്!!! എന്തിറ്റാ ശോഭനേടെ ഒരു ശോഭ!!, എന്താ ശ്രീവിദ്യയുടെ ഒരു എടുപ്പ്!! ’ എന്നൊക്കെയുള്ള ഡയലോഗുകൾ കേട്ടിട്ട് ആൺപെൺ വ്യത്യാസമില്ലാതെ ചുറ്റുവട്ടത്തുള്ള ചെറുതും വലുതുമായ എല്ലാവരുടേം മനസ്സും ശരീരവും ജെയിംസേട്ടന്റെ വീടിന്റെ ഭാഗത്ത് കറങ്ങി നടക്കുകയാണ്.

പക്ഷെ, ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ഏഴയലക്കത്തേക്ക് നാട്ടുകാരായ ഒരു മനുഷ്യ കുഞ്ഞിനേം പോലീസുകാർ അടുപ്പിക്കുന്നില്ല. അതുകൊണ്ട് ഷൂട്ടിങ്ങ് കാണാൻ, ജെയിംസേട്ടന്റെ വീട്ടിലുള്ളവർക്കും അവരുടെ ബന്ധുക്കൾക്കും ഡ്രൈവർ കൃഷ്ണേട്ടനും പണിക്കാരി അമ്മിണ്യേച്ചിക്കുമൊക്കെയേ പറ്റിയുള്ളൂ.

നടീനടന്മാർ റെസ്റ്റ് ചെയ്യുന്നത് ഗോൾഡൻ ബാറിനോട് ചേർന്ന ലോഡ്ജിലായിരുന്നു. ഞാൻ രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞ് പുസ്തകം കൊണ്ട് നേരെ ഗോഡൻ ബാറിന്റെ ബാൽക്കണിയിലേക്കും നോക്കി നിൽക്കുന്നതുകൊണ്ട്, വെളുത്ത പ്രീമിയർ പത്മിനിയിൽ വന്നിറങ്ങാറുള്ള മമ്മുട്ടിയേം ഗോൾഡൻ കളറിൽ മാർക്ക് ത്രീ അമ്പാസഡറിൽ വന്നിറങ്ങാറുള്ള തിലകനേം, ശോഭനേമൊക്കെ പലതവണ കണ്ടു. മമ്മുട്ടി ലോഡ്ജിന്റെ പാരപ്പറ്റിൽ നിന്ന് വെറും രണ്ടേ രണ്ടുവലി വലിച്ച് താഴോട്ടിറഞ്ഞ ഗോൾഡ് ഫ്ലേയ്ക്ക് കിങ്ങിന്റെ കുറ്റി ബൈജു രണ്ട് വലി വലിച്ച് എടുത്തുകൊണ്ടുപോയി വീട്ടിൽ സൂക്ഷിച്ച് വച്ചു. മനക്കുളങ്ങര ഇടവഴിയിൽ കൂടെ പോകുമ്പോൾ മമ്മുട്ടിയുടെ ഷർട്ടിൽ പിടിച്ച് വലിച്ചതിന് മമ്മുട്ടി ജിനുവിനെ തരക്കേടില്ലാത്ത ഒരു തെറി പറഞ്ഞു. അങ്ങിനെ എവിടെ നോക്കിയാലും ഓരോരോ സിനിമാവിശേഷങ്ങളാണ്.

അക്കാലത്ത്, കൊടകര പെട്രോള്‍ പമ്പിന്റെ പരിസരത്തുള്ള സി ക്ലാസ് വീടുകളിലെ ഗൃഹനാഥകള്‍ കുഞ്ഞിക്കുട്ടി പരാധീനങ്ങളേം കൊണ്ട് അമ്പാടി, വൃന്ദാവൻ, ദ്വാരക ത്രയങ്ങളിൽ കാലനടയായി പോയി ഹിറ്റ് സിനിമകള്‍ സി ക്ലാസിനിരുന്ന് കണ്ടിരുന്ന കാലമാണ്.

വല്യമ്മയാണ് അന്ന് ഗ്രൂപ്പ് ലീഡർ. ‘നടക്കിനെടീ പിള്ളാരേ..’ എന്ന് പറഞ്ഞ്, “കോഴിക്കൂട് അടച്ചില്ലേഡീ??” എന്ന് റീകൺഫേമും ചെയ്ത് രണ്ടുമുഴം നീട്ടത്തില്‍ നടുഭാഗം പിച്ചള കളറുള്ള, കറുത്ത സുന മുന്നോട്ടും പിറകോട്ടും നീക്കി കത്തിച്ചിരുന്ന എവറെഡി ടോര്‍ച്ചും കൊണ്ട് നടക്കുന്ന വല്ല്യമ്മക്ക് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ച് അമ്മയും രത്നാവതി ചേച്ചിയും പിറകില്‍ ഞങ്ങളും ചെറുകൂട്ടമായി നടക്കും. സാധാരണയായി വീട്ടില്‍ നിന്നും ആണുങ്ങള്‍ ആരും കൂടെ വരിലില്ല. (ഞാനും ഷാജിയും പോയിരുന്നു!).

