അമ്മാമ്മേടെ ലൈബ്രററി
Thursday, May 13, 2010
മിഡിയും ടോപ്പും വേഷം. ഹെന്നയടിച്ച് ചെമ്പ് നൂലുപോലെയാക്കിയ തലമുടി, ഹിപ്പി വെട്ടിയിരിക്കുതിനാല്‍ ചാലക്കുടിയിലുള്ള എന്റെ ഹിപ്പിയമ്മായിയുടെ വിദൂര ഛായയും ഇല്ലാതില്ല.
നല്ലകാലത്ത് കരയിലെ യുവാക്കള്‍ക്ക് ഒരു പാറമട പൊട്ടിക്കാനുള്ളത്രക്കും ആവേശം നല്‍കിപ്പോന്ന അഴകിന്റെ ബ്ലാക്ക് ഏന്‍ വൈറ്റ് ചരിത്രം മൂക്കിലും കണ്ണിലും ചരിത്രാന്വേഷികള്‍ക്ക് ഈസിയായി കണ്ടുപിടിക്കാം.. ഇരു കാലുകളും ബന്ധിച്ച്, വള്ളിയുള്ള സ്വര്‍ണ്ണഫ്രയിമുള്ള കണ്ണടയുണ്ട്. ഊര്‍ജ്ജസ്വല!
എന്റെ നാട്ടില്‍ ഈ പ്രായത്തിലുള്ളവര്‍ സഹചരാദിയും ഭ്രമഞ്ജനവും കൈ കാല്‍ കഴപ്പും നടുവേദനയുമായി എറേത്ത് മുറുക്കി തുപ്പി ഇരിക്കുന്ന ഏജിലാണ്, പാരഡൈസമ്മായുടെ ഈ
പുസ്തക ബിസിനസ്സ്.
ഇറ്റാലിയന്‍ ചിത്രകാരന്മാര്‍ വരച്ച അര്‍ദ്ധനഗ്നരായ സുന്ദരികളുടെ അത്രക്കും എടുപ്പുള്ള ലെബനാന്‍, സിറിയന്‍ പാറുക്കുട്ടികൾ ഇറുകിയ ബനിയനും കുട്ടി ട്രൌസറുമിട്ടോണ്ട് ഐപ്പോഡും കഴുത്തിലിട്ട് തുള്ളി തുള്ളി പോകുന്ന അല്‍ മജാസ് റോഡിലാണ് ഞങ്ങളുടെ അമ്മാമ്മേടെ ‘റീഡേഴ്സ് പാരഡൈസ്‘.
ലെബനാന്‍ ബേയ്ക്കറിയുടെ നേരെ ഓപ്പോസിറ്റ്. (ഈ നേരെയും ഓപ്പോസിറ്റും ഒന്നല്ലേ?) പുറമേ നിന്ന് നോക്കിയാല്‍ ചെറിയ ഒരു ഒറ്റമുറികടയാണ്. പക്ഷെ, അകത്ത് കോട്ടയം അയ്യപ്പാസിന്റെ പോലെ വിശാലമാണ്. മങ്ങിയ നീല നിറമുള്ള ബോര്‍ഡില്‍ വെള്ള ലേറ്ററുകള്‍ കൊണ്ട് പേരെഴുതിയിരിക്കുന്നു. ഒരു സൈഡില്‍ റാക്കുകള്‍ മുഴുവനും അഡള്‍സിന്റെ പുസ്തകങ്ങളും മറ്റേ സൈഡില്‍ കുട്ടികളുടേതുമാണ്.
ഷോപ്പിന് മധ്യഭാഗത്തായാണ് മാനേജര്‍ കം ഡയറക്റ്റര്‍ അമ്മാമ്മയുടെ ഇരിപ്പ്. ഒരു കമ്പ്യൂട്ടര്‍, ഒരു ചെറിയ ബോക്സില്‍ മെമ്പര്‍ ഷിപ്പ് കാര്‍ഡുകള്‍, ഒരു പെന്‍ഹോള്‍ഡര്‍, പിന്നെയൊരു ഒരു ഫ്ലാസ്കും! (കട്ടൻ ചായയായിരിക്കും). വേറെ ഒന്നുമില്ല.