അങ്ങിനെ ഷൂട്ടിങ്ങ് കാണാനുള്ള മോഹം മുത്ത പെൺപടകളുടെ അഭ്യർത്ഥന മാനിച്ച്, കൊണ്ടുപോകാൻ വല്യമ്മ സമ്മതിച്ചു. ഞാൻ പകലുമുഴുവൻ ആ ഭാഗത്ത് തന്നെ ആയതുകൊണ്ടും വല്യമ്മയുടെ കൂടെ പോകേണ്ട എന്ന് വച്ചതായിരുന്നു. പക്ഷെ, വല്ല്യമ്മയുടെ മിടുക്കുകൊണ്ട് പോലീസുകാർ ഷൂട്ടിങ്ങ് കാണിക്കാൻ കടത്തിവിടുകയാണെങ്കിൽ കണ്ടേക്കാം എന്ന് കരുതി ഞാനും കൂടെ പോയി.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴും ഞങ്ങൾക്കൊന്നും മൂന്നര വയസ്സ് തികഞ്ഞിട്ടില്ല എന്ന് പറഞ്ഞ്, വല്യമ്മ എത്രയോ തവണ തീയറ്ററിൽ ടിക്കറ്റ് വാങ്ങുന്നവരുമായി അലമ്പുണ്ടാക്കി, ഞങ്ങളെ അകത്തിരിത്തിയിട്ടുണ്ട്. ഒരിക്കൽ, മുപ്പത്തഞ്ച് വയസ്സിൽ താഴെയല്ല, മൂന്നരവയസ്സിൽ താഴെയുള്ളവർക്കാണ് ടിക്കറ്റ് വേണ്ടാത്തെ... ഇവരെ ഒരു നിലക്കും ടിക്കറ്റെടുക്കാതെ അകത്ത് കയറാൻ പറ്റില്ല എന്ന് പറഞ്ഞ അമ്പാടി കണ്ണനോട് “എന്നാ സിനിമ കഴിയും വരെ നീ എന്റെ ക്ടാങ്ങളെ നോക്കിക്കോ. പക്ഷെ, തിരിച്ച് വരുമ്പം എനിക്കിവരെ തിരിച്ച് തന്നില്ലെ ഡാഷേ... അപ്പോൾ നിനക്ക് ഞാൻ ആരാന്നുള്ളത് കാണിച്ച് തരാം!!“ എന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷം അമ്പാടി കണ്ണൻ വല്യമ്മയെ കണ്ടാൽ പിന്നെ ഒരിക്കലും ആളെ എണ്ണാറില്ല.

ഒരു ആറര നേരത്ത് വല്യമ്മ മുന്നിലായി ഒരു ജാഥ, ബാറിന്റെ പിറകിലുള്ള ഇടവഴിയിലൂടെ ജെയിംസേട്ടന്റെ വീട്ടിലേക്ക് നീങ്ങി. വെമ്പനാട്ടെ പറമ്പും കുഞ്ഞറതേട്ടന്റെ പറമ്പും കടന്ന് പോയി പോയി, ജാഥ ജെയിംസേട്ടന്റെ ഗേയ്റ്റിനരികെ വന്നു നിന്നു.

ജാഥയെ കണ്ട പോലീസുകാരൻ ഒരു ‘പുഞ്ഞഭാവത്തോടെ‘ വല്യമ്മയോട് ചോദിച്ചു.

“എങ്ങടാ അമ്മായ്‌യേ?”

“ഷൂട്ടിങ്ങ് കാണാൻ!” വല്യമ്മ ഭയങ്കര കോൺഫിഡൻസിലായിരുന്നു.

“എന്നാൽ ഒരു പായയും രണ്ടുമൂന്ന് തലോണയും കൂടെ എടുക്കായിരുന്നില്ലേ? ഷൂട്ടിങ്ങ് നടക്കുന്നോടത്ത് താഴെ വിരിച്ച് സൌകര്യം പോലെ ഇരുന്നും കിടന്നും വിശാലമായി കാണാമായിരുന്നൂല്ലോ!!“

അതുകേട്ട് അവിടെ നിന്നിരുന്ന പോലീസുകാരും ജെനറേറ്ററിന്റെ സൈഡിൽ നിന്നിരുന്നവരും സിനിമാക്കാരുടെ സിൽബന്ധികളും ഉൾപെടെ എല്ലാ പേട്ടകളും പൊട്ടിച്ചിരിച്ചു.

സംഗതി അമ്പാടി കണ്ണനെ വല്യമ്മക്ക് വിഷയമല്ലായിരുന്നെങ്കിലും, പോലീസുകാരന്റെ ആ ഡയലോഗിൽ പതറിയ വല്ല്യമ്മ രണ്ട് സെക്കന്റ് വച്ച് ഓരോരുത്തരേം ഒന്ന് നോക്കി. എന്നിട്ട് എല്ലാവരോടുമായി വല്യമ്മ ‘ബാ പോവാം!‘ എന്ന് മാത്രം പറഞ്ഞ് അബൌട്ടേണടിച്ച് ഒറ്റപ്പോരലായിരുന്നു പിന്നെ!

ഈച്ചറോളിൽ, നാണം കൊണ്ട് മൂടി, മുഖം പൊത്തി ചമ്മി നാശമായി തിരിച്ച് പോകുന്ന പെൺകൂട്ടത്തിൽ നിന്ന് ‘ഐ വാസ് നോട്ട് ഇൻ ദിസ് ഗ്രൂപ്പ്’ എന്നറോളിൽ ഞാൻ പതുക്കെ മാറി നിന്നു.

ഈ സംഭവം നടന്നിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞു. എത്രയോ കോമൺ വെൽത്ത് ഗെയിമുകൾ, ഓളിപിക്സുകൾ, വേൾഡ് കപ്പുകൾ കഴിഞ്ഞുപോയി! മാരുതിക്കാറ് കണ്ടാൽ എണ്ണം പിടിച്ചിരുന്ന ഞാൻ റോൾസ് റോയ്സ് കണ്ടാലും എണ്ണം പിടിക്കാതായി. മീശരോമങ്ങളുടെ ലാഞ്ചന പോലുമില്ലാതെ കിടന്നിരുന്ന എന്റെ മേൽചുണ്ടിൽ എനിക്ക് കുനുകുനെ രോമങ്ങൾ മുളച്ചു, തഴച്ചു, ദാണ്ടെ ഇപ്പോൾ ചിലതെല്ലാം നിർദ്ദാക്ഷിണ്യം നരക്കുകേം ചെയ്തു.

എങ്കിലും സിനിമാ ഷൂട്ടിങ്ങ് കാണാൻ പോകുക, സിനിമാക്കാരെക്കാണാൻ പോകുക എന്നൊക്കെ കേട്ടാൽ മനസ്സ് വീണ്ടും എട്ടാംക്ലാസുകാരനാവുകയും എന്റെ വല്യമ്മയുടെ അയനം എബൌട്ടേണിനെ കുറിച്ചും ഓർമ്മവരികയും അപ്പോൾ മുതൽ മനസ്സ് “വേണ്ട്രാ‍.. വേണ്ട്രാ..” എന്ന് പറഞ്ഞുതുടങ്ങുകേം ചെയ്യും.

സംവിധായകൻ രഞ്ജിത്തും ജയരാജും ദുബായിൽ വരുന്നുണ്ട് എന്ന് ബ്ലോഗ് വഴി പരിചയമായ മോജിത്ത് പറഞ്ഞപ്പോൾ സംഗതി ‘ദുബായ് വരുമ്പോൾ കാണാം‘ എന്ന് ഒരിക്കൽ രജ്ഞിയേട്ടൻ (ആകെ ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ... എന്നാലും ഞാനിപ്പോൾ അങ്ങിനെയൊക്കെയേ വിളിക്കൂ. ഞങ്ങൾ തമ്മിൽ ഭയങ്കര ഇരിപ്പാണെന്ന് വായിക്കുന്നവർക്ക് തോന്നുന്നെങ്കിൽ എന്തിന് കുറക്കണം?) ആൾടെ ഘനഗംഭീരൻ ശബ്ദത്തിൽ എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും, കാണാൻ പോകാൻ സത്യം പറഞ്ഞാൽ പോകണോ വേണ്ടയോ എന്ന കാര്യത്തിൽ മനസ്സ് 50:50 ആയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 11: 40 ന് മോജിത്തിന്റെ മൊബൈലീന്ന് ഒരു കോൾ.

“രാത്രി പന്ത്രണ്ട് മണിക്ക് വിളിച്ചെണീപ്പിച്ച് പറയേണ്ട കാര്യമൊന്നുമല്ല, എങ്കിലും നാളെ ഒന്ന് കാണണം ട്ടാ” എന്ന് അപ്രത്തുന്ന് ഘനഗംഭീര ശബ്ദത്തിൽ, പുലി!