എന്റെ കാല്‍കുലേഷന്‍ വച്ച് ഹിന്ദിക്കാരിയായ അമ്മാമ്മക്ക് ഒരു 85-90 ന്റെ ആസ്പാസ് കാണണം, എന്തെങ്കിലും കൂടിയാലേ ഉള്ളൂ.
പാരഡൈസില്‍ മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് 80 ദിര്‍ഹം. ബുക്കുകള്‍ വലുപ്പചെറുപ്പമനുസരിച്ച് ആഴ്ച വാടക വേറെ. ട്വിങ്കിള്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, മോറല്‍ സ്റ്റോറീസ് എന്നിങ്ങനെയുള്ള ചെറു പുസ്തകങ്ങളാണ് ഞങ്ങള്‍ എടുക്കുന്നത്. അഡൾട്ട്സിന്റെ ബുക്കൊക്കെ വായിക്കാറായിട്ടില്ല.
“മലയാളം പുസ്തകങ്ങളൊന്നു എന്ത്യേ കൊണ്ടുവക്കാത്തത്? “ എന്ന് ചോദിച്ചപ്പോൾ, “ഒരു പത്ത് കസ്റ്റമേഴ്സിനെ പിടിച്ചോണ്ടുവരാമെങ്കിൽ സംഘടിപ്പിക്കാം!” എന്ന് അമ്മാമ്മ.
“ആ.. പത്ത് കസ്റ്റമേഴ്സിനെ പിടിച്ചുതന്നാൽ എനിക്ക് ഫ്രീയായി ബുക്ക് തരുമോ?“ എന്ന് ചോദിക്കണെമെന്നുണ്ടായിരുന്നു. പിന്നെ, “ചേട്ടന് ആ അമ്മാമ്മയുടെ വായിലിരിക്കുന്നത് കേൾക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ?“ എന്ന സോനേടെ കളിയാക്കൽ പേടിച്ച് പറഞ്ഞില്ല.
എങ്കിലും അമ്മാമ്മക്ക് അന്തസ്സായി ജീവിക്കാനുള്ളത് ഈ തൊണ്ണൂറിന്റെ ആസ്പാസിലും ഉണ്ടാക്കുന്നു എന്നത് എന്നെ വീണ്ടും വീണ്ടും അതിയശിപ്പിക്കുന്നു.
ഒരിടത്തൊരു കൃഷിക്കാരനുണ്ടായിരുന്നു, ഒരു കഴുതയും.
നല്ല പ്രായത്ത് കഴുത ഒരു പുലിയും ഏത് ജോലിയും സ്മാര്‍ട്ടായി ചെയ്യുന്നവനുമായിരുന്നു. പക്ഷെ, പ്രായം കൂടിയതോടെ കഴുതയുടെ പിക്കപ്പ് കുറഞ്ഞ്, ‘വേണമെങ്കില്‍ ആവാം.. നിര്‍ബന്ധം ഇല്ല!’ എന്ന റോളിലായി.
അങ്ങിനെയിരിക്കെ ഒരുദിവസം കഴുത എന്തോ ആലോചിച്ച് പറമ്പിലൂടെ നടക്കവേ പറമ്പിലെ കൊക്കരണിയില്‍ നിന്നൊരു അപശബ്ദം കേള്‍ക്കുകയും, എന്താദ്?? എന്ന് താഴേക്ക് നോക്കിയപ്പോള്‍ ബാലന്‍സ് പോയി അതില്‍ വീഴുകയും ചെയ്തു.
കഴുതയുടെ നിലവിളി കേട്ട്, ഓടി വന്ന കര്‍ഷകന്‍,
“ആള്‍ക്കാരെ വിളിച്ചുകൂട്ടി കഴുതയെ പൊക്കിയെടുത്തിട്ട് എന്നാത്തിനാ?“ എന്നോര്‍ക്കുകയും, ഒരു പത്ത് ലോഡ് മണ്ണടിച്ച് കൊക്കരണിയങ്ങ് മൂടിയാല്‍ ഒരു കടിക്ക് രണ്ട് പീസ് എന്ന രീതിയില്‍ കൊക്കരണിയും നിറഞ്ഞ് കിട്ടും, കഴുതയുടെ കത്തിക്കലും കഴിഞ്ഞ് കിട്ടും എന്ന് ലോജിക്കലി തീരുമാനിക്കുകയും ചെയ്തു.