ഷാർജ്ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വൈകീട്ട് 8 മണിക്ക് എന്തോ പരിപാടിയുണ്ട്. അവിടെ പോയി മുട്ടാം എന്നായിരുന്നു മോജിത്തിന്റെ വക പ്ലാൻ. പക്ഷെ, ഹരിലാൽ ഓഫീസിൽ വന്നപ്പോൾ, ആളെ അങ്ങിനെയൊന്നും കണ്ടാൽ പോരാ സ്വൈര്യമായി ഇരുന്ന് വർത്താനം പറയണമെങ്കിൽ അജ്മാനിൽ പോകുന്നതാണ് ബെറ്റർ എന്ന് പറഞ്ഞ് പരിപാടി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കുട്ടേട്ടന്റെ താര ജ്വല്ലേഴ്സിന്റെ ഉത്ഘാടനത്തിനാണല്ലോ ഇരുവരും പത്മപ്രിയയും വന്നത്. ഞാനോർത്തു, ഒരുവെടിക്ക് മൂന്ന് പക്ഷി. അവിടെ ചെല്ലുമ്പോൾ മനാമ ഹൈപ്പറിന്റെ മുൻപിൽ കൊടകര ഷഷ്ഠിയുടെ ആൾ. പാവപ്പെട്ട ഗൾഫുകാർ എല്ലാ‍വരും മൊബൈലും പൊക്കിപിടിച്ച് പത്മപ്രിയയെ ആവാഹിക്കുകയാണ്. പൊരിഞ്ഞ ഇടി! ഇടിക്ക് ഞാനും അത്ര മോശമൊന്നുമല്ല. പക്ഷെ, ഒരു സിനിമാ നടിയെ ഇടികൂടി കാണാനൊന്നും എന്നെ കിട്ടില്ല. അത് പണ്ട്!

കടക്കകത്ത് നിൽക്കുന്ന രഞ്ജിയേട്ടന്റെ അടുത്തെത്താൻ തിക്കണോ വേണ്ടയോ എന്ന റോളിലുള്ള എന്റെ നില്പ് കണ്ട് ഒരാൾ പറഞ്ഞു:

“എന്തിനാഷ്ടാ ഇങ്ങിനെ തിരക്കുണ്ടാക്കാൻ പോണേ? താഴെ പോയി നിന്നാൽ പത്മപ്രിയ കാറിൽ കേറാൻ നേരം കണ്ടൂടേ?“.

‘പോയേരാ അവടന്ന്! ‘ എന്ന് പറഞ്ഞ് ഞാൻ വീണ്ടും മുൻപോട്ട് നീങ്ങിയപ്പോൾ, വീണ്ടും ഹരിലാലേട്ടൻ. ആൾ എന്നേം പിടിച്ച് തിക്കുണ്ടാക്കി ഒരു കണക്കിന് ജ്വല്ലറിക്കകത്തേക്ക് തിരുകി കയറ്റി. എന്തായാലും ഞാനകത്തേക്ക് കയറിയ സമയം കറക്റ്റായിരുന്നു.

ഞാൻ അവിടെ ചെന്നത് കണ്ടിട്ടെന്നോണം, അതുവരെ അവിടെ നിന്നിരുന്ന രഞ്ജിത്തും പത്മപ്രിയയും ജയരാജും കൂടെ തിക്കിത്തിരിക്കി പുറത്തേക്ക് വന്ന്, ഓടി ഒരു ലാൻഡ് ക്ര്യൂയിസറിൽ കയറി ഒറ്റപ്പോക്ക്!

അതുകണ്ട്, ‘അവർ നേരെ കുട്ടേട്ടന്റെ വീട്ടിലേക്കാണ് പോയത്, അവിടെ പോയി കാണാം!‘ എന്ന് ഹരിലാൽ പറയുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വീണ്ടും അബൌട്ടേൺ ചമ്മൽ തുടങ്ങിയിരുന്നു.

ഇനിയും ഒരു പരീക്ഷണത്തിനില്ല. ഞാനവിടെ ചെല്ലുമ്പോൾ അവിടന്ന് ഓടി ഇറങ്ങുന്ന ‍അവരെ കാണുകയും.. അവരുടെ പിന്നാലെ ഓടി ചെന്ന്... ‘അലോ.. അലോ.. ഇദ് ഞാനാ... ഇന്നലെ രാത്രി വിളിച്ചില്ലേ... കൊടകര... കൊടകര.. പുരാണം.. അതേ.. വിശാലം..‘ എന്നൊക്കെ പറഞ്ഞ്... ഛായ്...എന്തൊരു ഈച്ചറോളാവുമത്?

ഞാൻ എന്റെ കൂടെ വന്ന ഗഡികളോടായി പറഞ്ഞു. “പുള്ളി ഭയങ്കര തിരക്കിലാണ് ന്നാണ് തോന്നണ്. നമ്മുക്ക് പൂവാഡാ.. കണ്ടിട്ട് അത്യാവശ്യമൊന്നും ഇല്ലല്ലോ... പിന്നെ എപ്പോഴെങ്കിലും പറ്റിയാൽ കാണാം“

അങ്ങിനെ, വണ്ടി യു ടേണെടുത്ത് രണ്ടാമത്തെ സിഗ്നലിൽ ചോപ്പയിൽ കിടക്കുമ്പോൾ ഹരിലാലേട്ടന്റെ ഒരു കോൾ,

‘വിശാലൻ എവിടേ? ദേ ഇവിടെ രഞ്ജിയേട്ടൻ വിശാലനെ വെയ്റ്റ് ചെയ്യണൂ.. വേഗം വാ..ട്ടാ‘

എന്റെ മാതാവേ....!! സന്തോഷം കൊണ്ട് എന്റെ മനസ്സ് ഒരു ഹൈഡ്രജൻ ബലൂൺ പോലെ പൊങ്ങിപോയി.

കുട്ടേട്ടന്റെ ഫ്ലാറ്റിൽ ചെല്ലുമ്പോൾ, പുലികൾ രണ്ടും ഹരിലാലേട്ടനും വേറെ രണ്ടുപേരും, മാണി-ജോസഫ് ലയനത്തെക്കുറിച്ചും, ജോസഫിന്റെ പശുവിന്റെ കാര്യവും സിനിമയിലെ കോപ്പിയടികളെ പറ്റിയുമൊക്കെ ഒരു ജ്ജാതി പെട വിറ്റുകൾ അടിച്ച് ഇങ്ങിനെ ഇരിക്കുകയാണ്.

ഗേയ്‌റ്റടിൽ പെട്ട ബസിൽ നിന്നും ട്രെയിൻ കാണാൻ കൌതുകത്തോടെ തല പുറത്തേക്കിട്ട് നിൽക്കുന്ന കുട്ടിയെ പോലെ അവരുടെ കാച്ചലുകൾ കേട്ട് ഞാനിരുന്നു. ഒരു രക്ഷയില്ലാത്ത നമ്പറുകളാണ് പെടച്ചോണ്ടിരിക്കുന്നത്. ഇവരൊക്കെ ഇത്രക്കും ഫേയ്മസായതിൽ ഒരു അത്ഭുതവുമില്ല എന്നെനിക്ക് തോന്നി. അതിനുള്ള ക്ണാപ്പ് തലക്കകത്തുണ്ടേയ്!

വേണാട് എക്പ്രസ് കടന്നുപോകുന്ന ഒരു ഇരമ്പൽ മനസ്സിൽ. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ദേവാസുരം, നന്ദനം, കയ്യൊപ്പ്, പാലേരിമാണിക്യം എന്നൊക്കെ അവ്യക്തമായി എഴുതിയ ബോഗികൾ ചെകിടടപ്പിക്കുന്ന ശബ്ദത്തിൽ എന്റെ മനസ്സിലൂടെ കടന്നുപോയി.

“വിശാലാ ഇരിക്ക് ട്ടാ.... എന്ന് തുടങ്ങി... തിരിച്ച് പോരുമ്പോൾ എന്റെ വണ്ടിയുടെ പിറകിലെഴുതിയ “വീട് കൊടകരേല്, ജോലി ജെബലലീല്, ഡൈലി പോയി വരും!“ കണ്ട്, “മനസ്സിന്റെ യാത്രയെപ്പറ്റിയാണ് ല്ലേ?” എന്നുവരെ രഞ്ജിത്തേട്ടൻ എന്നോട് പറഞ്ഞതെല്ലാം ഒരു വാക്കുപോലും മറക്കാതെ എന്റെ മനസ്സിൽ കിടപ്പുണ്ട്.

ഇനി എന്നെങ്കിലും ആളെ കാണുമോ, എങ്ങാനും കണ്ടാൽ ആളെന്നെ ഓർക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ, കുട്ടേട്ടന്റെ ഫ്ലാറ്റിൽ വച്ച് ആളെന്നെ കെയർ ചെയ്തു. ഒരു അനിയനെ പോലെ, കുറെ നാളുകൂടി പരിചയമുള്ള സുഹൃത്തിനെ പോലെ... നമുക്കത് തന്നെ ധാരാളമല്ലേ?