പാവം കഴുത; സംഗതി ഒന്നും മനസ്സിലാവാതെ, ‘യജമാനന്‍ എന്നെ മുകളിലേക്ക് കയറ്റാനുള്ള സെറ്റപ്പ് ഇപ്പ ചെയ്യും.. ഇപ്പ ചെയ്യും..’ എന്നും പ്രതീക്ഷിച്ച് കിണറ്റില്‍ നില്‍ക്കുകയാണ്.
എകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കഴുതയുടെ മേലേക്ക് കുറെ മണ്ണ് വന്ന് വീണു. കഴുത ഞെട്ടിപ്പോയി!
“വാട്ടീസ് ദിസ്?”
കഴുതക്കൊന്നും മനസ്സിലായില്ല.
അപ്പോള്‍ വീണ്ടും കുറെ മണ്ണും കൂടി വീണു! അങ്ങിനെ വീണ്ടും വീണ്ടും...!! അപ്പോഴേക്കും കഴുതക്ക് പതുക്കെ പതുക്കെ കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ മനസ്സിലായി.
‘രാവും പകലും വെയിലും മഴയും രാമാനന്ദ സാഗറിന്റെ സീരിയലും ചിത്രഹാറും നോക്കാതെ ഇത്രേം കാലം നിങ്ങള്‍ക്ക് വേണ്ടി പണി ചെയ്ത എന്നോട്....!’ എന്ന് ഗദ്ഗദിച്ച് തകര്‍ന്നു തരിപ്പണമായ ഹൃദയത്തോടെ കഴുത മുകളിലേക്ക് നോക്കി.
മണ്ണ് മഴ!
പൊടുന്നനെ കഴുതക്കൊരു ഐഡിയ തോന്നി, ആവേശവും.
‘നെവര്‍ ഗിവപ്പ്!’
പിന്നെ വന്ന മണ്ണ് ലോഡ് മേല്‍ വീഴാതെ കഴുത കിണറിന്റെ സൈഡിലേക്ക് മാറി നിന്നു.
അങ്ങിനെയങ്ങിനെ ഒഴിഞ്ഞൊഴിഞ്ഞ് നിന്ന് മണ്‍കൂനയില്‍ കയറി മാറി കയറി മാറി വന്നപ്പോള്‍ കഴുതക്കൊരു കാര്യം മനസ്സിലായി, ഞാന്‍ കിണറിന്റെ മുകളിലേക്ക് പോകുന്നു എന്ന സത്യം.
അങ്ങിനെ പതിയെ കഴുത കരക്കെത്തി.
മുകളിലെത്തിയ കഴുതയെ അത്ഭുതത്തോടെ നോക്കിനിൽക്കുന്ന യജമാനനെ കഴുത ‘പോടാ ചെക്കാ! നീയൊന്നും വിചാരിച്ചാൽ എന്നെ തോല്പിക്കാനാവില്ല. തോൽക്കാൻ ഞാൻ രണ്ടാമത് ജനിക്കണം!‘ എന്ന ഭാവത്തിൽ ഒരു ചെരിഞ്ഞൊരു നോട്ടം നോക്കി ഒരു മിനിറ്റോളം അവിടെ നിന്ന് പുറത്തേക്ക് നടന്നകന്നു.
ഈ അമ്മാമ്മക്ക് ഇങ്ങിനെ ഒരു കഥയുണ്ടോ പറയാൻ എന്നെനിക്കറിയില്ല. പക്ഷെ, ആരെങ്കിലുമൊക്കെ അങ്ങട് വിചാരിച്ചാൽ, കുറച്ച് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് അങ്ങ് മൂടിക്കളയാൻ പറ്റാത്ത ജനുസ്സിൽ പെട്ട മനുഷ്യരെക്കാണുമ്പോൾ എന്നും ഒരു ആരാധന തോന്നാറുണ്ട്.
26/05/2009