ഞാനെഴുതിയ കൊടകരപുരാണം പുസ്തകം വായിച്ചതുകൊണ്ട് മാത്രമാകാം ഈ സ്നേഹം എന്നൊന്നും എനിക്ക് തോന്നുന്നില്ല. കൊടകരപുരാണം എന്ന നേരമ്പോക്ക് വഴി എനിക്ക് സുഹൃത്തുക്കളായി കിട്ടിയ, മോജിത്തും ഹരിലാലേട്ടനുമൊക്കെ എന്നെ പറ്റി പറഞ്ഞത് കേട്ടിട്ടാകാം. എന്തായാലും അങ്ങിനെ മനസ്സിൽ കുറെകാലമായി കൊണ്ടുനടക്കുന്ന വല്യമ്മേടെ ആ എബൌട്ടേൺ ഞാൻ ആ സംഭവത്തോടെ വലിച്ചെറിഞ്ഞു. ഒരുപക്ഷെ, ആളെക്കാണാതെ ഞാൻ തിരിച്ച് പോയിരുന്നെങ്കിൽ, എനിക്ക് ഇത്രേം വല്യ ഒരു സന്തോഷം മിസ്സായേനില്ലായിരുന്നോ??

23 comments:

[ nardnahc hsemus ] said...

ഇതാരും കണ്ടില്ലേ ആവോ?

അയനം സിനിമേടെ കാര്യം പറഞ്ഞപ്പോഴാ.. അന്ന് മധു, ഇന്നച്ചന്‍, ശ്രീവിദ്യ, ശ്രീനാഥ് എന്നിവരെ ഒക്കെ കണ്ടിട്ടും മമ്മൂട്ടിയ കാണാന്‍ പറ്റാഞ്ഞ് ജെയിംസേട്ടന്റെ വീടിന്റെ മുന്നില്‍ ഞാനും 2-3 മണിക്കൂര്‍ കാത്ത് നിന്ന് കണ്ടിട്ടുണ്ട്.. കൊടകരയുടെ ഹൃദയഭാഗത്ത് ജനിച്ച് വളര്‍ന്നെങ്കിലും ഹൈവേയുടെ അപ്രത്തേയ്ക് ഒറ്റയ്ക്കുള്ള പ്രവേശനം നിഷിദ്ധമായിരുന്നു.... ആയതിനാല്‍ തന്നെ വളരെ റിസ്കെടുത്തായിരുന്നു ഈ സാഹസങ്ങള്‍! :)

അന്ന് പേരാമ്പ്രയിലെ ഒരു വീട്ടിലേ ഷൂട്ടിംഗിനു പോകാന്‍ കാറില്‍ കേറിയ മമ്മൂട്ടിയെ, ആള്‍ക്കാര്‍ പൊതിഞ്ഞ് നിന്ന് വിഷ് ചെയ്യുമ്പോള്‍ ഞാന്‍ അതിനു വെയിറ്റ് ചെയ്യാതെ ഷോര്‍ട്ട് കട്ടടിച്ച് ഹൈവേയ്ക്കരില്‍ പോയി മമ്മൂട്ടി ഇരിയ്ക്കുന്ന വലത് വശം നോക്കി നിന്ന് വണ്ടി വന്നപ്പോള്‍ “ഹലോ” എന്നുറക്കെ കൈയ്യടിച്ച് വിളിച്ചത് കേട്ട് പുള്ളി എനിയ്ക്ക് എക്സ്ക്ലുസീവ് ആയി ഒരു ഒരു വിഷ് തന്നതും ഒന്നൂടെ ഓര്‍മ്മിയ്ക്കാന്‍ കഴിഞ്ഞു. അന്ന് ഞാനും താനുമൊക്കെ ആ കാത്തുനില്‍പ്പുകാരില്‍ ഉണ്ടായിരുന്നെന്ന് അറിയുമ്പോഴും ഒരു സുഖം...

ശ്രീനാഥ് അന്ന് മരണഗ്ലാമറുള്ള ചുള്ളന്‍ ആയിരുന്നു, പുള്ളിയുടെ ഭാര്യ ശാന്തികൃഷ്ണയും അന്ന് ആ ലൊക്കേഷനില്‍ ഉണ്ടായിരുന്നു... കാറില്‍ കേറുന്നതിനിടെ തിരക്കില്‍ അങ്ങേരുടെ കൈയ്യില്‍ ഒന്നു തൊടാന്‍ നോക്കിയിട്ട് പറ്റാതായപ്പോള്‍ കിട്ടിയ തക്കത്തിനു പുറത്ത് ഒരിടി കൊടുത്തിരുന്നു അന്ന്... അടുത്തിടെ മരണവാര്‍ത്ത കേട്ടപ്പോള്‍ മനസ്സറിയാതെ സോറി പറയേം ചെയ്തു..

ഇന്നൊക്കെ ഈ ആഗ്രഹങ്ങളില്ല.. എങ്കിലും മലയാള സിനിമയെ ഗൌരവത്തൊടെ കാണുന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ രഞ്ജിത്തിനോട് ഏറെ ബഹുമാനം തോന്നിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ സജീവിന്റെ ഈ കൂടിക്കാഴ്ച എനിയ്ക്കും സന്തോഷം പകരുന്ന ഒന്നാണ്!

വിനുവേട്ടന്‍|vinuvettan said...

വിശാല്‍ജീ... എന്തോ, ഈ എഴുത്ത്‌ മനസ്സില്‍ കൊണ്ടു...

പിന്നെ വീട്‌ കൊടകരേല്‌, 'ഡെയ്‌ലി പോയിവരും' എന്നതിന്റെ അര്‍ത്ഥം ഞാന്‍ വിചാരിച്ചത്‌ അപ്പോള്‍ ശരിയായിരുന്നുവല്ലേ?

അബ്‌കാരി said...

'ഡെയ്‌ലി പോയിവരും' :)

.....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. said...

നിങ്ങള്‍ടെ വല്ല്യമേം ഒരു പുലി ആയിരുന്നല്ലേ ???

ഇതും ഇഷ്ട്ടപെട്ടു.

junaith said...

വല്യമ്മച്ചീ...
ഹാഫ് ടിക്കറ്റിനു നിങ്ങളെ എല്ലാം പടം കാണിച്ചു അല്ലെ...പുപ്പുലി തന്നെ..

ശ്രീ said...

എഴുത്തൊക്കെ വല്ലപ്പോഴുമായി ല്ലേ?

Pony Boy said...

ഇത് നേരത്തെയെവിടെയോ പോസ്റ്റിയിരുന്നല്ലോ...വലിയമ്മയും വിശാലേട്ടനേപ്പോലെ ഒരു പുലിയാണെന്നറിഞ്ഞതിൽ സന്തോഷം, ആൾക്കും ഒരു ബ്ലോഗെഴുതിക്കൂടെ..

ഏറനാടന്‍ said...

വിശാലേട്ടാ, രണ്ജിയേട്ടന്‍ ഒരു ഏട്ടന്‍ തന്നെ ആയി തോന്നിയില്ലേ. അതാണ്‌ രഞ്ജി ടച്ച്.

നന്ദനം ഷൂട്ട്‌ കോഴിക്കോട് സ്കൈലൈന്‍ വില്ലയില്‍ ഉള്ള സമയം അവിടെത്തെ ജോലിക്കാരന്‍ ആയതിനാല്‍ പോലീസും പട്ടാളവും തടയാതെ എനിക്ക് കാണാന്‍ സാധിച്ചു. അന്ന് ഒരു താടി പുതുമുഖ ചെക്കനെ ആരും അത്ര ശ്രദ്ധിച്ചില്ല. ഇന്ന് ആ ചെക്കനെ ഇന്ത്യ ഒട്ടുക്കും ശ്രദ്ധിക്കുകയും ചെയുതു. (പൃത്വിരാജ്)

പിന്നെ രണ്ജിയെട്ടനെ കാണുന്നത് 'തിരക്കഥ' സെറ്റില്‍ വെച്ചായിരുന്നു. അന്ന് ചാന്‍സ്‌ ചോദിച്ചു ശല്യം ചെയ്തു. അടുത്ത പടം തുടങ്ങുമ്പോള്‍ വാ എന്ന് പറഞ്ഞു മടക്കി. പക്ഷെ അപ്പോഴേക്കും സാഹചര്യം എന്നെ വീണ്ടും ഗള്‍ഫിലേക്ക്‌ പായിച്ചു.

പിന്നെ കാണുന്നത് അബുദാബി ഫിലിം ഫെസ്റ്റില്‍ വെച്ച് രണ്ടു വട്ടം. അവധിക്ക് നാട്ടില്‍ പോയപ്പോള്‍ 'കേരള കഫെ' സിനിമയുടെ ആസ്വാദന സദസ്സിനു മുന്നില്‍ രണ്ടു വാക്ക്‌ സംസാരിക്കാന്‍ രണ്ജിയേട്ടന്‍ എനിക്കും ഒരു അസുലഭാവസരം തന്നു.. പ്രത്യുപകാരമായി ഇറങ്ങാന്‍ പോകുന്ന 'ഏറനാടന്‍ കഥകള്‍'ക്ക് അവതാരിക എഴുതാന്‍ ഏല്പിച്ചു. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ സിനിമയുടെ തിരക്കില്‍പെട്ട് രണ്ജിയേട്ടന്‍ സന്തോഷത്തോടെ 'വേറെ ആരെങ്കിലും നോക്കെടാ, വായിക്കാന്‍ പോലും നേരം കിട്ടുന്നില്ല' എന്നറിയിച്ചു.

രണ്ജിയേട്ടന്‍ സ്നേഹമുള്ള ഒരു ഏട്ടന്‍ തന്നെയാണ് അല്ലെ വിശാലേട്ടാ..

നിരാശകാമുകന്‍ said...
This comment has been removed by the author.
നിരാശകാമുകന്‍ said...

സിനിമയെ വളരെ സീരിയസ്സായി സമീപിക്കുന്ന ഒരു അനുഗ്രഹീത കലാകാരന്‍ തന്നെയാണ് ശ്രീ രന്ജിത്.പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ മുതല്‍ പ്രാഞ്ചിഏട്ടന്‍ വരെ അത് ശരി വെക്കുന്നു...

Vellikal said...

കുറേ നാളായുളള ഒരു ആഗ്രഹമാണ് താങ്കള്‍ കാരണം ഞാനിന്ന് തുടങിയത്...ഒരായിരം നന്ദി, കൊടകരപുരാണത്തിനും, അതെന്നെ ബലമായി വാങിപ്പിച്ച ഐലന്‍ഡ് എക്സ്പ്രസ്സില്‍ ബുക്ക് വിക്കാന്‍ വന്ന ആല്‍ക്കും.

അതു പോലെ ഓഫീസില്‍ റ്റെന്‍ഷ്ന്‍ തന്ന് എന്നെ ഒരു ലെവെലാക്കിയ ബോസ്സുമാര്‍ക്കും നന്ദി,അതൊണ്ടാണല്ലൊ ഞാന്‍ ആ പുസ്തകം ഒരു പത്ത് പതിനഞ്ച് പ്രാവശ്യെങ്കിലും വായിച്ചത്.

Bonny M said...

നമുക്കും വല്യ ആളാവാമെന്നേ!! ആരെയും അമിതമായി ആരാധിക്കണ്ട.

Sameer said...

ഒരു തിരക്കഥ എഴുതിക്കൂടെ വിശാല്‍ജി... :)

Bonny M said...

ഒരു സിനിമാക്കഥ എഴുതുവാണേല്‍ ആവും പോലെ പൊലിപ്പിച്ചെടുക്കാന്‍ ഈയുള്ളവനും കാണും.

ആസ്വാദകൻ‍/ The Admirer said...

ഒത്തിരി നാള്‍ക്കു ശേഷം എഴുതിക്കണ്ടതില്‍ സന്തോഷം. ഒരു തിരക്കഥ പ്രതീക്ഷിക്കാമോ...

mayflowers said...

ഞാനാദ്യം എത്തുകയാണിവിടെ.
അനായാസമായ എഴുത്ത് ആസ്വദിച്ചു വായിച്ചു.

ഗുണ്ടൂസ് said...

ivide undaayirunno? ippozha kandathu..

ente lokam said...

വഴി തെറ്റി വന്നത് ഒത്തിരി ആഗ്രഹിച്ച
ഒരു സ്ഥലത്ത്..ഒരു പോസ്റ്റ്‌ മെയില്‍ വഴി
കിട്ടിയ അന്നു മുതല്‍ ആഗ്രഹിക്കുന്നത് ആണ്.
ഒന്ന് പരിചയപ്പെടാന്‍..ബ്ലോഗ് id കിട്ടിയില്ല അന്നു ..
സ്നേഹ പൂര്‍വ്വം എല്ലാ ആശംസകളും...പറ്റുമെങ്കില്‍
അടുത്ത പോസ്റ്റ്‌ ഒന്ന് മെയില്‍ ചെയ്യണം കേട്ടോ..
vcva2009 @gmail .com

JaiVin said...

I always like to share my experiences and knowledge about traveling destinations
and tourism trends in world. I am thinking it is very helpful to improve human
approach and love to Mother Nature.
Kerala tours
Kerala Tours – Experience the Beauty of Heaven on Earth

പ്രദീപൻസ് said...

എന്റെയും ഒരു വല്ല്യേ മോഹം ആണ് രണ്ജിയെട്ടനെ ഒന്ന് കാണുക എന്നത് ..
കൂട്ടത്തില് വേറെ ഒന്ന് കൂടി ഇപ്പൊ തോനുന്നുപറയട്ടെ തരായ നിങ്ങളെയും ഒന്ന് കാണണം ന്നു

ജെ പി വെട്ടിയാട്ടില്‍ said...

pandathe pole eppozhum kaanunnilla ennu thonnunnu. ini oru pakshe njaan ii vazhikku varathe aakumo?

my mal font is not working today, so unable to scribble whatz in mind.
shall come again while i am back to home.

greetings from trichur.

ikkollam thrissur poorathinu ente veettil koodam.
poorapparambil ninnu 800 meters only to my BAIT VETTIYATTIL
9446335137
0487 6450349

www.annvision.com

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP